X

74ന്റെ അതിജീവനവും പ്രായോഗികതയും-സുഫ്‌യാന്‍ അബ്ദുസ്സലാം

ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് 74 സംവത്സരങ്ങള്‍ പിന്നിട്ട മാര്‍ച്ച് 10 ന് തന്നെയായിരുന്നു ഉത്തര്‍പ്രദേശ് അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ഫലവും പുറത്തുവന്നത്. അഞ്ചെണ്ണത്തില്‍ പഞ്ചാബ് ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ നിന്ന് പുറത്തുവന്ന ഫലങ്ങള്‍ മതനിരപേക്ഷ ഇന്ത്യയുടെ ഭാവിയെ കുറിച്ച് കൂടുതല്‍ ആശങ്കകള്‍ ജനിപ്പിച്ചിരിക്കുകയാണ്. ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പുകള്‍ എക്കാലവും രാജ്യത്ത് ചര്‍ച്ചയാവാറുണ്ട്. ഉത്തര്‍പ്രദേശിലെ മതനിരപേക്ഷ കക്ഷികളും മുസ്‌ലിം സമുദായവും ഒറ്റക്കെട്ടായി നിന്നിരുന്ന കാലങ്ങളില്‍ ആര്‍.എസ്.എസിനോ ജനസംഘത്തിനോ ബി.ജെ.പിക്കോ അവിടെ ഒരു സ്വാധീനവും ഉണ്ടാക്കാന്‍ സാധിച്ചിരുന്നില്ല. 1991 ല്‍ രാമജന്മഭൂമി പ്രധാന അജണ്ടയാക്കി രഥയാത്രകള്‍ സംഘടിപ്പിച്ചാണ് ആദ്യമായി ബി.ജെ.പി കല്യാണ്‍സിംഗിന്റെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്നത്. വര്‍ഗീയ ധ്രുവീകരണം വഴി നേടിയെടുത്ത വിജയം ബി.ജെ.പിയെ ഉന്മത്തരാക്കി. അതിന്റെ ഫലമായി 1992 ല്‍ അവര്‍ ബാബരി മസ്ജിദ് തകര്‍ത്തു. അത് രാജ്യത്തിന്റെ മറ്റുഭാഗങ്ങളിലും വര്‍ഗീയ ചേരിതിരിവുകള്‍ക്ക് കാരണമായപ്പോള്‍ അത് ബി.ജെ.പിയുടെ വളര്‍ച്ചക്ക് ഉപകരിച്ചു.

ബാബരി മസ്ജിദ് ഇന്ന് ചരിത്രത്തിന്റെ തിരശീലക്ക് പിറകിലേക്ക് മാറിക്കഴിഞ്ഞു. മുസ്‌ലിം സമുദായമാവട്ടെ, ഉത്തര്‍പ്രദേശില്‍ കഠിനമായ പരീക്ഷണങ്ങള്‍ നേരിട്ടുകൊണ്ട് കാലങ്ങളായി കഴിച്ചുകൂട്ടുകയാണ്. പക്ഷേ ബാബരി ധ്വംസനം കഴിഞ്ഞ് 30 വര്‍ഷം പിന്നിട്ട് 2022 ല്‍ എത്തിനില്‍ക്കുമ്പോഴും മുസ്‌ലിം സമുദായം അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്കും മതേതര സമൂഹങ്ങളുടെ ആശങ്കക്കും ഇനിയും രാഷ്ട്രീയ പരിഹാരമുണ്ടാക്കാന്‍ ആര്‍ക്കും സാധിക്കുന്നില്ല എന്നത് അത്യന്തം വേദനാജനകമാണ്. ഉത്തര്‍പ്രദേശില്‍ ബി.ജെ.പിയെയും സംഘപരിവാര്‍ ശക്തികളെയും പിടിച്ചുകെട്ടാന്‍ അവിടെയുള്ള മതനിരപേക്ഷ കക്ഷികളും മുസ്‌ലിം സമുദായവും ചിന്തിക്കുകയും വ്യക്തമായ ആസൂത്രണത്തോടെ പ്രവര്‍ത്തിക്കുകയും ചെയ്താല്‍ സാധ്യമാകുന്നതാണ് എന്ന കാര്യത്തില്‍ സംശയമില്ല. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മുസ്‌ലിംകള്‍ അധിവസിക്കുന്ന സംസ്ഥാനമാണ് യു.പി നാലു കോടിയോളം മുസ്‌ലിംകളുള്ള യു.പിയില്‍ മുസ്‌ലിംകള്‍ 20 ശതമാനമാണ്. കേരള സംസ്ഥാനം രൂപം കൊള്ളുന്ന സമയത്ത് കേരളത്തില്‍ 17.5 ശതമാനം മാത്രമായിരുന്നു മുസ്‌ലിംകള്‍. വളരെ ന്യൂനപക്ഷം മുസ്‌ലിംകള്‍ ഉണ്ടായിരുന്ന കേരളത്തില്‍ ആര് ഭരണം നടത്തണം എന്ന് തീരുമാനിച്ചിരുന്നത് മുസ്‌ലിംലീഗായിരുന്നു എന്നത് ഉത്തരേന്ത്യയിലെ മുസ്‌ലിം സമുദായം വിശകലനം ചെയ്ത് പഠിക്കേണ്ട കാര്യമാണ്. 1979 ല്‍ കേരളത്തില്‍ ഒരു മുസ്‌ലിംലീഗുകാരന്‍ മുഖ്യമന്ത്രിയാകുമ്പോള്‍ കേരളത്തില്‍ 20 ശതമാനം മാത്രമായിരുന്നു മുസ്‌ലിംകള്‍. അതായത് ഇപ്പോള്‍ യു.പിയിലെ മുസ്‌ലിം സമുദായത്തിന്റെ അത്രയുമായിരുന്നു അന്ന് കേരളത്തിലെ മുസ്‌ലിംകളുടെ ശതമാനം. വര്‍ഗീയതയോ തീവ്രവാദമോ ഒന്നുമില്ലാതെ കേരളത്തിലെ മുഴുവന്‍ ജനസമൂഹങ്ങളുടെയും വിശ്വാസ്യത ആര്‍ജിച്ചുകൊണ്ടും ഇതര രാഷ്ട്രീയ ശക്തികളുമായി യോജിച്ചുനിന്നുകൊണ്ടുമാണ് കേരളത്തില്‍ മുസ്‌ലിം സമുദായത്തിന് ലീഗ് അഭിമാനകരമായ അസ്തിത്വം നേടിക്കൊടുത്തത്.

ഇവിടെയാണ് 1948 മാര്‍ച്ച് 10 പ്രസക്തമായിത്തീരുന്നത്. വിഭജനാനന്തര ഭാരതത്തിലെ അവശേഷിക്കുന്ന മുസ്‌ലിംകള്‍ക്ക് ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ ചോദിച്ചുവാങ്ങാനും അവ സംരക്ഷിക്കാനും അഭിമാനത്തോടെയും ഇസ്സത്തോടെയും ജീവിക്കാനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കാനും ഒരു സംഘടന അനിവാര്യമാണെന്ന മുസ്‌ലിം നേതാക്കളുടെ ബോധ്യമാണ് അന്ന് മദിരാശിയിലെ രാജാജി ഹാളില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് എന്ന പ്രസ്ഥാനത്തിന്റെ പിറവിക്ക് കാരണമായത്. മുസ്‌ലിംലീഗിന് ഇന്ത്യയില്‍ ഇനി പ്രസക്തിയില്ലെന്ന തെറ്റായ ധാരണ സമൂഹത്തില്‍ പലരും പ്രചരിപ്പിക്കുകയും അത് വളര്‍ന്നുവലുതാകുകയും ചെയ്തിരുന്നു. എന്നാല്‍ കേരളത്തില്‍, വിശിഷ്യാ മലബാറിലെ മുസ്‌ലിംകള്‍ മുസ്‌ലിംലീഗ് എന്ന പ്രസ്ഥാനത്തിന്റെ ആവശ്യകത മനസ്സിലാക്കിയിരുന്നു.

മതവിഷയങ്ങളിലെ സ്വാഭാവികമായ അഭിപ്രായവ്യത്യാസങ്ങളെ നിലനിര്‍ത്തിക്കൊണ്ടുതന്നെ ഒരു സമുദായം എന്ന നിലക്ക് ഐക്യപ്പെടാന്‍ ഉദാത്തമായ സാമുദായികചിന്തയും മുസ്‌ലിംലീഗ് ഉയര്‍ത്തിപ്പിടിച്ച രാഷ്ട്രീയബോധവും സമുദായത്തെ പ്രാപ്തമാക്കി. പതിറ്റാണ്ടുകളുടെ പ്രയത്‌നങ്ങള്‍ക്കൊടുവില്‍ ആദ്യമായി 1935 ല്‍ കേരളത്തില്‍ മുസ്‌ലിംലീഗ് പിറക്കുമ്പോള്‍ എങ്ങനെയായിരിക്കണം മുസ്‌ലിം രാഷ്ട്രീയം എന്നതിനെ കുറിച്ചുള്ള വ്യക്തമായ കാഴ്ചപ്പാട് രൂപപ്പെട്ടിരുന്നു. പിന്നീട് സ്വാതന്ത്ര്യത്തിനും വിഭജനത്തിനും ശേഷം 1948 ല്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് രൂപം കൊള്ളുകയും കേരളരാഷ്ട്രീയത്തില്‍ സാന്നിധ്യം തെളിയിച്ചുകൊണ്ട് മുമ്പോട്ട് കുതിക്കുകയും ചെയ്തു.

മുസ്‌ലിംലീഗ് കേരളത്തിന് സമ്മാനിച്ച ഏറ്റവും ശക്തമായ കാഴ്ചപ്പാട് മുന്നണിരാഷ്ട്രീയമാണ്. മുന്നണി രാഷ്ട്രീയം വിധേയത്വമല്ല, മറിച്ച് പ്രായോഗിക രാഷ്ട്രീയത്തിന് ആവശ്യമായ ഒരു ആയുധമാണെന്നാണ് മുസ്‌ലിംലീഗ് കരുതിവന്നത്. മുന്നണി രാഷ്ട്രീയം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ രാഷ്ട്രീയ നിരീക്ഷകരുടെ മനസിലേക്ക് ഓടിവരുന്നത് മുസ്‌ലിംലീഗും ബാഫഖി തങ്ങളുമാണ്. 1957 മുതലുള്ള സംസ്ഥാനത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ആദ്യ പത്തുവര്‍ഷക്കാലം കോണ്‍ഗ്രസിന്റെയും പി.എസ്.പിയുടെയും കൂടെ നിന്ന് ഒരു ജനാധിപത്യ മതനിരപേക്ഷ സര്‍ക്കാരിന് വേണ്ടി മുസ്‌ലിംലീഗ് പ്രവര്‍ത്തിച്ചിട്ടും മുസ്‌ലിംലീഗിനെ മന്ത്രിസഭയിലെടുക്കാന്‍ കൂട്ടാക്കിയിരുന്നില്ല. അതിന്റെപേരില്‍ ആത്മഹത്യാപരമായ നിലപാട് ആയിരുന്നില്ല ലീഗ് സ്വീകരിച്ചത്. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഒരു മുന്നണിയാണ് ഇന്ത്യയും കേരളവും ഭരിക്കാന്‍ ഏറ്റവും ഉചിതമെന്ന ആത്മാര്‍ത്ഥമായ അഭിപ്രായമായിരുന്നു ലീഗിനുണ്ടായിരുന്നത്. എന്നാല്‍ പത്തുവര്‍ഷക്കാലം മന്ത്രിസഭയിലെടുക്കാതെ വന്നപ്പോള്‍ സി.പി.എം നേതൃത്വം നല്‍കുന്ന മുന്നണിയുമായി മുസ്‌ലിംലീഗ് ബന്ധം സ്ഥാപിക്കുകയും അതുവഴി മന്ത്രിസഭയില്‍ എത്തിച്ചേരുകയും ചെയ്തു. സി.പി.എമ്മുമായി രാഷ്ട്രീയ സഖ്യം രൂപീകരിക്കുന്നത് തെറ്റായ കാര്യമല്ലെന്ന് മുസ്‌ലിംലീഗ് നേതാവ് എന്‍.വി.അബ്ദുസ്സലാം മൗലവി ഉപദേശം നല്‍കിയത് മുന്നണി രാഷ്ട്രീയം ഒരു വിധേയത്വമല്ല, കാര്യങ്ങള്‍ പ്രായോഗികമായി നേടിയെടുക്കുവാനുള്ള മിനിമം പരിപാടികളുടെ അടിസ്ഥാനത്തിലുള്ള ബന്ധം മാത്രമാണ് എന്ന് ബോധ്യമുള്ളതുകൊണ്ടായിരുന്നു.

മതനിരപേക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ വിശ്വാസ്യത നേടിയെടുക്കുന്ന തരത്തിലേക്ക് മുസ്‌ലിം സാമുദായിക രാഷ്ട്രീയം പക്വത പ്രാപിച്ചെങ്കില്‍ മാത്രമേ പ്രായോഗികമായി മുസ്‌ലിം സമുദായത്തിന് ഗുണം ചെയ്യാനും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും സാധിക്കുകയുള്ളൂ. ഏതെങ്കിലും ഒരു സംസ്ഥാനത്ത് നടക്കുന്ന തിരഞ്ഞെടുപ്പില്‍ ഒരു മുന്നാലോചനയുമില്ലാതെ പെട്ടെന്ന് നാമനിര്‍ദ്ദേശപത്രിക നല്‍കുന്നതല്ല പ്രായോഗികരാഷ്ട്രീയം. ഒരു പാര്‍ട്ടി രൂപീകരിച്ച് എല്ലാ സമുദായമക്കളും പ്രസ്തുത പാര്‍ട്ടിക്ക് വോട്ട് ചെയ്യണം എന്നുപറഞ്ഞതുകൊണ്ട് മാത്രം ആരും ആ പാര്‍ട്ടിക്ക് വോട്ട് ചെയ്യാന്‍ പോകുന്നില്ല. അതിന് സമുദായമക്കളില്‍ സാമുദായിക രാഷ്ട്രീയ ബോധം വളര്‍ത്തുകയും അതിലൂടെ രൂപപ്പെട്ടുവരുന്ന പാര്‍ട്ടിയെ സംസ്ഥാനത്തെ പ്രബല മതനിരപേക്ഷ കക്ഷികളുമായി യോജിപ്പിക്കുന്ന മുന്നണി രാഷ്ട്രീയവും അനിവാര്യമാണ്. ഇപ്പോള്‍ വെച്ച വാഴ ഇപ്പോള്‍ തന്നെ കുലക്കണം എന്ന് ശഠിച്ചതുകൊണ്ട് കാര്യമില്ല. ഓരോ പ്രദേശങ്ങളിലും മുസ്‌ലിം സാമുദായിക രാഷ്ട്രീയത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തുന്ന, അതാത് പ്രദേശങ്ങളിലെ ഭാഷ സംസാരിക്കുന്നവരായ, ജനങ്ങളെ ഉല്‍ബുദ്ധരാക്കാന്‍ സാധിക്കുന്ന വ്യക്തിത്വങ്ങള്‍ ഉണ്ടാവേണ്ടതുണ്ട്. എന്നാല്‍ അത്തരം നേതാക്കളെ കേള്‍ക്കാന്‍ തയ്യാറായ ഒരു സമൂഹം ഉണ്ടാവണമെങ്കില്‍ നവോത്ഥാനത്തിന്റെ മുഴുവന്‍ പ്രക്രിയകളും ആ സമൂഹത്തില്‍ വേരോടേണ്ടതുണ്ട്. കാര്യങ്ങള്‍ കേള്‍ക്കാനും ചിന്തിക്കാനും തയ്യാറുള്ള ഒരു മുസ്‌ലിം സമൂഹം കേരളത്തില്‍ വളര്‍ന്നുവന്നതുകൊണ്ടാണ് മുസ്‌ലിം സാമുദായിക രാഷ്ട്രീയത്തിന് ഇത്രമേല്‍ സ്വാധീനം കേരള രാഷ്ട്രീയ ഭൂമികയിലുണ്ടായത്.

മതനിരപേക്ഷ രാഷ്ട്രീയകക്ഷികള്‍ക്കും ഇതില്‍ വലിയ ഉത്തരവാദിത്വമുണ്ട്. ഉത്തര്‍പ്രദേശും ഇതര സംസ്ഥാനങ്ങളും നല്‍കുന്ന പാഠമതാണ്. ഇന്ത്യയെ കാര്‍ന്നുതിന്നുന്ന ഫാസിസ്റ്റ് വര്‍ഗീയ ശക്തികളെ തുരത്താന്‍ മതനിരപേക്ഷതയില്‍ വിശ്വസിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ മുന്നണികള്‍ രൂപീകരിച്ച് മത്സരിക്കുകയാണ് വേണ്ടത്. ഒറ്റക്ക് നിന്ന് ജയിക്കാന്‍ വേണ്ടിയുള്ള യുദ്ധത്തില്‍ വിജയിക്കുന്നത് രാജ്യത്തിന്റെ തന്നെ ശത്രുക്കളാണെന്ന തിരിച്ചറിവ് ഇനിയും ഉണ്ടാവുന്നില്ലെങ്കില്‍ ഓരോ പാര്‍ട്ടികളും ‘പൊടി പോലുമില്ല കണ്ടുപിടിക്കാന്‍’ എന്ന അവസ്ഥയിലേക്ക് കൂപ്പുകുത്തും എന്ന കാര്യത്തില്‍ സംശയമില്ല. 1948 മാര്‍ച്ച് 10 ന് മുസ്‌ലിംലീഗ് രൂപീകരണയോഗത്തില്‍ അവതരിപ്പിച്ച മൂന്നാം പ്രമേയത്തില്‍ വ്യക്തമാക്കുന്ന കാര്യങ്ങള്‍ ഇന്ത്യയിലെ എല്ലാ മതനിരപേക്ഷ പ്രസ്ഥാനങ്ങളും വായിച്ചു പഠിക്കേണ്ടതാണ്. ‘രാജ്യത്തിലെ വിവിധ ജനവിഭാങ്ങളുടെയിടയില്‍ പരസ്പരം വിശ്വാസവും സന്മനസ്സും ഐക്യവും വളര്‍ത്തിക്കൊണ്ടുവരുന്നതിലും ക്ഷേമത്തിലേക്കും സൗഖ്യത്തിലേക്കും ഉള്ള ജനങ്ങളുടെ ഗമനത്തെ ത്വരിതപ്പെടുത്തുന്നതിലും മുസ്‌ലിംലീഗ് കൂറോടെ പരിശ്രമിക്കും. വിവിധ സമുദായങ്ങള്‍ക്കിടയില്‍ ഐക്യവും സമാധാനവും പാലിക്കാന്‍ മറ്റു സംഘടനകളും കക്ഷികളുമായും കഴിയുന്ന എല്ലാ വിധത്തിലും സഹകരിക്കുവാന്‍ ഈ യോഗം മുസ്‌ലിംകളോട് അഭ്യര്‍ത്ഥിച്ചു കൊള്ളുന്നു.’. 74 വര്‍ഷം മുമ്പ് മുസ്‌ലിംലീഗ് മുമ്പോട്ടുവെച്ച അതിജീവന ചിന്തകളും പ്രയോഗികരാഷ്ട്രീയവും ഇന്നും പ്രസക്തവും പ്രായോഗികവുമാണ്.

Test User: