വേനല്‍ കടുത്തതോടെ ഇടുക്കി, മുല്ലപ്പെരിയാര്‍ ഡാമുകളിലെ ജലനിരപ്പ് താഴ്ന്നു. ഇടുക്കിയിലെ ജലനിരപ്പ് 2335അടിയാണ്. സംഭരണ ശേഷിയുടെ 34 ശതമാനം മാത്രം വെള്ളമാണുള്ളത്. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതിനൊപ്പം മൂലമറ്റത്തെ വൈദ്യുതോല്പാദനം ഗണ്യമായി ഉയര്‍ത്തിയതും ജലനിരപ്പ് താഴാന്‍ കാരണമായി. ചൂട് കൂടിയതോടെ സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം ഉയര്‍ന്നതിനാല്‍ ഉല്‍പാദനം വര്‍ധിപ്പിക്കേണ്ടി വന്നു. ആദ്യഘട്ടത്തില്‍ വേനല്‍ മഴ ലഭിച്ചെങ്കിലും വൃഷ്ടി പ്രദേശങ്ങളില്‍ മഴയില്ല. ലോവര്‍പെരിയാര്‍, കല്ലാര്‍കുട്ടി, ആനയിറങ്കല്‍ തുടങ്ങിയ ഡാമുകളിലും ജലനിരപ്പ് താഴുകയാണ്.
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 116 അടിയിലേക്ക് താഴ്ന്നു. കനത്ത മഴയെ തുടര്‍ന്ന് ഡിസംബര്‍ അവസാനം അണക്കെട്ടിലെ ജലനിരപ്പ് സുപ്രീംകോടതി നിശ്ചയിച്ച 142 അടി എത്തിയിരുന്നു. വേനല്‍മഴ ലഭിക്കാതിരിക്കുകയും തമിഴ്‌നാട് വെള്ളം തുടര്‍ന്നും കൊണ്ടുപോവുകയും ചെയ്താല്‍ ജലനിരപ്പ് വീണ്ടും ക്രമാതീതമായി കുറയും. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സീറോ ലെവലില്‍നിന്നും 104 അടി ഉയരത്തിലാണ് തേക്കടി ഷട്ടറിന് സമീപത്ത്‌നിന്നും തമിഴ്‌നാട്ടിലേക്ക് വെള്ളം കൊണ്ടുപോകുന്ന ഭൂഗര്‍ഭ ടണല്‍ നിര്‍മിച്ചിട്ടുള്ളത്. ജലനിരപ്പ് 104 അടിയിലേക്ക് താഴ്ന്നാല്‍ തമിഴ്‌നാട്ടിലേക്ക് വെള്ളം കൊണ്ടുപോകാന്‍ കഴിയില്ല.ജലനിരപ്പ് കുറയുന്നതോടെ നിലവിലെ ബോട്ട് ജെട്ടിയില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെ താല്‍ക്കാലിക ബോട്ട്‌ജെട്ടി നിര്‍മിച്ചില്ലെങ്കില്‍ സവാരിയെ പ്രതികൂലമായി ബാധിക്കും. പത്തുവര്‍ഷം മുമ്പ് വരെയും ജലനിരപ്പ് കുറയുമ്പോള്‍ താല്‍ക്കാലിക ബോട്ട് ജെട്ടി നിര്‍മിച്ചിരുന്നു.
വേനല്‍ കടുത്തതും ജലനിരപ്പ് കുറയുകയും ചെയ്തതോടെ വനത്തിന്റെ ഉള്‍പ്രദേശങ്ങളില്‍ ചെറിയ അരുവികളും നീര്‍ച്ചാലുകളും കുളങ്ങളും വറ്റിവരണ്ടതിനാല്‍ മൃഗങ്ങള്‍ വെള്ളം കുടിക്കുന്നതിന് തടാകതീരത്ത് കൂട്ടമായി എത്തുന്നത് പതിവ് കാഴ്ചയാണ്.ജലനിരപ്പ് കുറഞ്ഞതോടെ വെള്ളം വ്യാപിച്ചുകിടക്കുന്ന പ്രദേശത്തിന്റെ അളവ് കുറഞ്ഞു. വേനലില്‍ വെള്ളം കുടിക്കുന്നതിനായി ആന, കാട്ടുപോത്ത്, മ്ലാവ്, ചെന്നായ്ക്കള്‍, പന്നി എന്നിവ വെള്ളം കുടിക്കാന്‍ എത്തുന്നത് ബോട്ട് സവാരി നടത്തുന്ന വിനോദസഞ്ചാരികളെ ഏറെ സന്തോഷിപ്പിക്കുന്നതാണ്. അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നു നില്‍ക്കുന്ന ഘട്ടത്തില്‍ ബോട്ട് സവാരിക്കിടെ വന്യമൃഗങ്ങളെ കാണാന്‍ കഴിയാത്ത സാഹചര്യം പലപ്പോഴും ഉണ്ടാവും.