മലപ്പുറം കുന്നുമ്മലില്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് മുന്നിലുള്ള മതിലില്‍ വരച്ച ചിത്രങ്ങളാണ് ഇടതുപക്ഷ സംഘടനയുടെ ആളുകള്‍ മായ്ച്ചുകളഞ്ഞത്. നവംബര്‍ 29 മുതല്‍ ഡിസം 3 വരെ കേരള ലളിതകലാ അക്കാദമിയും ദേശാഭിമാനിയും ചേര്‍ന്ന് മലപ്പുറത്ത് സംഘടിപ്പിച്ച ‘സ്ട്രീറ്റ് ആര്‍ട്ട്’ ക്യാമ്പിന്റെ ഭാഗമായി മലപ്പുറം കുന്നുമ്മലില്‍ കെഎസ്ആര്‍ടിസി ബസ്സ്റ്റാന്റിന് മുന്നിലുള്ള മതിലില്‍ കലാകാരന്മാര്‍ വരച്ച ചിത്രങ്ങളാണ് ഇടതുപക്ഷ സംഘടനയുടെ ആളുകള്‍തന്നെ മായ്ച്ചുകളഞ്ഞത്. ഒരുമാസംപോലും തികയും മുമ്പ് അത് മായ്ച്ചുകളയുകയായിരുന്നു. മലപ്പുറത്തിന്റെ സാസ്‌കാരികവും രാഷ്ട്രീയവും സാമൂഹികവും ചരിത്രപരവുമായ അടയാളപ്പെടുത്തലുകളായിരുന്നു ആ ചിത്രങ്ങള്‍. കലാസ്വാദന, കാഴ്ചാനുഭവ രീതികള്‍ക്ക് പുതിയകാഴ്ചകള്‍ പരിചയപ്പെടുത്തുക കൂടിയായിരുന്നു സ്ട്രീറ്റ് ആര്‍ട്ട്. മുക്താര്‍ ഉദരംപൊയിലും ദിനേശ് പി ജിയും കെ എം നാരായണനും ഗ്രീഷ്മ സിയും വരച്ച ചിത്രങ്ങളാണ് മായ്ച്ചുകളഞ്ഞത്.
സമ്മേളന ചുമരെഴുത്തിന് പറ്റിയ ഇടമെന്ന നിലക്ക് അത് മായ്ക്കപ്പെടുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു, അതിത്ര പെട്ടെന്നാവുമെന്ന് കരുതിയില്ല. ആ ചിത്രങ്ങള്‍ അവിടെ നിലനിര്‍ത്തിക്കൊണ്ടു തന്നെ അവര്‍ക്ക് അവരുടെ ചുമരെഴുത്തിന് സാധ്യതകളുണ്ടായിരുന്നു. ”മലപ്പുറത്തെ കലാ- സാംസ്‌കാരിക അവബോധത്തിന്റെ കൂടെ ആവശ്യമായിരുന്നു. പക്ഷേ, പറയിപ്പിച്ചു കളഞ്ഞല്ലോ…ഇവര്‍ക്കൊക്കെ എങ്ങനെയിത് സാധിക്കുന്നു എന്നതിലാണ് സങ്കടം. കുറച്ചൂടെ കലാ സാംസ്‌കാരിക രാഷ്ട്രീയാവബോധം എന്‍ജിഒ യൂണിയനില്‍ നിന്ന് പ്രതീക്ഷിച്ചുപോയത് ഞങ്ങളുടെ പിഴ.
നാലു കലാകാരന്മാരുടെ അഞ്ചു ദിവസത്തെ അധ്വാനം മാത്രമായിരുന്നില്ല അത്. ഒരു ആര്‍ട് വര്‍ക്കിന് ചുമരെഴുത്തിന്റെ വില പോലും കാണിച്ചില്ലല്ലോ, സുഹൃത്തുക്കളേ..”മുക്താര്‍ ഫെയ്‌സ്ബുക്കില്‍ വേദന പങ്കുവെച്ചതിങ്ങനെ.
ആവിഷ്‌കാരസ്വാതന്ത്ര്യത്തെക്കുറിച്ച് നാഴികക്ക് നാല്‍പത് വട്ടം പറയുകയും എഴുതുകയും ചെയ്യുന്നവര്‍ തന്നെയാണ് ഈ ക്രൂരത ചെയ്തത്.