X

സ്‌പെയ്‌നും ജര്‍മനിയും നേര്‍ക്കുനേര്‍; ഖത്തറില്‍ ഇന്ന് തീ പാറും

ഇന്നത്തെ യഥാര്‍ത്ഥ മല്‍സരം അല്‍ ബൈത്തില്‍ പുലര്‍ച്ചെയാണ്. ഏഴ് ഗോളിന് കോസ്റ്റാറിക്കയെ തകര്‍ത്ത സ്‌പെയിനും ജപ്പാന് മുന്നില്‍ 2-1ന് തല താഴ്ത്തിയ ജര്‍മനിയും നേര്‍ക്കുനേര്‍. സ്‌പെയിനില്‍ സമ്മര്‍ദ്ദമില്ല. പക്ഷേ ഹാന്‍സി ഫ്‌ളിക്കിന്റെ ജര്‍മനിക്ക് ജയിക്കണം. ഗ്രൂപ്പ് ഇ യില്‍ അവരിപ്പോള്‍ മൂന്നാമതാണ്. സ്‌പെയിന്‍ കഴിഞ്ഞാല്‍ ജപ്പാനാണ്. യൂറോപ്യന്‍ ക്ലബ് ഫുട്‌ബോളില്‍ സമീപകാലത്ത് എപ്പോഴെല്ലാം ബയേണ്‍ മ്യുണിച്ചും (ജര്‍മനി) ബാര്‍സിലോണയും (സ്‌പെയിന്‍) മുഖാമുഖം വന്നിട്ടുണ്ടോ, അത്തരം മല്‍സരങ്ങളില്‍ വലിയ വിജയം ജര്‍മന്‍ ക്ലബിനായിരുന്നു. അത് ക്ലബ് ഫുട്‌ബോള്‍.

പക്ഷേ രാജ്യാന്തര ഫുട്‌ബോളിലേക്ക് വരുമ്പോള്‍ ലുയിസ് എന്റികെയുടെ സ്പാനിഷ് ടീം അപാര മികവിലാണ്. മെച്ചപ്പെട്ട പ്രകടനമാണ് അവര്‍ ആദ്യ മല്‍സരത്തില്‍ നടത്തിയത്. പെഡ്രിയും ടോറസും അസന്‍സിയോയുമെല്ലാം ആദ്യ മല്‍സരത്തില്‍ തന്നെ ഗോള്‍ വേട്ടക്കാരായി മാറി. ഈ യുവ സംഘത്തെ കീഴ്‌പ്പെടുത്തുക എന്നാല്‍ ജമാല്‍ അല്‍ മുസിയാലയും ഗുന്‍ണ്ടോഗനുമെല്ലാം അനുഭവക്കരുത്തരാണ്. മുന്‍നിരക്കാരന്‍ തോമസ് മുള്ളര്‍, നായകനും ഗോള്‍കീപ്പറുമായ ന്യൂയര്‍ തുടങ്ങിയവര്‍ക്കിത് അവസാന ലോകകപ്പാണ്. രണ്ട് ടീമുകളും പരമ്പരാഗത പ്രതിരോധ വക്താക്കളല്ല ഇപ്പോള്‍. അതിവേഗം കളിക്കുന്നു. എന്റികെ ഗോളുകളില്‍ മാത്രം വിശ്വാസമര്‍പ്പിക്കുമ്പോള്‍ അല്‍ ബൈത്തിലെ യൂറോപ്യന്‍ പൂരത്തില്‍ ഗോള്‍കീപ്പര്‍മാര്‍ക്കാവും വലിയ ജോലി.

Test User: