X

അവകാശ പോരാട്ടങ്ങളുടെ ആറര പതിറ്റാണ്ട്-യു. പോക്കര്‍

സ്വതന്ത്ര തൊഴിലാളി യൂണിയന്‍ പ്രഥമ സംസ്ഥാന കമ്മിറ്റി നിലവില്‍ വന്നിട്ട് ആറര പതിറ്റാണ്ട് തികയുന്നു. 1957 മെയ് അഞ്ചിന് കോഴിക്കോട് വലിയങ്ങാടിയിലെ സ്വതന്ത്ര കൈവണ്ടി തൊഴിലാളി യൂണിയന്‍ ഓഫീസില്‍ വെച്ചാണ് ഇ.എസ്.എം ഹനീഫ ഹാജി പ്രസിഡന്റും കെ.എം ഹംസ ജന.സെക്രട്ടറിയും എന്‍.പി.സി ബാവ ട്രഷററുമായുള്ള പ്രഥമ സംസ്ഥാന കമ്മിറ്റി നിലവില്‍ വരുന്നത്. ആറര വര്‍ഷക്കാലത്തെ തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തനത്തില്‍ തൊഴിലാളികളുടെ നിരവധി അവകാശ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ എസ്.ടി.യുവിന് സാധിച്ചു.

1957ല്‍ സംസ്ഥാന കമ്മിറ്റി രൂപം കൊള്ളുന്നതിന് മുന്നേ തന്നെ സ്വാതന്ത്ര്യത്തിന്‌ശേഷം നേതാക്കള്‍ ഇട്ടേച്ച് പോയ മുസ്‌ലിം ലേബര്‍ യൂണിയനെ പുണരാന്‍ വിവിധ ഭാഗങ്ങളില്‍ തൊഴിലാളികള്‍ തയ്യാറായിരുന്നു. എന്നാല്‍ തൊഴിലാളികള്‍ സ്വതന്ത്രമായി സംഘടിക്കണമെന്നും തൊഴിലാളി സംഘടന രാഷ്ട്രീയ പാര്‍ട്ടികളുടെ ചട്ടുകമാകരുതെന്നും തൊഴിലാളികളുടെ ഡിമാന്റിന്റെ അടിസ്ഥാനത്തില്‍ സംഘടിക്കണമെന്നുമുള്ള കെ.എം സീതി സാഹിബിന്റെ ആശയത്തില്‍ നിന്നുമാണ് സ്വതന്ത്ര തൊഴിലാളി യൂണിയന്‍ എന്ന ആശയം രൂപം കൊള്ളുന്നത്. സംസ്ഥാന കമ്മിറ്റി രൂപീകരണത്തിന് മുന്നേതന്നെ സീതി സാഹിബിന്റെ ആശയം ഏറ്റെടുത്ത് വിവിധ സ്ഥലങ്ങളില്‍ സ്വതന്ത്ര തൊഴിലാളി യൂണിയനുകള്‍ രൂപം കൊണ്ടിരുന്നു. സ്വതന്ത്ര തൊഴിലാളി യൂണിയന്റെ ആദ്യത്തെ യൂണിയന്‍ ഘടകം രൂപീകൃതമാകുന്നത് 1954 ആഗസ്ത് ഒന്നിന് പാലക്കാട് ആറാം നമ്പര്‍ ബീഡി കമ്പനിയില്‍ ഇ.എസ്.എം ഹനീഫ ഹാജിയുടെയും കെ.എം ഹംസയുടെയും നേതൃത്വത്തിലാണ്. പിന്നീട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്വതന്ത്ര തൊഴിലാളി യൂണിയന്റെ വിവിധ ഘടകങ്ങള്‍ ആരംഭിച്ചു. ആറാം നമ്പര്‍ ബീഡി കമ്പനിയില്‍ നിന്നും ആരംഭിച്ച എസ്.ടി.യു ഇടപെടലുകള്‍ തൊഴിലാളി പക്ഷത്ത് ചേര്‍ന്നുള്ളതായിരുന്നു. കോഴിക്കോട് ആലത്ത് ഫാക്ട്ടറി തൊഴിലാളി സമരം, 1957 ലെ ബീഡി തൊഴിലാളി സമരം, 1957 ലെ കോഴിക്കോട് കൈവണ്ടി തൊഴിലാളി സമരം, ഫാറൂഖ് സോമില്‍ സമരം, കോഴിക്കോട് ഗുഡ്‌സ് ഷെഡ് സമരം, 1962ലെ വലിയങ്ങാടി സമരം, കണ്ണൂര്‍ ബീഡി തൊഴിലാളി സമരം, കല്ലൂര്‍ മലബാര്‍ പ്ലാന്റേഷന്‍ സമരം, പുതുപ്പാടി ഊലോട് എസ്റ്റേറ്റ് സമരം തുടങ്ങിയ സമരങ്ങള്‍ക്ക് ആദ്യകാലം തൊട്ടേ എസ്.ടി.യു നേതൃത്വം നല്‍കുകയും തൊഴിലാളികള്‍ക്ക് അനുകൂലമായ വിജയങ്ങള്‍ നേടിയെടുക്കുകയും ചെയ്തു.

തൊഴിലാളി പ്രശ്‌നങ്ങളില്‍ ഇടപെടുന്നതില്‍ രാഷ്ട്രീയമോ ഭരണമോ നോക്കാതെ മുന്നിട്ടിറങ്ങിയ ചരിത്രമാണ് എസ്.ടി.യുവിനുള്ളത്. അവസാനമായി കാസര്‍കോട് ഭെല്‍ ഇ.എം.എല്‍ കമ്പനിയില്‍ നൂറിലധികള്‍ തൊഴിലാളികള്‍ക്ക് മാസങ്ങളോളം ശമ്പളം മുടങ്ങുകയും പിന്നീട് സ്ഥാപനം അടച്ചിടുകയും ചെയ്ത ഘട്ടത്തില്‍ ദിവസങ്ങള്‍ നീണ്ട എസ്.ടി.യുവിന്റെ സമരങ്ങള്‍ സ്ഥാപനത്തിനകത്തും പുറത്തും അരങ്ങേറുകയും നിയമ പോരാട്ടങ്ങള്‍ നടത്തുകയും ചെയ്യുകയും അവസാനം സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനം ഏറ്റെടുത്ത് പ്രവര്‍ത്തനം ആരംഭിച്ചതും എസ്.ടി.യുവിന്റെ ശക്തമായ ഇടപെടല്‍ മൂലമാണ്. കോവിഡ് കാലത്ത് ഏറെ പ്രയാസപ്പെട്ട വിവിധ വിഭാഗം തൊഴിലാളികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വേണ്ടി മറ്റു തൊഴിലാളി പ്രസ്ഥാനങ്ങള്‍ക്ക് മാതൃകയാകുന്ന വിധം എസ്.ടി.യുവിന്റെ വിവിധ ഘടകങ്ങള്‍ കോവിഡ് ഭീതിയിലും ശബ്ദം ഉയര്‍ത്തിയതും ഏറെ ശ്രദ്ധ നേടിയിരുന്നു. ചുമട്ടു തൊഴിലാളി രംഗത്ത് നിരന്തരമായി കോടതി വിധികളിലൂടെയും പരാമര്‍ശങ്ങളിലൂടെയും തൊഴില്‍ മേഖലക്ക് കോട്ടംപറ്റുന്ന നില വരികയും ചുമട്ടു തൊഴിലാളി രംഗത്ത് തൊഴില്‍ നഷ്ടം വരാനിരിക്കുകയും ചെയ്തപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ചുമട്ടു തൊഴിലാളി നിയമം കാലാനുസൃതമായി പരിഷ്‌കരിക്കരണം എന്നാവശ്യപ്പെട്ട് മുന്നോട്ടുവന്ന തൊഴിലാളി പ്രസ്ഥാനം സ്വതന്ത്ര തൊഴിലാളി യൂണിയനാണ്. ചുമട്ടു തൊഴിലാളി നിയമം ഭേദഗതി വരുത്തുന്നതിന് സര്‍ക്കാര്‍ നടപടികള്‍ ആരംഭിക്കുകയും ചെയ്തു. സംസ്ഥാന സര്‍ക്കാര്‍ നോക്ക്കൂലി നിയമവിരുദ്ധമായി പ്രഖ്യാപിക്കുന്നതിന് മുന്നേ തന്നെ എസ്.ടി.യു നോക്ക്കൂലി സമ്പ്രദായത്തിനെതിരെ ശബ്ദം ഉയര്‍ത്തിയിരുന്നു. ഇത് എസ്.ടി.യുവിനെ മറ്റു തൊഴിലാളി പ്രസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമാക്കി. നിലവില്‍ സംസ്ഥാനത്തെ നാല്‍പ്പതിലധികം തൊഴില്‍ വിഭാഗങ്ങളില്‍ എസ്.ടി.യു പ്രവര്‍ത്തിക്കുന്നു.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ തൊഴിലാളി ദ്രോഹവും തൊഴിലാളി വിരുദ്ധവുമായി നയങ്ങള്‍ക്കെതിരെ എസ്.ടി.യു സ്വന്തമായും പ്രക്ഷോഭ രംഗത്തിറങ്ങുമ്പോള്‍ കേന്ദ്ര സര്‍ക്കാരിനെതിരെ സംയുക്ത തൊഴിലാളി സമര സമിതി നടത്തുന്ന പ്രക്ഷോഭങ്ങളില്‍ ഒരു ദശബ്ദത്തോളമായി എസ്.ടി.യുവും സംസ്ഥാനത്ത് സജീവമായി രംഗത്തുണ്ട്. എസ്.ടി.യു ദേശീയ കമ്മിറ്റി നിലവില്‍ വന്നതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഘടക കമ്മിറ്റികള്‍ രൂപീകരിക്കുകയും പാര്‍ലമെന്റ് മാര്‍ച്ചുകള്‍ അടക്കമുള്ള സമരങ്ങള്‍ സംഘടിപ്പിക്കാനും എസ്.ടി.യുവിന് സാധിച്ചു. മതനിരപേക്ഷതയോടെ സംഘടിക്കാനും സമരം ചെയ്യാനുമുള്ള തൊഴിലാളി വര്‍ഗത്തിന്റെ അവകാശങ്ങളെ എന്നന്നേക്കുമായി ഇല്ലാതാകുന്ന രാജ്യത്തെ കോര്‍പറേറ്റ് വര്‍ഗീയ ഫാസിസ്റ്റ് ഭരണകൂട ചെയ്തികളെ പ്രതിരോധിക്കാനും തൊഴിലാളി വര്‍ഗത്തിന്റെ പേര് പറഞ്ഞു അധികാരത്തില്‍ വന്ന് പ്രധാന പൊതുമേഖല സ്ഥാപനങ്ങളില്‍ അടക്കം തൊഴിലാളി ദ്രോഹ നയങ്ങള്‍ സ്വീകരിക്കുകയും ചെയ്യുന്ന സംസ്ഥാന സര്‍ക്കാരിനെതിരെയും തീഷ്ണമായ സമരപോരാട്ടങ്ങളല്ലാതെ മറ്റൊരു മാര്‍ഗവും എസ്.ടി.യുവിന് മുന്നിലില്ല.

(എസ്.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടിയാണ് ലേഖകന്‍)

Chandrika Web: