കോഴിക്കോട്: ഏക സിവില്‍കോഡിനെതിരെ മതേതര സമൂഹം ഒന്നിച്ച് നില്‍ക്കണമെന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ വിളിച്ചുചേര്‍ത്ത മുസ്ലിം സംഘടനാ നേതൃസമിതി യോഗം അഭ്യര്‍ത്ഥിച്ചു. ഏക സിവില്‍കോഡ് പ്രത്യേക സമുദായത്തെ മാത്രം ബാധിക്കുന്ന പ്രശ്നമല്ല. രാജ്യത്തിന്റെ സാമൂഹ്യ വ്യവസ്ഥയെ ബാധിക്കുന്ന ഭരണഘടനാ പ്രശ്നമാണ്. മതേതര വിശ്വാസികളെല്ലാം ഒന്നിച്ച് നിന്നാണ് ഏക സിവില്‍കോഡിനെതിരെ നീങ്ങേണ്ടത്. നൂറുകണക്കിന് ഗോത്രവര്‍ഗ്ഗ ജനവിഭാഗങ്ങളാണ് ഇതിനകം തന്നെ ഏക സിവില്‍കോഡിനെതിരെ രംഗത്തുവന്നിട്ടുള്ളത്. വിവിധ ജനവിഭാഗങ്ങളും മതവിശ്വാസങ്ങളും നിലനില്‍ക്കുന്ന രാജ്യത്ത് ഏക സിവില്‍കോഡ് നടപ്പിലാക്കുന്നത് രാജ്യതാല്പര്യത്തിനെതിരാണ്. രാമ ക്ഷേത്രം, മുത്വലാഖ്, പൗരത്വ ഭേദഗതി നിയമം എന്നിവക്കുശേഷം ഏക സിവില്‍ കോഡുമായി ബി.ജെ.പി രംഗത്ത് വരുന്നത് ധ്രുവീകരണ അജണ്ടയുടെ ഭാഗമാണ്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇരുന്നൂറിലധികം ഗോത്ര വിഭാഗങ്ങളുണ്ട്. അവര്‍ക്കെല്ലാം പ്രത്യേക സിവില്‍ നിയമങ്ങളും ഉണ്ട്. ജാര്‍ഖണ്ഡിലെ 30 ഓളം സംഘടനകള്‍ ഏക സിവില്‍ കോഡിനെതിരെ കഴിഞ്ഞ ദിവസങ്ങളില്‍ രംഗത്തു വന്നിട്ടുണ്ട്. മിസോറാം ഏക സിവില്‍ കോഡിനെതിരെ നിയമം പാസാക്കിയിട്ടുണ്ട്. മോദി സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് ബി. എസ് ചൗഹാന്റെ നേതൃത്വത്തിലുള്ള ദേശീയ നിയമ കമ്മീഷന്‍ ഏക സിവില്‍ കോഡ് ഇന്ത്യയില്‍ പ്രായോഗികമല്ലെന്ന് വ്യക്തമാക്കിയതാണ്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ടുകൊണ്ടുള്ള സാമുദായിക ധ്രുവീകരണം മാത്രമാണ് ഈ നീക്കത്തിന് പിന്നിലുള്ളത്. ഏക സിവില്‍ കോഡില്‍ നിന്ന് ആദിവാസി ഗോത്ര വിഭാഗങ്ങളെ മാറ്റിനിര്‍ത്തണമെന്ന ബി.ജെ.പിയുടെ ആവശ്യത്തിലൂടെ ധ്രുവീകരണ അജണ്ട മറ നീക്കി പുറത്തുവന്നിരിക്കുകയാണ്.
ഏക സിവില്‍കോഡിനെ നിയമപരമായും രാഷ്ട്രീയമായും നേരിടും. വര്‍ഗീയ ധ്രുവീകരണത്തിനും മുതലെടുപ്പിനും ശ്രമിക്കുന്നവരുടെ കെണിയില്‍ വീഴില്ല. വിവിധ വിഭാഗങ്ങളെ പങ്കെടുപ്പിച്ച് സെമിനാര്‍ സംഘടിപ്പിക്കും. വ്യത്യസ്ത പരിപാടികള്‍ ആലോചിക്കുന്നതിനായി യോഗം കോര്‍ കമ്മിറ്റിയെ നിശ്ചയിച്ചു. സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. പി.കെ കുഞ്ഞാലിക്കുട്ടി ആമുഖ പ്രഭാഷണം നിര്‍വ്വഹിച്ചു. പി.എം.എ സലാം സ്വാഗതം പറഞ്ഞു. മുസ്ലിംലീഗ് നേതാക്കളായ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി, കെ.പി.എ മജീദ് എം.എല്‍.എ, ആബിദ് ഹുസൈന്‍ തങ്ങള്‍ എം എല്‍.എ, വിവിധ സംഘടനാ പ്രതിനിധികളായ കൊയ്യോട് ഉമ്മര്‍ മുസ്ല്യാര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി, എ.വി അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ (സമസ്ത), ടി.പി അബ്ദുല്ലക്കോയ മദനി, ഡോ. ഹുസൈന്‍ മടവൂര്‍, ശരീഫ് മേലേതില്‍ (കെ.എന്‍.എം), പ്രൊഫ. എ.കെ അബ്ദുല്‍ മജീദ് (സമസ്ത എ.പി വിഭാഗം), സി.പി ഉമര്‍ സുല്ലമി, ഡോ. ഇ.കെ മുഹമ്മദ് കുട്ടി (കെ.എന്‍.എം മര്‍കസ്സുദ്ദഅ്വ), എം.കെ മുഹമ്മദലി, ശിഹാബ് പൂക്കോട്ടൂര്‍ (ജമാഅത്തെ ഇസ്ലാമി), പി.എന്‍ അബ്ദുല്ലത്തീഫ് മൗലവി, ടി.കെ അഷ്റഫ് (വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍), സി.എ മൂസ മൗലവി, എം.എം ബാവ മൗലവി, ഡോ. അഹമ്മദ് കബീര്‍ ബാഖവി (ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ), അഷ്റഫ് ബാഖവി (സംസ്ഥാന ജംഇയ്യത്തുല്‍ ഉലമ), ഡോ. ഫസല്‍ ഗഫൂര്‍, സ്വലാഹുദ്ദീന്‍ ഒ.സി (എം.ഇ.എസ്), എഞ്ചിനീയര്‍ പി. മുഹമ്മദ് കോയ (എം.എസ്.എസ്), അബുല്‍ ഹൈര്‍ മൗലവി (തബ്ലീഗ് ജമാഅത്ത്) എന്നിവര്‍ പങ്കെടുത്തു.