X
    Categories: gulfNews

ഷാര്‍ജ രാജ്യാന്തര പുസ്തക മേള; വില്‍പന പൊടിപൊടിച്ച് ഇന്ത്യന്‍ പുസ്തക ശാലകള്‍

ഷാര്‍ജ: 42-ാം ഷാര്‍ജ രാജ്യാന്തര പുസ്തക മേളയില്‍ പുസ്തകങ്ങള്‍ വാങ്ങുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. ഈ വര്‍ഷം പുറത്തിറങ്ങിയ പുസ്തകങ്ങളും ക്‌ളാസിക്കുകളും സ്റ്റാളുകളില്‍ ലഭ്യം. ചെറുകഥ, നോവല്‍, ന്യൂ അറൈവല്‍സ്, ക്രൈം ത്രില്ലറുകള്‍, ക്‌ളാസിക്കുകള്‍ എന്നിവയ്ക്ക് നിരവധി പേരെത്തിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞ ദിവസം വന്‍ സന്ദര്‍ശക തിരക്കാണ് അനുഭവപ്പെട്ടത്. ഡിസി ബുക്‌സ് അടക്കമുള്ള ഇന്ത്യന്‍ സ്റ്റാളുകളില്‍ പുസ്തക പ്രേമികളുടെ കുത്തൊഴുക്കായിരുന്നു. മേള മൂന്നാം ദിനത്തിലെത്തിയപ്പോള്‍ നിന്നു തിരിയാനിടമില്ലാത്ത വിധം പ്രദര്‍ശന ഹാളുകള്‍ ജനനിബിഢമായിക്കഴിഞ്ഞിരുന്നു. വാരാന്ത്യ അവധി ദിനങ്ങളായ ശനിയും ഞായറും വിശേഷിച്ചും ഇന്ത്യന്‍ പ്രസാധകരുടെ സ്റ്റാളുകളില്‍ നല്ല വില്‍പന നടന്നു.

ഏറ്റവുമധികം പുസ്തകങ്ങള്‍ എത്തിച്ച പ്രസാധകരില്‍ മുന്‍നിരയിലാണ് ഡിസി ബുക്‌സ്. മേളയിലെ 6, 7 ഹാളുകളിലാണ് സ്റ്റാളുകള്‍ സജ്ജീകരിച്ചിരിക്കുന്നത്. ഏറ്റവുമധികം വില്‍പനയുള്ള പുസ്തകങ്ങളെല്ലാം സ്റ്റാളുകളിലുണ്ട്.എഴുത്തുകാരില്‍ വിനോയ് തോമസിന്റെ രചനകള്‍, എം.മുകുന്ദന്റെ ‘നിങ്ങള്‍’, കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ വി.ഷിനിലാലിന്റെ ‘സമ്പര്‍ക്ക കാന്തി’ എന്നിവയ്ക്ക് നല്ല ആവശ്യക്കാരുണ്ട്. എസ്.ഹരീഷിന്റെ ‘മീശ’, ബഷീര്‍ സമ്പൂര്‍ണ കൃതികള്‍, ഒരു പൊലീസ് സര്‍ജന്റെ ഓര്‍മക്കുറിപ്പുകള്‍ തുടങ്ങിയവ വന്‍ ഹിറ്റ് ഗ്രന്ഥങ്ങളിലുള്‍പ്പെടുന്നു. അമര്‍ ചിത്രകഥ, പെന്‍ഗ്വിന്‍ ബുക്‌സ്, ഹാര്‍പര്‍ കോളിന്‍സ് തുടങ്ങിയവയുടെ പുസ്തകങ്ങളും വില്‍പനക്കുണ്ട്.

പുസ്തകോത്സവത്തില്‍ ഗള്‍ഫ് സത്യധാര പവലിയന്‍

 

ഷാര്‍ജ: വായനയുടെ വസന്തകാലം തീര്‍ക്കുന്ന ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലെ ‘ഗള്‍ഫ് സത്യധാര’ പവലിയന്‍ ഉദ്ഘാടനം പാണക്കാട് സയ്യിദ് അസീല്‍ അലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. വായനയും പഠനവും മാനവികമായ പാഠങ്ങള്‍ നല്‍കുന്നതാണെന്നും പരിശുദ്ധ ഇസ്‌ലാം വായനക്ക് പ്രോത്സാഹനം നല്‍കിയതാണെന്നും അദ്ദേഹം പറഞ്ഞു. എസ്‌കെഎസ്എസ്എഫ് നാഷണല്‍ പ്രസിഡന്റ് സയ്യിദ് ശുഐബ് തങ്ങള്‍, ഷാര്‍ജ പൊലീസ് ഓഫീസര്‍ അബ്ദുല്ലത്തീഫ് മുസ്തഫ അല്‍ ഖാളി, മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, ശറഫുദ്ദീന്‍ ഹുദവി, ഇ.പി അബ്ദുല്‍ ഖാദിര്‍ ഫൈസി, അബ്ദുല്ല ചേലേരി, റസാഖ് വളാഞ്ചേരി, മൊയ്തു സി.സി, സി.എ ഷാഫി മാസ്റ്റര്‍, അബ്ദുല്‍ ഹകീം ടി.പി.കെ, നുഅ്മാന്‍ തിരൂര്‍, ഫൈസല്‍ പയ്യനാട്, ശാക്കിര്‍ ഫറോക്, ഷാ മുക്കോട് തുടങ്ങി മത-സാഹിത്യ-സാമൂഹിക-രാഷ്ട്രീയ മേഖലകളിലെ പ്രമുഖര്‍ സംബന്ധിച്ചു.
ഗള്‍ഫ് സത്യധാര പ്രസിദ്ധീകരിക്കുന്ന നാല് പുസ്തകങ്ങള്‍ പ്രമുഖരുടെ സാന്നിധ്യത്തില്‍ ഇന്ന് പ്രകാശനം ചെയ്യും. കെ.ടി അജ്മല്‍ പാണ്ടിക്കാട് എഴുതിയ സമസ്ത നേതാക്കളെ പരിചയപ്പെടുത്തുന്ന ബൃഹദ് ഗ്രന്ഥം ‘സമസ്ത വഴിയൊരുക്കിയ തണല്‍ മരങ്ങള്‍’, ഹനീഫ് റഹ്മാനി പനങ്ങാങ്ങരയുടെ ‘കമലാ സുരയ്യ: സത്യാന്വേഷണത്തിന്റെ നാള്‍വഴികള്‍’, മുഹമ്മദ് ഫാരിസ് പി.യു എഴുതിയ ‘ഇസ്‌ലാം ഒരു അന്വേഷകന്റെ മുന്നില്‍’, സി.എ ഷാഫി മാസ്റ്റര്‍ എഴുതിയ ചെറുകഥാ സമാഹാരം ‘സഹയാത്രികര്‍’ എന്നീ നാല് പുസ്തകങ്ങളാണ് ആദ്യ ദിവസത്തില്‍ തന്നെ മലയാളി വായനക്കാരുടെ സാന്നിധ്യം കൊണ്ട് പവലിയന്‍ സജീവമായിരുന്നു. കൂടാതെ, മത-സാമൂഹിക-സാഹിത്യ-രാഷ്ട്രീയ മേഖലകളിലെ പ്രമുഖരും പവലിയന്‍ സന്ദര്‍ശിച്ചു. വരുംദിവസങ്ങളിലും വായനക്കാര്‍ക്ക് ഏറെ വൈവിധ്യമായ പരിപാടികളാണ് പവലിയനില്‍ ഒരുക്കിയിരിക്കുന്നത്. അഹമ്മദ് പാലത്തുങ്കര സ്വാഗതവും സഫീര്‍ ജാറംകണ്ടി നന്ദിയും പറഞ്ഞു.

നൂറുകണക്കിന് പുസ്തകങ്ങളുമായി ചിരന്തന സ്റ്റാള്‍

ഷാര്‍ജ: 42-ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ ചിരന്തന പബ്‌ളികേഷന്‍ ഇത്തവണയും പങ്കെടുക്കുന്നു. ചിരന്തന സ്റ്റാള്‍ അച്ചു ഉമ്മന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ചിരന്തന പ്രസിഡണ്ട് പുന്നക്കന്‍ മുഹമ്മദലി അധ്യക്ഷത വഹിച്ചു. സി.പി സാലിഹ്, ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡണ്ട് അഡ്വ. വൈ.എ റഹീം, ദര്‍ശന പ്രസിഡണ്ട് സി.പി ജലീല്‍, ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ദുബൈ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഷംസീര്‍ നാദാപുരം, ഐഒസി നേതാവ് അനൂര മത്തായി, മുന്‍ ജനപ്രതിനിധി ബല്‍ഖീസ് മുഹമ്മദലി, ചിരന്തന കേരള ഘടകം കോംാര്‍ഡിനേറ്റര്‍ ഡോ. മുനീബ് മുഹമ്മദലി തുടങ്ങിയവര്‍ ആശംസ നേര്‍ന്നു.

പുതിയ നൂറോളം പുസ്തകങ്ങള്‍ അക്ഷരങ്ങളുടെ ഈ ആഗോള വെള്ളിവെളിച്ചത്തിലേക്ക് ചിരന്തന (ഹാള്‍ നമ്പര്‍ 7, സെഡ്.ഡി 9) എത്തിച്ചിരിക്കുന്നു. പുതിയ എഴുത്തുകാരുടെ ഒട്ടനവധി പുസ്തകങ്ങളുടെ പ്രകാശനവും നടക്കുമെന്ന് ചിരന്തന പ്രസിഡണ്ട് പുന്നക്കന്‍ മുഹമ്മദലി പറഞ്ഞു.അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ജീവചരിത്രമായ ‘കാലം സാക്ഷി’, ‘ഇതിഹാസം’, ‘കാല്‍പ്പാടുകള്‍’ അടക്കം ഒട്ടനവധി പുസ്തകങ്ങള്‍ ചിരന്തന സ്റ്റാളില്‍ ലഭിക്കും.

webdesk11: