സിപിഎം നേതാവും മുന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷയുമായ എം സി ജോസഫൈന്‍ (73) അന്തരിച്ചു. കണ്ണൂര്‍ എകെജി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
കണ്ണൂരില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ വെച്ച് കഴിഞ്ഞ ദിവസമാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞുവീണ ജോസഫൈനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ഹൃദയാഘാതമാണ് മരണ കാരണം.
സംസ്ഥാന വനിതാ കമ്മീഷന്‍ മുന്‍ അധ്യക്ഷയാണ് . ജനാധിപത്യ മഹിളാ അസോസിയേഷന്‍ അഖിലേന്ത്യാ വൈസ് പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ്, വനിതാ വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്സണ്‍, വിശാലകൊച്ചി വികസന അതോറിറ്റി ചെയര്‍പേഴ്സണ്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചു.
വിദ്യാര്‍ഥിയുവജനമഹിളാ പ്രസ്ഥാനങ്ങളിലൂടെയാണ് പൊതുരംഗത്തെത്തിയത്. 1978ല്‍ സിപിഐ എം അംഗത്വം. 1984ല്‍ സിപിഐ എം എറണാകുളം ജില്ലാ കമ്മിറ്റി അംഗമായി. 1987ല്‍ സംസ്ഥാന കമ്മിറ്റിയിലുമെത്തി. 2002 മുതല്‍ കേന്ദ്ര കമ്മിറ്റി അംഗമാണ്. 1996ല്‍ മഹിളാ അസോസിയേഷന്‍ അഖിലേന്ത്യാ വൈസ് പ്രസിഡന്റായി. സംസ്ഥാന വെയര്‍ഹൗസിങ് കോര്‍പറേഷന്‍ എംപ്ലോയീസ് യൂണിയന്‍ (സിഐടിയു) സെക്രട്ടറിയും പ്രൈവറ്റ് ഹോസ്പിറ്റല്‍ വര്‍ക്കേഴ്സ് യൂണിയന്‍ (സിഐടിയു) പ്രസിഡന്റുമായിരുന്നു. അങ്കമാലി (1987), മട്ടാഞ്ചേരി (2011) നിയമസഭാ മണ്ഡലങ്ങളിലേക്കും 1989ല്‍ ഇടുക്കി ലോക്സഭാ മണ്ഡലത്തിലേക്കും മത്സരിച്ചു. 13 വര്‍ഷം അങ്കമാലി നഗരസഭാ കൗണ്‍സിലറായിരുന്നു. നിലവില്‍ മഹിളാ അസോസിയേഷന്‍ കേന്ദ്ര കമ്മിറ്റി അംഗമാണ്.
ഭൗതിക ശരീരം ഇന്ന് 5 മണിവരെ കണ്ണൂര്‍ എ കെ ജി ആശുപത്രിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് വിലാപയാത്രയായി അങ്കമാലിയിലേക്ക് കൊണ്ടുപോകുന്ന മൃതദേഹം നാളെ 2 മണിയോടെ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പഠനത്തിനായി വിട്ടുനല്‍കും.