X
    Categories: indiaNews

ആന്ധ്രയില്‍ അപൂര്‍വ ധാതുശേഖരം കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍

ഹൈദരാബാദ്: ആന്ധ്രപ്രദേശിലെ അനന്ത്പൂര്‍ ജില്ലയില്‍ അപൂര്‍വ ധാതുശേഖരം കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍. സി.എസ്.ഐ.ആര്‍ – നാഷണല്‍ ജിയോഗ്രഫി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞര്‍ നടത്തിയ ഗവേഷണത്തിലാണ് അപൂര്‍വ ധാധു ലവണങ്ങളുടെ വന്‍ശേഖരത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. വ്യാവസായിക, സാങ്കേതിക, പ്രതിരോധ മേഖലകളിലും മെഡിക്കല്‍ രംഗത്തും വരെ ഉപയോഗപ്പെടുത്താന്‍ കഴിയുന്ന റയര്‍ എര്‍ത്ത് എലമെന്റ്‌സ് (റീ) ആണ് കണ്ടെത്തിയിരിക്കുന്നത്.

സെറിയം, പ്രസിയോഡിമമം, നിയോഡിമമം, യിത്രിയം, സിര്‍കോണിയം, സ്‌കാന്‍ഡിയം തുടങ്ങി 10ഓളം മിശ്രിതങ്ങള്‍ അടങ്ങിയതാണ് പുതിയ ധാതുവെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് പി.വി സുന്ദര്‍ രാജു പറഞ്ഞു. ലാന്തനൈഡ്, അക്ടിനൈഡ് ശ്രേണികളില്‍ വരുന്ന മിശ്രിതങ്ങള്‍ അടങ്ങിയ പുതിയ ധാതു, മൊബൈല്‍ ഫോണ്‍ അടക്കം ഇലക്ട്രോണിക് ഡിവൈസുകളുടെ നിര്‍മ്മാണത്തിലും വ്യാവസായിക ആവശ്യങ്ങള്‍ക്കും മെഡിക്കല്‍ വിദ്യാഭ്യാസം, ക്ലീന്‍ എനര്‍ജി, വ്യോമയാനം, ഓട്ടോമോട്ടീവ്, പ്രതിരോധം തുടങ്ങിയ മേഖലകളിലെല്ലാം ഉപയോഗപ്പെടുത്താന്‍ കഴിയുമെന്നാണ് ഗവേഷകര്‍ പറയുന്നത്. സെല്‍ഫോണുകള്‍, ടെലിവിഷനുകള്‍, കമ്പ്യൂട്ടറുകള്‍ തുടങ്ങി ആധുനിക ഇലക്ട്രോണിക് ഡിവൈസുകളില്‍ ഉപയോഗിക്കുന്ന പെര്‍മെനന്റ് മാഗ്നറ്റുകള്‍ നിര്‍മിക്കാനാണ് ഈ ധാധു ഉപയോഗിക്കുക. വലിയ സാധ്യതകളാണ് പുതിയ കണ്ടുപിടിത്തം രാജ്യത്തിനു മുന്നില്‍ തുറന്നിടുന്നതെന്നും അവകാശപ്പെടുന്നു.

webdesk11: