X

പ്രവാസികള്‍ക്ക് ഇ ടൂറിസ്റ്റ് വിസയുമായി സഊദി

ഗള്‍ഫ് രാജ്യങ്ങളില്‍ താമസ വിസയുള്ള വിദേശികള്‍ക്ക് രാജ്യത്തേക്ക് ഇ ടൂറിസ്റ്റ് വിസ അനുവദിക്കാന്‍ സഊദി ടൂറിസം മന്ത്രാലയം തീരുമാനിച്ചു. യു എ ഇ, ഖത്തര്‍, കുവൈറ്റ്, ബഹ്‌റൈന്‍ , ഒമാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ക്ക് ഇനിമുതല്‍ ഓണ്‍ലൈനില്‍ ടൂറിസ്റ്റ് വിസയെടുത്ത് സഊദിയില്‍ എത്താനാകും.സഊദിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനും സാംസ്‌കാരിക തനിമ ആസ്വദിക്കാനും രാജ്യത്തിന് പുറത്ത് ജിസിസി രാജ്യങ്ങളിലുള്ള വിദേശികള്‍ക്ക് അവസരമൊരുക്കുകയാണ് ഇതുവഴി ഉദ്ദേശിക്കുന്നതെന്ന് ടൂറിസം വകുപ്പ് ഉപമന്ത്രി ഹൈഫാ ബിന്‍ത് മുഹമ്മദ് അല്‍ സഊദ് രാജകുമാരി പറഞ്ഞു.

മുന്നൂറ് റിയാലാണ് വിസയുടെ ഫീസ്. കൂടാതെ ഇന്‍ഷുറന്‍സ് പോളിസിയുടെ നിരക്ക് അടക്കണം. വിസിറ്റ് സഊദി.കോം എന്ന വെബ്‌സൈറ്റ് വഴിയാണ് ആവശ്യമായ രേഖകള്‍ സമര്‍പ്പിച്ചാണ് അപേക്ഷ നല്‍കേണ്ടത്. അപേക്ഷകര്‍ക്ക് അവര്‍ നല്‍കിയ ഇ മെയില്‍ വഴി വിസ ലഭ്യമാകും. ഗള്‍ഫിലുള്ള ഇഖാമയുടെ കാലാവധി മൂന്ന് മാസവും പാസ്‌പോര്‍ട്ട് കാലാവധി ആറുമാസത്തിന് മുകളിലും ഉണ്ടായിരിക്കണം എന്നതാണ് നിബന്ധന . 18 വയസ്സില്‍ കുറവുള്ളവര്‍ക്ക് ഇ വിസ ലഭിക്കാന്‍ രക്ഷിതാവ് ആദ്യം വിസക്ക് അപേക്ഷിക്കണം.

2019 ലാണ് സഊദി ടൂറിസ്റ്റ് വിസ അനുവദിച്ച് തുടങ്ങിയത്. നിലവിലുള്ള നിയമത്തില്‍ ഭേദഗതികള്‍ വരുത്തിയാണ് ഗള്‍ഫില്‍ കഴിയുന്ന വിദേശികള്‍ക്ക് ടൂറിസ്റ്റ് വിസ നല്‍കാനുള്ള തീരുമാനം. ജിസിസി രാജ്യങ്ങളില്‍ കഴിയുന്ന ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇതോടെ സഊദിയിലേക്ക് വരാനുള്ള നടപടിക്രമങ്ങള്‍ക്കുള്ള കാലതാമസം ഒഴിവാകും. നേരത്തെ സഊദിയില്‍ നിന്നുള്ള ഏതെങ്കിലും സ്ഥാപനങ്ങള്‍ മുഖേന വിസിറ്റ് വിസ അപേക്ഷ നല്‍കിയാണ് പലരും സഊദി സന്ദര്‍ശിച്ചിരുന്നത്.

Test User: