ന്യൂഡല്‍ഹി: കാറപകടത്തില്‍ പരിക്കേറ്റ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന് ഈ വര്‍ഷത്തെ ഐ.പി. എല്‍ പൂര്‍ണമായും നഷ്ടമാകും. ഐ.പി.എലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ നായകനാണ് പന്ത്. മാര്‍ച്ച് 20നാണ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. അപകടത്തില്‍ പന്തിന്റെ നെറ്റിയില്‍ രണ്ട് മുറിവുകളാണുള്ളത്. വലതു കാല്‍മുട്ടിലെ ലിഗമെന്റിനും പരിക്കുണ്ട്. വലത് കൈത്തണ്ട, കണങ്കാല്‍, കാല്‍വിരല്‍ എന്നീ ഇടങ്ങളിലും പരിക്കേറ്റിട്ടുണ്ടെന്ന് ഡെറാദൂണിലെ മാക്‌സ് ആശുപത്രി മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു.
എന്നാല്‍, ഗുരുതര പരിക്കുകളില്ല. നെറ്റിയിലെ പരിക്കിന് ശനിയാഴ്ച പ്ലാസ്റ്റിക് സര്‍ജറി ചെയ്തു. വിദഗ്ധ ചികിത്സയ്ക്കായി താരത്തെ ഡല്‍ഹിയിലേക്ക് മാറ്റിയേക്കും. കാല്‍മുട്ടിലെ ലിഗമെന്റിന്റെ പരിക്കുകള്‍ സുഖപ്പെടുന്നതിന് മൂന്നുമുതല്‍ ആറുമാസം വരെയെടുക്കുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ഇതോടെയാണ് താരത്തിന് ഐ.പി.എലും ഫെബ്രുവരിയില്‍ ഓസ്‌ട്രേലിയക്കെതിരേ നടക്കുന്ന ടെസ്റ്റ് പരമ്പരയും നഷ്ടമാകുമെന്നുറപ്പായത്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് റിഷഭ് പന്ത് ഓടിച്ച കാര്‍ ഉത്തരാഖണ്ഡ് ഹരിദ്വാറിലെ മംഗളൗരിയില്‍ അപകടത്തില്‍പ്പെട്ടത്.