X

ശക്തമായ മഴക്ക് സാധ്യത; ഇന്ന് ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മൂന്ന് ജില്ലകളില്‍ അവധി

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതച്ചുഴിയുടെയും ന്യൂനമര്‍ദത്തിന്റെയും സ്വാധീനത്തില്‍ കാലവര്‍ഷം വീണ്ടും സജീവമാകുന്നു. ശക്തമായ മഴക്ക് സാധ്യതയുള്ളതിനാല്‍ ഇന്ന് ഒമ്പത് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. നാളെയും ഇതേ ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. മധ്യപടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടലില്‍ കഴിഞ്ഞ ദിവസം രൂപപ്പെട്ട ചക്രവാതച്ചുഴി തെക്കന്‍ ഒഡീഷക്ക് മുകളില്‍ സ്ഥിതി ചെയ്യുകയാണ്. മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി ഇന്ന് മറ്റൊരു ചക്രവാതചുഴി കൂടി രൂപപ്പെടാന്‍ സാധ്യതയുണ്ട്.

ഇത് 24 മണിക്കൂറിനുള്ളില്‍ ന്യുനമര്‍ദമായി ശക്തി പ്രാപിക്കുമെന്നാണ് പ്രവചനം. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയുണ്ട്. കാറ്റിന്റെ വേഗത മണിക്കൂറില്‍ 55 കി.മീ വരെയാകാന്‍ സാധ്യതയുള്ളതിനാല്‍ കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനം വിലക്കി. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ തീരദേശ വാസികളും ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഇന്നലെ വടക്കന്‍ കേരളത്തിലടക്കം മഴ ശക്തമായതോടെ വലിയ നാശനഷ്ടമാണുണ്ടായത്.
കോഴിക്കോട്,

കോഴിക്കോട്,വയനാട്, കണ്ണൂര്‍
ജില്ലകളില്‍ സ്‌കൂള്‍ അവധി

കോഴിക്കോട്: മഴ തുടരുന്നതിനാല്‍ കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഇന്ന് പ്രൊഫഷണല്‍ കോളജ് ഉള്‍പ്പെടെഎല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍മാര്‍ അറിയിച്ചു. അങ്കണവാടികള്‍ക്കും അവധി ബാധകമാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകളില്‍ മാറ്റമില്ല. അവധിയായതിനാല്‍ കുട്ടികള്‍ അനാവശ്യമായി പുറത്തിറങ്ങുന്നത് രക്ഷിതാക്കള്‍ നിയന്ത്രിക്കണമെന്നും പരിസരങ്ങളിലെ പുഴകളിലോ നദീതടങ്ങളിലോ ഒരു കാരണവശാലും ഇറങ്ങരുതെന്നും ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ കലക്ടര്‍മാര്‍ അഭ്യര്‍ത്ഥിച്ചു.

 

webdesk11: