X

ഖത്തര്‍ ലോകകപ്പ്: സേവനത്തിന് 20,000 വോളണ്ടിയര്‍മാര്‍

ദോഹ: അവരുടെ എണ്ണം 20,000… വിവിധ ദേശക്കാര്‍, വന്‍കരക്കാര്‍. പക്ഷേ അവരുടെ ലക്ഷ്യം ഒന്നാണ്-ലോകകപ്പ് ആവേശം നുകരാന്‍ ആഗോളീയരായി എത്തുന്ന മുഴുവന്‍ പേര്‍ക്കും സന്തോഷത്തോടെ സ്വീകരണം ഒരുക്കുക. പരാതി രഹിത ലോകകപ്പ് എന്ന മുദ്രാവാക്യത്തില്‍ ഒരുങ്ങുന്ന വോളണ്ടിയര്‍പ്പടയുടെ സെലക്ഷന്‍ പൂര്‍ത്തിയായി. അടുത്ത മൂന്ന് മാസം അവര്‍ക്കുള്ള പരിശീലനമാണ്. നവംബര്‍ 20ന് ഖത്തറും ഇക്വഡോറും തമ്മിലുള്ള ഉദ്ഘാടന പോരാട്ടത്തോടെ പന്തുരുളുമ്പോള്‍ ആ പന്തിനൊപ്പം ഇവരും സജീവമാവും. ചിരിക്കാന്‍ മടിക്കാത്തവരാണ് വോളണ്ടിയര്‍പ്പട.

അറബിയും ഇംഗ്ലീഷും ഫ്രഞ്ചും സ്പാനിഷുമെല്ലാം സംസാരിക്കുന്നവര്‍. സംശയങ്ങള്‍ക്ക്് വ്യക്തമായി ഉത്തരം നല്‍കുന്നവര്‍. വഴി തെറ്റുന്നവര്‍ക്ക് മുന്നില്‍ വഴികാട്ടിയായി മാറേണ്ടവര്‍. ദോഹയിലെ എക്‌സിബിഷന്‍ സെന്ററില്‍ കഴിഞ്ഞ മൂന്ന് മാസമായി നടന്നത് വോളണ്ടിയര്‍ സെലക്ഷനായിരുന്നു. അതിന് നേതൃത്വം നല്‍കിയവരില്‍ മലയാളികളുമുണ്ട്. മൂന്ന് മാസത്തെ സെലക്ഷന്‍ ആവേശകരമായിരുന്നുവെന്നാണ് നേതൃത്വം നല്‍കിയവരിലെ മലയാളി സംഘം പറയുന്നത്. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ളവര്‍. അവരുടെ ആത്മവിശ്വാസവും ഫുട്‌ബോള്‍ സ്‌നേഹവും വലുതാണ്.

ലോകകപ്പ് തുടങ്ങിയാല്‍ വിമാനത്താവളം മുതല്‍ ഹോട്ടലുകളിലുടെ മൈതാനം വരെ ഇവരുണ്ടാവുമ്പോള്‍ ഇന്റര്‍വ്യു സമയത്തെ ചോദ്യത്തിനുള്ള ഉത്തരങ്ങള്‍ പോലും രസകരമായിരുന്നുവെന്ന് ഷബീര്‍ മേമുണ്ട എന്ന കെ.എം.സി.സി നേതാവ് പറയുന്നു. ഫുട്‌ബോളിനോട് മാത്രമുളള പ്രതിബദ്ധതയാണ് എല്ലാവരെയും ഖത്തറിനോട് അടുപ്പിക്കുന്നത്. ഒരു ദിവസം നടന്നത് ആയിരത്തിലേറെ അഭിമുഖങ്ങള്‍. അഭിമുഖം നടത്താന്‍ മാത്രം 500 പേരുണ്ടെന്നും അദ്ദേഹം പറയുന്നു. സെലക്ഷന്‍ പൂര്‍ത്തിയാവുമ്പോള്‍ എല്ലാവരും ഹാപ്പിയാണ്. ഇവരുടെ സേവന നാളുകള്‍ ആരംഭിക്കുമ്പോള്‍ ലോക സഞ്ചാരികള്‍ക്ക് പേടിക്കാനില്ലെന്നുറപ്പ്.

ഖത്തറില്‍ ആദ്യം ഖത്തര്‍ തന്നെ

ഖത്തറില്‍ ആദ്യം ഖത്തര്‍ തന്നെ. ലോകകപ്പിന്റെ ഉദ്ഘാടന പോരാട്ടം നവംബര്‍ 20ന് ആതിഥേയരും ഇക്വഡോറും തമ്മില്‍. ഇതുമായി ബന്ധപ്പെട്ട് ലാറ്റിനമേരിക്കന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ നല്‍കിയ പരാതി ഫിഫ കൗണ്‍സില്‍ അംഗീകരിച്ചു. ലോകകപ്പ് പാരമ്പര്യം പോലെ ആതിഥേയര്‍ ആദ്യ മല്‍സരത്തിനിറങ്ങുന്നു. നേരത്തെയുള്ള ഫിക്‌സ്ച്ചര്‍ പ്രകാരം 21 നായിരുന്നു ഉദ്ഘാടനം. അന്ന് ഷെഡ്യൂള്‍ ചെയ്ത നാല് മല്‍സരങ്ങളില്‍ മൂന്നാമത് മല്‍സരമായിരുന്നു ഖത്തറും ഇക്വഡോറും തമ്മില്‍. ആദ്യ ഫിക്‌സ്ച്ചറില്‍ ഉദ്ഘാടന മല്‍സരമായി പ്രഖ്യാപിച്ച സെനഗല്‍-നെതര്‍ലന്‍ഡ്‌സ് അങ്കം 21 ന് നടക്കും. ഖത്തറിന് സന്തോഷ വാര്‍ത്ത വന്നത് ഇന്നലെ നടന്ന ഫിഫ കൗണ്‍സിലാണ്. ആദ്യ ദിവസം ഒരു മല്‍സരം മാത്രം. ഒപ്പം അല്‍ ബയാത്ത് സ്‌റ്റേഡിയത്തില്‍ അതിഗംഭീര ഉദ്ഘാടന പരിടാപികളും നടത്താം. ഇത് വരെയുളള ലോകകപ്പ് പാരമ്പര്യത്തില്‍ ഉദ്ഘാടന മല്‍സരം കളിക്കാറുള്ളത് ഒന്നുങ്കില്‍ ആതിഥേയരോ അല്ലെങ്കില്‍ നിലവിലെ ചാമ്പ്യന്മാരോ ആണ്. എന്നാല്‍ ഖത്തറിലേക്ക് വന്നപ്പോള്‍ ഇത് മാറിയിരുന്നു.

ആദ്യ ദിവസം തന്നെ നാല് മല്‍സരങ്ങള്‍ പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ ഉദ്ഘാടന പരിപാടികളുടെ നിറം മങ്ങുമോ എന്ന സംശയവുമുയര്‍ന്നു. പരാതി വന്നയുടന്‍ തന്നെ അനുകൂല നടപടിയെടുത്ത ഫിഫ അന്തിമ തീരുമാനം ഫിഫ കൗണ്‍സിലിന് വിട്ടു. ആറ് കോണ്‍ഫെഡറേഷനുകളും പ്രസിഡണ്ടുമാരും പിന്നെ ഫിഫ പ്രസിഡണ്ടും ഉള്‍പ്പെടുന്ന കൗണ്‍സില്‍ ഏകകണ്ഠമായി പുതിയ തീരുമാനമെടുത്തു. മല്‍സര ക്രമത്തിലെ മാറ്റം ടിക്കറ്റുകളെ ബാധിക്കില്ല. 20 ലേക്ക് ലോകകപ്പ് മാറുമ്പോള്‍ സോക്കര്‍ പൂരം തുടങ്ങാന്‍ ഇനി 100 ല്‍ താഴെ ദിനങ്ങള്‍.

Test User: