X

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്; ഇനി കൂട്ടിക്കിഴിക്കലിന്റെ രണ്ടുനാള്‍

എന്‍.എസ് അബ്ബാസ്
കോട്ടയം

കേരളമാകെ ഉറ്റുനോക്കിയ ഉപതിരഞ്ഞെടുപ്പില്‍ പുതുപ്പള്ളി പോളിംഗ് ബൂത്തിലെത്തിയത് അമിതാവേശത്തോടെ. ഇരുമുന്നണികളുടെ അവകാശവാദങ്ങള്‍ക്കപ്പുറം തങ്ങളുടെ പ്രതിനിധി തിരഞ്ഞെടുക്കാനുള്ള പ്രക്രിയയില്‍ ഈ നാട് അവരുടെ ഉന്നതമായ ജനാധിപത്യബോധം ഉയര്‍ത്തിക്കാട്ടി. മഴയും വെയിലും മാറി മാറി വന്ന അന്തരീക്ഷത്തിലും പുതുപ്പള്ളിക്കാര്‍ തളരാതെ വോട്ടുചെയ്തു. വോട്ടിംഗ് ക്രമീകരണത്തിലെ മെല്ലെപ്പോക്ക് പരാതികള്‍ക്കിടയാക്കിയെങ്കിലും വോട്ടെടുപ്പ് പൂര്‍ത്തിയാക്കാനായി. പോളിംഗ് അവസാനിക്കുമ്പോള്‍ യു.ഡി.എഫിനാണ് വര്‍ധിത വിശ്വാസം.എല്‍.ഡി.എഫും വിജയപ്രതീക്ഷ പങ്കുവെക്കുന്നു. എന്‍.ഡി.എ ആകട്ടെ നില മെച്ചപ്പെടുത്താകുമെന്ന വിലയിരുത്തലിലാണ്.

രാവിലെ മുതല്‍ തന്നെ പല ബൂത്തുകളിലും നീണ്ടനിര രൂപപ്പെട്ടു. പാമ്പാടി, പുതുപ്പള്ളി, മണര്‍കാട് പഞ്ചായത്തുകളിലാണ് ഏറ്റവുംകൂടുതല്‍ വോട്ടര്‍മാരെത്തിയത്. ഇടക്ക് ചിലയിടങ്ങളില്‍ മഴപെയ്‌തെങ്കിലും വോട്ടര്‍മാരുടെ ഒഴുക്കിനെ ബാധിച്ചില്ല. പോളിംഗ് ദിനത്തിലും വൈകാരിതകയും വിവാദങ്ങളും പുതുപ്പള്ളിയുടെ രാഷ്ട്രീയഭൂമി വട്ടമിട്ടു. ഉമ്മന്‍ചാണ്ടിയുടെ ഓര്‍മകള്‍, അദ്ദേഹത്തിന് ചികിത്സ നിഷേധിച്ചെന്ന ആരോപണം, വികസന ചര്‍ച്ചകള്‍ എന്നിങ്ങനെ രാവിലെ മുതല്‍ പ്രസ്താവനകളും മറുപടികളും നിറഞ്ഞുനിന്നു. പോളിംഗ് ബുത്തുകളിലെ തിരക്ക് അവസാന മണിക്കൂറുകളിലേക്കും നീണ്ടതോടെ പലയിടത്തും പോളിംഗ് സമയം നീണ്ടു. ഏറ്റവുമൊടുവില്‍ മണര്‍കാട് 88 ബൂത്തിലെ വരിയില്‍ ഉണ്ടായിരുന്ന അവസാന വോട്ടറും വോട്ട് ചെയ്തതോടെയാണ് ഉമ്മന്‍ചാണ്ടിയുടെ പിന്‍ഗാമിയെ കണ്ടെത്താനുള്ള പുതുപ്പള്ളി ജനതയുടെ വിധിയെഴുത്ത് പൂര്‍ത്തിയായത്.

ഉറച്ച വിജയ പ്രതീക്ഷയിലാണ് സ്ഥാനാര്‍ഥികള്‍. ഇടതു പ്രചാരണം ഏശിയില്ലെന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ പറഞ്ഞു. പുതിയ പുതുപ്പള്ളിയുടെ ചരിത്രദിനമാണെന്ന് ഇടതു സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ് പ്രതികരിച്ചു. ചര്‍ച്ചയായത് വികസനമെന്നായിരുന്നു എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ലിജിന്‍ ലാലിന്റെ പ്രതികരണം. ചാണ്ടി ഉമ്മന്‍ പുതുപ്പള്ളി ജോര്‍ജിയന്‍ സ്‌കൂള്‍ ബൂത്തിലും ജെയ്ക്ക് സി തോമസ് മണര്‍കാട് എല്‍.പി സ്‌കൂള്‍ ബൂത്തിലുമാണ് വോട്ട് ചെയ്തത്.പോളിംഗ് ബത്തിലും ക്യൂവില്‍ നിന്നുപോലും ചിലര്‍ അവരുടെ രാഷ്ട്രീയം പറയാന്‍ തയാറായി. ഉമ്മന്‍ചാണ്ടി എന്ന വികാരത്തെ ചേര്‍ത്തുപിടിച്ചവര്‍ അത് തുറന്നുതന്നെ പറഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ കുടുംബവുമായി ബന്ധപ്പെട്ട കോണ്‍ഗ്രസ് നേതാക്കളുടേതെന്ന് പറയപ്പെടുന്ന ഓഡിയോ ക്ലിപ്പിനെ ചൊല്ലി മന്ത്രി വി.എന്‍ വാസവനാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. വാസന്റെ പ്രസ്താവനയില്‍ നിന്നുതന്നെ അതിനുപിന്നില്‍ ആരെന്ന് വ്യക്തമാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ മറുപടി. പുതുപ്പള്ളിയില്‍ യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ്ക്കാര്‍ പോലും ഈ തിരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മന് അനുകൂലമായി വോട്ട് ചെയ്യുമെന്ന് സതീശന്‍ പറഞ്ഞു. ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം കൂടിയാല്‍ ദാര്‍ഷ്ട്യത്തിനും ധിക്കാരത്തിനും ഒരു താക്കീതാകുമെന്ന് യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുക്കാര്‍ വിശ്വസിക്കുന്നുണ്ടെന്നും ഈ പോക്ക് പോയാല്‍ ബംഗാളില്‍ സംഭവിച്ചത് പോലെ ഈ പാര്‍ട്ടിയെ പിണറായി കുഴിച്ചുമൂടും എന്ന് അവര്‍ കരുതുന്നെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള വികാരം അതിശക്തമാണ്. ആ വികാരവും ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മ്മയും ചാണ്ടി ഉമ്മന്റെ സ്ഥാനാര്‍ത്ഥിത്വവും കൂടി ചേര്‍ന്നപ്പോഴാണ് തങ്ങള്‍ സ്വപ്‌നതുല്യമായ ഭൂരിപക്ഷം പ്രതീക്ഷിക്കുന്നതെന്നും സതീശന്‍ വ്യക്തമാക്കി.

webdesk11: