കോട്ടക്കല്‍: കോട്ടക്കല്‍ ആര്യവൈദ്യശാലയില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍രാഷ്ട്രപതി പ്രതിഭപാട്ടീല്‍ ആയുര്‍വേദചികില്‍സ ഇന്ന് വൈകീട്ട് മടങ്ങും. പ്രതിഭാ പാട്ടീലിന് സ്‌നേഹാന്വേഷണങ്ങളുമായി പാണക്കാട് സയ്യിദ ്‌സാദിഖലിശിഹാബ് തങ്ങളെത്തി. മലപ്പുറത്തിന്റെ സ്‌നേഹോപഹാരം അദ്ദേഹം മുന്‍ രാഷ്ട്രപതിക്കു സമ്മാനിച്ചു. പ്രതിഭപാട്ടീലിന്റെ ചികിത്സാപുരോഗതി തങ്ങള്‍ ചോദിച്ചറിഞ്ഞു. ആര്യവൈദ്യശാലാ മാനേജിങ്ട്രസ്റ്റി ഡോ. പി.മാധവന്‍കുട്ടി വാരിയരുടെ നേതൃത്വത്തിലുള്ള ആയുര്‍വേദചികിത്സയില്‍ താന്‍ ഉന്മേഷവതിയാണെന്ന് അവര്‍ പറഞ്ഞു. കേരളവും മലപ്പുറവും മനോഹരമാണ് ശാന്തസുന്ദരവും.
കേരളത്തില്‍ മുമ്പ് വന്നിട്ടുണ്ടെങ്കിലും മലപ്പുറത്തും കോട്ടക്കലിലും ആദ്യമായാണ്. ശാന്തമായ ഈ സ്‌നേഹതീരത്ത് ഇനിയും വരാനുള്ള ആഗ്രഹം അവര്‍ സാദിഖലി തങ്ങളുമായി പങ്കുവെച്ചു. മലപ്പുറം ജില്ലാപഞ്ചായത്ത് വൈസ്പ്രസിഡന്റ് ഇസ്മയില്‍ മൂത്തേടം, കോട്ടക്കലിലെ മുന്‍പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ പി. ഉസ്മാന്‍കുട്ടി എന്നിവരും തങ്ങളോടൊപ്പമുണ്ടായിരുന്നു. പാണക്കാട് കുടുംബവും ആര്യവൈദ്യശാലയും തമ്മില്‍ പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന ഊഷ്മളബന്ധത്തെ തങ്ങള്‍ ഓര്‍മിച്ചു. മൂന്നാഴ്ച നീണ്ടുനിന്ന ആയുര്‍വ്വേദചികിത്സയില്‍ പൂര്‍ണസംതൃപ്തയാണ് പ്രതിഭപാട്ടീല്‍. മുന്‍രാഷ്ട്രപതി പ്രതിഭപാട്ടീലിന് ആയുരാരോഗ്യ സൗഖ്യങ്ങള്‍ നേര്‍ന്നുകൊണ്ടാണ് സാദിഖലിശിഹാബ് തങ്ങള്‍ മടങ്ങിയത്.