X
    Categories: indiaNews

ഹാക്കര്‍മാര്‍ നീക്കം ചെയ്ത 11,000 ത്തിലധികം വീഡിയോ തിരിച്ചെടുത്തു; യുട്യൂബ് ചാനല്‍ തിരിച്ചെത്തിയെന്ന് ബര്‍ഖ ദത്ത്

ന്യൂഡല്‍ഹി: പ്രശസ്ത മാധ്യമപ്രവര്‍ത്തക ബര്‍ഖ ദത്തിന്റെ ഹാക്ക് ചെയ്യപ്പെട്ട ‘മോജോ സ്‌റ്റോറി’ എന്ന യുട്യൂബ് ചാനല്‍ തിരിച്ചെടുത്തു. ബര്‍ഖ ദത്ത് തന്നെയാണ് ഇക്കാര്യം സാമൂഹ്യ മാധ്യമങ്ങള്‍ വഴി അറിയിച്ചത്.അക്കൗണ്ട് ഹാക്ക് ചെയ്ത് മുഴുവന്‍ വിഡിയോയും ഡിലീറ്റ് ചെയ്തതായി ബര്‍ഖ ദത്ത് ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ എല്ലാം തിരിച്ചെടുത്തതായി അവര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ഇവരുടെ യുട്യൂബ് ചാനല്‍ ഹാക്ക് ചെയ്യപ്പെട്ടത്.പ്രൊഫൈല്‍ ഫോട്ടോയും ചാനലിന്റെ പേരുമടക്കം മാറ്റിയ നിലയിലായിരുന്നു. ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള വാഹന നിര്‍മാണ കമ്പനിയായ ടെസ്‌ലയുടെ പേരും ലോഗോയുമാണ് അപ്പോള്‍ കാണിച്ചിരുന്നത്. ഹാക്കര്‍മാര്‍ യു ട്യൂബ് ചാനലിന്റെ നിയന്ത്രണം ഏറ്റെടുത്തത് മുതല്‍ ചാനല്‍ മരവിപ്പിക്കാന്‍ യു ട്യൂബിനോട് പലതവണ അഭ്യര്‍ഥിച്ചെന്നും എന്നാല്‍ നടപടിയെടുത്തില്ലെന്നും ഇപ്പോള്‍ മുഴുവന്‍ വിഡിയോയും നഷ്ടപ്പെട്ടെന്നും സ്ഥാപകയും എഡിറ്ററുമായ ബര്‍ഖ ദത്ത് വ്യക്തമാക്കിയിരുന്നു. കോവിഡ് കാലത്തെ മൂന്ന് വര്‍ഷത്തെ വിഡിയോ റിപ്പോര്‍ട്ടുകള്‍ ഉള്‍പ്പെടെ നാല് വര്‍ഷത്തെ 11,000 വിഡിയോകള്‍ ചാനലില്‍ ഉണ്ടായിരുന്നു. ‘നാല് വര്‍ഷത്തെ രക്തവും അധ്വാനവും വിയര്‍പ്പും കണ്ണീരുമെല്ലാം പോയി. എന്റെ ഹൃദയം തകര്‍ന്നിരിക്കുകയാണ്’- യുട്യൂബ് സി.ഇ.ഒ നീല്‍ മോഹനെ ടാഗ് ചെയ്തുള്ള ട്വീറ്റില്‍ ബര്‍ഖ ദത്ത് കുറിച്ചു.

webdesk11: