സ്‌കൂള്‍ കലോത്സവത്തില്‍ ഒപ്പന മത്സരത്തിനിടയില്‍ കുപ്പിവള പൊട്ടി കയ്യില്‍ കുത്തിക്കയറി കൈ മുറിഞ്ഞ് വസ്ത്രം മുഴുവന്‍ രക്തത്തില്‍ കുതിര്‍ന്നിട്ടും മത്സരം തുടര്‍ന്ന വാര്‍ത്ത ഏറെ ഞെട്ടലോടെയാണ് നാം എല്ലാം കേട്ടത്.
എന്നാല്‍ ഇതിന് പിന്നിലെ ഒളിഞ്ഞിരിക്കുന്ന അപകടവും സംഘാടകരുടെ ശ്രദ്ധ ഇല്ലായ്മയും അക്കമിട്ട് പറയുന്ന ഒരു ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഒപ്പന മത്സരത്തിനിടയില്‍ കുപ്പിവള പൊട്ടി കയ്യില്‍ കുത്തിക്കയറി കൈ മുറിഞ്ഞു വസ്ത്രം മുഴുവന്‍ രക്തത്തില്‍ കുതിര്‍ന്നിട്ടും മത്സരം തുടര്‍ന്നു, അവസാനിച്ച ശേഷം കുഴഞ്ഞു വീണ പെണ്‍കുട്ടിയും സംഘവും എ ഗ്രേഡ് നേടിയതിനെപ്പറ്റിയുള്ള വാഴ്ത്തുപാട്ടുകളാണ് സോഷ്യല്‍ മീഡിയയിലും പത്രങ്ങളിലും.
ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റി എന്നത് എത്രത്തോളം ഉദാസീനമായിട്ടാണ് നമ്മള്‍ കൈകാര്യം ചെയ്യുന്നതെന്ന് വെളിവാക്കുന്ന സംഭവമാണിത്. പൊട്ടാവുന്ന കുപ്പിവളകള്‍ ഇട്ടു മത്സരിക്കാന്‍ അനുവാദം കൊടുക്കുന്നിടത്തു നിന്ന് തുടങ്ങും ഈ അലംഭാവം. മത്സരത്തിനിടയില്‍ ഇത്തരമൊരു അപകടം ഉണ്ടായാല്‍ അവിടെ വെച്ച് മത്സരം നിര്‍ത്തിക്കാനുള്ള ഉത്തരവാദിത്തം കാണിക്കാത്ത സംഘാടകരും വിധികര്‍ത്താക്കളും ഒരുപോലെ തെറ്റുകാരാണ്. ഇങ്ങനെ കൈ മുറിയുമ്പോള്‍ wrist se രക്തക്കുഴലുകളും നാഡികളും മുറിയാനുള്ള സാധ്യത ഏറെയാണ്. അമിതരക്തസ്രാവം മരണത്തിനു വരെ കാരണമാകാം. കുപ്പിവളയിലെ പൊട്ടിയ സ്ഫടികക്കഷണങ്ങള്‍ tendon, മസില്‍ എന്നിവയില്‍ കേറിയാല്‍ പിന്നീടത് പുറത്തടുക്കുക എന്നത് വൈക്കോല്‍ക്കൂനയില്‍ സൂചി തിരയുന്നത് പോലെയാവും. കയ്യുടെ ചലനത്തിനുമനുസരിച്ചു ഈ പൊട്ടിയ കുപ്പിക്കഷണങ്ങള്‍ സ്ഥാനം മാറിക്കൊണ്ടിരിക്കാനുള്ള സാധ്യത ഏറെയാണ്.
അത് പോലെ തന്നെ വിമര്‍ശിക്കപ്പെടേണ്ടതാണ് സോഷ്യല്‍ മീഡിയയിലും പത്രമാധ്യമങ്ങളും ഇതിനെ സെലിബ്രേറ്റ് ചെയ്യുന്നവരും. ചത്താലും വേണ്ടൂല്ല, ഒരു കലോത്സവത്തില്‍ എ ഗ്രേഡ് നേടുന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ സംഭവമെന്ന് പുതു തലമുറയുടെ മനസ്സില്‍ ഉറപ്പിക്കുന്നതാണ് ഇത്തരം പ്രവര്‍ത്തികള്‍.