ആലപ്പുഴ: നാടിനെ നടുക്കിയ ആലപ്പുഴ ഇരട്ടകൊലപാതകത്തിന് ഇന്ന് ഒരാണ്ട് പൂര്‍ത്തിയാകുന്നു. വാര്‍ഷിക അനുസ്മരണത്തിന്റെ പശ്ചാതലത്തില്‍ ജില്ലയില്‍ പൊലീസ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ. എസ് ഷാനും ബി.ജെ. പി ഒ.ബി.സി മോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്ജിത്ത് ശ്രീനിവാസനുമാണ് അടുത്ത് അടുത്ത ദിവസങ്ങളില്‍ കൊലപ്പെട്ടത്. 2021 ഡിസംബര്‍ 18ന് രാത്രിയിലായിരുന്നു സംഭവങ്ങളുടെ തുടക്കം. ആലപ്പുഴ മണ്ണഞ്ചേരിയില്‍ നിന്നും വീട്ടിലേക്കുള്ള സാധനങ്ങളുമായി പോവുകയായിരുന്ന കെ. എസ് ഷാന്‍ സഞ്ചരിച്ചിരുന്ന ബൈക്കിന് പിന്നില്‍ കാറിടിച്ച് വീഴ്ത്തിയ ശേഷം ആര്‍.എസ്.എസ് സംഘം മൃഗീയമായി കൊലപ്പെടുത്തുകയായിരുന്നു. പിറ്റേ ദിവസം പുലര്‍ച്ചയെ ആലപ്പുഴ വെള്ളകിണറിലെ വീട്ടില്‍ വെച്ചാണ് രഞ്ജിത്ത് ശ്രീനിവാസനെ എസ്.ഡി.പി.ഐ സംഘം കൊലപ്പെടുത്തിയത്.
കൃത്യമായി ആസൂത്രണത്തോടെ നടന്ന ഷാന്‍ വധത്തിന് പ്രതികാരമുണ്ടാകുമെന്ന സാധ്യത മുന്‍കൂട്ടികാണുന്നതില്‍ പൊലീസിനുണ്ടായ വീഴ്ചയാണ് രഞ്ജിത്ത് വധത്തിലേക്ക് കാര്യങ്ങളെത്തിച്ചതെന്ന ആക്ഷേപം ശക്തമായിരുന്നു. തുടര്‍ന്ന് എ.ഡി.ജി.പി വിജയ് സാഖറെയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസിന്റെ തുടക്കത്തില്‍ മേല്‍നോട്ടം വഹിച്ച് പ്രതികളിലേക്ക് വേഗത്തിലെത്തിയത്. തുടര്‍ന്ന് രണ്ട് ഡി.വൈ.എസ്.പിമാരുടെ നേതൃത്വത്തിലുള്ള സംഘങ്ങളാണ് കേസ് അന്വേഷണം മുന്നോട്ട് കൊണ്ടു പോയി. രണ്ട് കേസുകളിലും ഒന്നാംഘട്ട കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.