കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലിലെ ലൈംഗികപീഡനക്കേസില്‍ രണ്ടാം പ്രതിയായ സൈജു തങ്കച്ചന് പോലീസിന് മുന്നില്‍ കീഴടങ്ങി.കളമശ്ശേരി മെട്രോ പോലീസ് സ്റ്റേഷനിലാണ് സൈജു തങ്കച്ചന് കീഴടങ്ങിയത്.
പോക്സോ കേസിലെ മുഖ്യ പ്രതി റോയ് ജി വയലാട്ട് കഴിഞ്ഞ ദിവസം പോലീസില്‍ കീഴടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് നിലവില്‍ സൈജു തങ്കച്ചനും കീഴടങ്ങിയിരിക്കുന്നത്. അതേസമയം റോയിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. വിശദമായ ചോദ്യം ചെയ്യലിന് കസ്റ്റഡിയില്‍ വേണമെന്ന ആവശ്യവും പോലീസ് മുന്നോട്ട് വെക്കും.സൈജു തങ്കച്ചന്റെയും റോയ് ജി വയലാട്ടന്റെയും മുന്‍കൂര്‍ ജാമ്യം കോടതി തള്ളിയിരുന്നു.
കേസിലെ മൂന്നാം പ്രതിയായ അഞ്ജലീ റീമ ദേവിന് ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചിട്ടുണ്ട്. ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. മൂന്നാം പ്രതിയായ അഞ്ജലി റീമാ ദേവന് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു.
വയനാട് സ്വദേശിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക ഉദ്ദേശത്തോടെ ഹോട്ടല്‍ എത്തിച്ചെന്നാണ് കേസ്. കോഴിക്കോട് സ്വദേശികളായ അമ്മയും മകളുമാണ് പരാതി നല്‍കിയിരിക്കുന്നത്.