ദമ്മാം, കേരളത്തില്‍ സാമ്പത്തിക, വിദ്യാഭ്യാസ, സാമൂഹിക മേഖലകളില്‍ പിന്നാക്കം നില്‍ക്കുന്ന മുസ്ലിം സമുദായത്തിന്റെ പുനരേകീകരണം മുന്‍നിര്‍ത്തി തൊള്ളായിരത്തി എണ്‍പതില്‍ കോഴിക്കോട് ആസ്ഥാനമായി രൂപീകൃതമായ മുസ്ലിം സര്‍വ്വീസ് സൊസൈറ്റിയുടെ ദമ്മാം യൂണിറ്റ് ഏകദിന കുടുംബ സംഗമവും വനിതാവിംഗിന്റെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ പതിനാറ് വര്‍ഷമായി നടത്തി വരുന്ന അക്കാഡമിക് എക്‌സലന്‍സ് അവാര്‍ഡ് വിതരണവും സമുചിതമായി ആഘോഷിച്ചു.
അക്കാഡമിക് എക്‌സലന്‍സ് അവാര്‍ഡുകള്‍ നല്‍കുക വഴി ഉന്നതവിജയം കരസ്ഥമാക്കുന്ന വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും പ്രോത്സാഹിപ്പിക്കുക മാത്രമല്ല വിദ്യാഭ്യാസപരമായ പിന്നാക്കാവസ്ഥയുടെ കാരണങ്ങള്‍ കണ്ടെത്തി ക്രിയാത്മകമായ വഴികളിലൂടെ പരിഹാര പ്രവര്‍ത്തനങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുകയെന്ന സ്തുത്യര്‍ഹമായ സേവനമാണ് ദമ്മാം യൂണിറ്റ് വനിതാ വിംഗ് പ്രവര്‍ത്തകര്‍ കാഴ്ചവെയ്ക്കുന്നതെന്ന് സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിച്ച മുന്‍ എം.എസ്. എസ് ദമ്മാം യൂണിറ്റ് പ്രസിഡന്റും മുഖ്യരക്ഷാധികാരിയുമായ സി.അബ്ദുല്‍ ഹമീദ് അഭിപ്രായപ്പെട്ടു.
ഏകദിന ക്യാമ്പിന് മുന്നോടിയായി മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഏര്‍പ്പെടുത്തിയ സാഹിത്യരചനാമത്സരങ്ങളുടെ ഫലപ്രഖ്യാപനം പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ അബ്ദുള്‍ മജീദ് നിര്‍വ്വഹിച്ചു.
കുട്ടികളില്‍ കായിക അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച അണ്ടര്‍ഫോര്‍ട്ടിന്‍ സോക്കര്‍ ടൂര്‍ണ്ണമെന്റ് കളിക്കളത്തിലെ മികവ് കൊണ്ടും പൊതുജന പങ്കാളിത്തം കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ടു. ആവേശകരമായ മത്സരത്തില്‍ ഫോക്കസ് സോക്കര്‍ ക്ലബ്ബിനെതിരെ മറുപടിയില്ലാത്ത ഒരു ഗോള്‍ നേടി എം.യു.എഫ്.സി സോക്കര്‍ അക്കാഡമി ബവന്‍ ലാന്റ് കപ്പ് ജേതാക്കളായി.