X

സഭാ പ്രസംഗം പങ്കുവെച്ചജീവനക്കാരനെ സസ്‌പെന്റ് ചെയ്ത നടപടി പിൻവലിക്കണം: പി.എം.എ സലാം

കോഴിക്കോട്: പ്രതിപക്ഷ നേതാവിന്റെ വാർത്താസമ്മേളനവും നിയമസഭ പ്രസംഗവും സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ച നികുതി ഉദ്യോഗസ്ഥനെതിരെ സ്വീകരിച്ച അച്ചടക്ക നടപടി പിൻവലിക്കണമെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം ആവശ്യപ്പെട്ടു.

സഭ ടി.വി പ്രക്ഷേപണം ചെയ്ത പ്രതിപക്ഷ നേതാവിന്റെ പ്രസംഗം പങ്കുവെച്ചെന്ന് ആരോപിച്ച് സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ സെക്രട്ടറി അഷ്‌റഫ് മാണിക്യത്തെ സസ്‌പെന്റ് ചെയ്തത് വിചിത്ര നടപടിയാണ്. പ്രതിപക്ഷ സർവ്വീസ് സംഘടനകളിലെ ആറോളം പേർക്ക് നോട്ടീസ് നൽകിയിട്ടുമുണ്ട്.

എല്ലാ കാലത്തും അധികാരത്തിൽ കടിച്ചു തൂങ്ങാമെന്ന് കരുതുന്ന കൂപമണ്ഡൂകങ്ങളാണ് ഈ നടപടിക്ക് പിന്നിൽ. ഒരു ജനാധിപത്യ സമൂഹത്തിലെ സ്വാഭാവിക വിയോജിപ്പുകൾ പോലും സഹിക്കാൻ കഴിയാത്തവരായി കമ്യൂണിസ്റ്റ് പാർട്ടിയും സർക്കാറും മാറിയതിന്റെ തെളിവാണിത്. -പി.എം.എ സലാം പറഞ്ഞു.

പൊതു മാധ്യമങ്ങളിൽ വന്ന പ്രസംഗം ഷെയർ ചെയ്തു എന്നത് ഗുരുതര കുറ്റമായി കാണുന്നത് അംഗീകരിക്കാനാവില്ല. സർക്കാറിനെതിരെ നിലപാട് സ്വീകരിക്കുന്നവരെയെല്ലാം നടപടിയുടെ ഉമ്മാക്കി കാട്ടി ഭീഷണിപ്പെടുത്തുന്ന കീഴ്‌വഴക്കം ആശങ്കാജനകമാണ്. ഉദ്യോഗസ്ഥനെതിരെ സ്വീകരിച്ച നടപടി ഉടൻ പിൻവലിക്കണം.- അദ്ദേഹം ആവശ്യപ്പെട്ടു.

webdesk11: