ധാരാളം പോഷകഗുണങ്ങള്‍ ഉലുവയില്‍ അടങ്ങിയിരിക്കുന്നു. ഉലുവ ആരോഗ്യത്തിനും സൗന്ദര്യത്തിനുമെല്ലാം ഒരേ പോലെ ഗുണകരമാണ്.ദിവസവും വെറും വയറ്റില്‍ ഒരു ഗ്ലാസ് ഉലുവ വെള്ളം കുടിച്ചാലുള്ള ഗുണങ്ങള്‍ ചെറുതൊന്നുമല്ല. ഇതില്‍ ഫോളിക് ആസിഡ്, വിറ്റാമിന്‍ എ, വിറ്റാമിന്‍ സി എന്നിവ ധാരാളം അടങ്ങിയിരിക്കുന്നു.രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതില്‍ ഉലുവ വെള്ളം സഹായിക്കും. പ്രകൃതിദത്തമായ ലയിക്കുന്ന ഫൈബറായ ഗാലക്ടോമാനന്‍ രക്തത്തിലേക്കുള്ള പഞ്ചസാരയുടെ ആഗിരണം കുറയ്ക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ഇന്‍സുലിന്റെ ഉത്പാദനത്തിന് പ്രേരിപ്പിക്കുന്ന അമിനോ ആസിഡുകളും ഉലുവയില്‍ അടങ്ങിയിട്ടുണ്ട്. ഉലുവ മുളപ്പിച്ചും കഴിക്കാം. മുളപ്പിച്ച ഉലുവയാണ് കഴിക്കുന്നതെങ്കില്‍ പോഷകങ്ങള്‍ ഇനിയും കൂടും.
ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കാനും ഉലുവ വെള്ളത്തിന് സാധിക്കുമെന്നാണ് 2015ല്‍ ഇന്റര്‍നാഷണല്‍ ജേണല്‍ ഫോര്‍ വിറ്റാമിന്‍ ആന്‍ഡ് ന്യൂട്രീഷന്‍ റിസര്‍ച്ചില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്.
കൊളസ്ട്രോള്‍ നിയന്ത്രിക്കാന്‍ മികച്ച പരിഹാരമാണ് ഉലുവ. ഉയര്‍ന്ന കൊളസ്‌ട്രോള്‍ ഉള്ളവര്‍ തീര്‍ച്ചയായും ഉലുവ വെള്ളം കുടിക്കാന്‍ ശ്രമിക്കുക. ചീത്ത കൊളസ്‌ട്രോള്‍ കുറച്ച് നല്ല കോളസ്‌ട്രോള്‍ ഉദ്പാദനം നിലനിര്‍ത്താന്‍ ഉലുവയ്ക്ക് കഴിയും.
വൈറ്റമിന്‍ കെ, വൈറ്റമിന്‍ സി എന്നിവ അടങ്ങിയ ഉലുവ ചര്‍മത്തിലെ തിണര്‍പ്പുകളും കറുത്ത പാടുകളും മാറാന്‍ സഹായിക്കും. ശരീരത്തിലെ വിഷാംശം നീക്കി ദഹനത്തെ സഹായിക്കുന്ന ഉലുവ ചര്‍മത്തിന്റെയും ആരോഗ്യം സംരക്ഷിക്കുന്നു.