ഇപ്പോള്‍ മൊറോക്കന്‍ താരം അഷ്‌റഫ് ഹക്കീമിയെ ആശ്വസിപ്പിച്ച് ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ പങ്കുവെച്ച ട്വീറ്റാണ് വൈറലാവുന്നത്. ‘സങ്കടപ്പെടരുത് ബ്രോ, നിങ്ങളുടെ നേട്ടത്തിനെയോര്‍ത്ത് എല്ലാവരും അഭിമാനിക്കുന്നു. നിങ്ങള്‍ ചരിത്രമെഴുതി’- ഹക്കീമിയെ കെട്ടിപ്പിടിച്ചു നില്‍ക്കുന്ന ചിത്രം പങ്കുവെച്ചു കൊണ്ട് എംബാപ്പെ ട്വിറ്ററില്‍ കുറിച്ചു.
കായിക ലോകത്തിന്റെയൊന്നടങ്കം കയ്യടി നേടിക്കൊണ്ടാണ് ഹക്കീം സിയെച്ചും സംഘവും സെമി ഫൈനല്‍ വരെ പോരാടിയത്. വളരെ മനോഹരമായാണ് അവര്‍ കളിക്കളത്തില്‍ നിറഞ്ഞത്. ചരിത്രങ്ങളെയെല്ലാം മാറ്റിയെഴുതിയാണ് മൊറോക്കോ ഖത്തറില്‍ പോരാടിയത്. ഗ്രൂപ്പ് ഘട്ടവും കടന്ന് നോക്കൗട്ടിലും അതേ കുതിപ്പ് തുടര്‍ന്നു. ഒടുക്കം സെമിയില്‍ നിലവിലെ ചാമ്ബ്യന്മാര്‍ കലാശപ്പോരിനായി ആഞ്ഞടിച്ചപ്പോള്‍ മൊറോക്കോയ്ക്ക് പതറി.ആരാലും ശ്രദ്ധിക്കപ്പെടാതെ ലോകകപ്പിനെത്തിയ ടീം സെമി ഫൈനല്‍ കളിച്ചിട്ടാണ് മടങ്ങുന്നത്. പോര്‍ച്ചുഗല്‍ അടക്കമുള്ള വമ്ബന്മാരെ കീഴടക്കിയാണ് മൊറോക്കോ സെമിയിലെത്തിയത്. ലോകകപ്പ് സെമിയിലെത്തുന്ന ആദ്യത്തെ ആഫ്രിക്കന്‍ ടീം കൂടിയാണ് മൊറോക്കോ.
ഫ്രാന്‍സിനെതിരെയുള്ള പോരാട്ടത്തില്‍ അടിയറവ് പറഞ്ഞതിന് ശേഷം മൈതാനത്ത് തളര്‍ന്നിരുന്ന ഹക്കീമിയെ എംബാപ്പെ പിടിച്ചെഴുന്നേല്‍പ്പിക്കുന്ന രംഗം ഏറെ ഹൃദ്യമായിരുന്നു. കളത്തിന് പുറത്തും അടുത്ത സൗഹൃദം കാത്തു സൂക്ഷിക്കുന്നവരാണ് ഇരു താരങ്ങളും. ഫ്രഞ്ച് ക്ലബ് പിഎസ്ജിയില്‍ സഹതാരങ്ങളാണ് ഇരുവരും.