X

ദേശീയ സഖ്യം: കേരള ഘടകത്തെ തള്ളി യെച്ചൂരി, ലക്ഷ്യം തമിഴ്‌നാട് മോഡല്‍

ദേശീയ തലത്തില്‍ കോണ്‍ഗ്രസ് ഇതര പ്രാദേശിക സഖ്യം വേണമെന്ന കേരള ഘടകത്തിന്റെ നിര്‍ദേശം തള്ളി സി.പി.എം കേന്ദ്ര നേതൃത്വം. കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന തമിഴ്‌നാട് മോഡല്‍ സഖ്യമാണ് പരിഗണനയിലെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി. യെച്ചൂരിയുടെ വാദത്തെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികളും പിന്തുണച്ചു. ഇതോടെ കേരളഘടകം ഭേദഗതിയില്‍ നിന്ന് പിന്‍മാറിയതായാണ് വിവരം.

ബിജെപിക്കെതിരായ മതേതര ജനാധിപത്യ മുന്നണിയില്‍ കോണ്‍ഗ്രസിനെ വിശ്വാസത്തിലെടുക്കാന്‍ കഴിയില്ലെന്നായിരുന്നു സംഘടനാ ചര്‍ച്ചക്കിടെ കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ ആവര്‍ത്തിച്ചത്. അതേസമയം കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്താന്‍ കഴിയില്ലെന്ന് ഹരിയാന, ആന്ധ്ര പ്രതിനിധികള്‍ വ്യക്തമാക്കി. ഇതോടെ യെച്ചൂരി മുന്നോട്ട് വെച്ച തമിഴ്‌നാട് മോഡല്‍ സഖ്യമെന്ന നിര്‍ദേശത്തെ ബംഗാളില്‍ നിന്നുള്ള പ്രതിനിധികളും പിന്തുണച്ചു.

കോണ്‍ഗ്രസിനോടുള്ള സമീപനത്തില്‍ അവ്യക്തതയില്ലെന്ന് മറുപടി പ്രസംഗത്തില്‍ യെച്ചൂരി വ്യക്തമാക്കി. എല്ലാകാലത്തും തെരഞ്ഞെടുപ്പിനു ശേഷമേ ദേശീയ സഖ്യം ഉണ്ടാക്കിയിട്ടുളളൂ. ഇതനുസരിച്ചുള്ള പ്രായോഗിക സമീപനം പ്രാദേശിക തലത്തില്‍ ഉണ്ടാക്കണം. ബിജെപിയെ പ്രതിരോധിക്കുക എന്നതാണ് മുഖ്യം. ഇതിന് സംസ്ഥാനങ്ങളില്‍ ആദ്യം സഖ്യങ്ങള്‍ ഉണ്ടാക്കും. അതില്‍ കോണ്‍ഗ്രസിനേയും ഉള്‍പ്പെടുത്തും. തമിഴ്‌നാട് മാതൃകയിലായിരിക്കും ഇത്.

ഈ സഖ്യങ്ങളുടെ പൊതുസ്വഭാവത്തിന് അനുസരിച്ചായിരിക്കും ദേശീയ തലത്തില്‍ സഖ്യമുണ്ടാക്കുക. സഖ്യത്തെ ആര് നയിക്കണം എന്നത് അപ്പോഴത്തെ സാഹചര്യത്തിന് അനുസരിച്ച് തീരുമാനിക്കുമെന്നും യെച്ചൂരി പറഞ്ഞു. കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്തിയുള്ള മുന്നണിയെ കഴിഞ്ഞ ദിവസം പശ്ചിമ ബംഗാളില്‍ നിന്നുള്ള പ്രതിനിധികള്‍ പരിഹസിച്ചിരുന്നു.

ഇന്നലെ രാത്രിചേര്‍ന്ന പിബി യോഗം പാര്‍ട്ടി കരട് നയം ചര്‍ച്ച ചെയ്തു. ഇന്ന് ഉച്ചയോടെ നടപടികള്‍ പൂര്‍ത്തിയാക്കി നയ പ്രഖ്യാപനം നടത്തും. 17 അംഗ പിബിയില്‍ 75 വയസ് പൂര്‍ത്തിയാക്കിയ നാലുപേരില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഇളവ് നല്‍കുന്ന കാര്യവും ചര്‍ച്ച ചെയ്തു. ഇന്ന് ഉച്ചയോടെ പുതിയ പിബി അംഗങ്ങളെയും സിസി അംഗങ്ങളെയും തെരഞ്ഞെടുക്കും.

Test User: