X

മലപ്പുറം എസ്.പി സുജിത് ദാസിനെ മാറ്റണമെന്ന് എം.എസ്.എഫ്

മലപ്പുറം ജില്ലയെ ‘ബ്ലാക്ക് ലിസ്റ്റ്’ ചെയ്യാനുള്ള ആസൂത്രിത ശ്രമത്തിന് എസ്.പി നേതൃത്വം നല്‍കുന്നുവെന്ന് എം.എസ്. എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ്. ഇനിയും മൗനമിരുന്നാല്‍ 2023ല്‍ സൗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതല്‍ ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത ജില്ലയായി മലപ്പുറം ജില്ല മാറും. ആന ചെരിഞ്ഞത് പാലക്കാട് ആവുമ്പോള്‍ സാധാരണവും മലപ്പുറത്ത് ആകുമ്പോള്‍ അസാധാരണവും ആണെന്ന് ചിന്തയുള്ള ഇന്ത്യ ഭരിക്കുന്ന ഭരണാധികാരികള്‍ക്ക് മുമ്പില്‍ മലപ്പുറം ജില്ല ഒരു ക്രിമിനല്‍ ജില്ലയാണ് എന്നു വരുത്തിത്തീര്‍ക്കാന്‍ ആസൂത്രിതമായ വഴിയൊരുക്കുകയാണ് മലപ്പുറം എസ്.പിയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു നവാസ് ഫെയ്‌സ്ബുക്കില്‍ പറഞ്ഞു.

ഒരു കേസില്‍ പിടിക്കപ്പെടുന്ന പത്ത് പേരെ രണ്ടു വീതം ആളുകളാക്കി 5 എഫ്‌ഐആര്‍ കേസുകളാക്കി ജില്ലയിലെ കേസുകളുടെ എണ്ണം പെരുപ്പിച്ച് കാണിച്ച് ക്രമാതീതമായി വര്‍ദ്ധിപ്പിക്കുകയാണ്.2016 മുതല്‍ 2019 വരെ ജില്ലാ പോലീസ് ക്രൈം ബ്യൂറോ റെക്കോര്‍ഡ് പ്രകാരം ശരാശരി മലപ്പുറം ജില്ലയില്‍ രജിസ്റ്റര്‍ ചെയ്യുന്ന കേസുകളുടെ എണ്ണം എന്നുപറയുന്നത് 12,000 ആണ് .എന്നാല്‍ സുജിത് ദാസ് ഐപിഎസ് മലപ്പുറം ജില്ല പോലീസ് സൂപ്രണ്ടായി 2021 ഫെബ്രുവരി ചുമതലയേറ്റത് മുതല്‍ കണക്കുകള്‍ നമ്മളെ അത്ഭുതപ്പെടുത്തുകയാണ്

2021ല്‍ 50 ശതമാനം വര്‍ദ്ധനവോട് കൂടി 19,045 കേസുകളാണ് മലപ്പുറം ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത്.2022ല്‍ കേസുകളുടെ എണ്ണം ശരാശരിയില്‍ നിന്ന് 150 ശതമാനം വര്‍ദ്ധനയോടെ 26,957 ആയി.2023 പാതി വര്‍ഷം ആയപ്പോഴേക്കും കേസുകളുടെ എണ്ണം 13,000 കവിഞ്ഞു.ഇത് മലപ്പുറത്തിന്റെ തന്നെ സര്‍വകാല റെക്കോര്‍ഡിലേക്ക് എന്ന് മാത്രമല്ല, സൗത്ത് ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത ജില്ലയായി മലപ്പുറം മാറുന്നു എന്നതിലേക്കുള്ള സൂചനകളാണ് നമുക്ക് നല്‍കുന്നത്

2021 വരെ ഇല്ലാത്ത ക്രിമിനല്‍ കേസുകളുടെ വര്‍ദ്ധനവ് സുജിത് ദാസ് എസ്.പിയായി ചുമതലയേറ്റ ശേഷം മാത്രം മലപ്പുറത്ത് എങ്ങനെയുണ്ടായി..??

ജനാധിപത്യത്തിന്റെ നാലാം തൂണുകളായ മലപ്പുറത്തെ മാധ്യമങ്ങള്‍ക്ക് മനസ്സിലാവാത്ത..മലപ്പുറത്തെ ജനങ്ങളുടെ ശ്രദ്ധയില്‍പ്പെടാത്ത..
മലപ്പുറത്തെ ജനപ്രതിനിധികളുടെ കണ്ടിട്ടില്ലാത്ത..മലപ്പുറത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭ്യമായിട്ടില്ലാത്ത..
എന്ത് വലിയ ലോ & ഓര്‍ഡര്‍ പ്രശനമാണ് മലപ്പുറത്ത് ഉണ്ടായത്..??

അങ്ങനെയൊന്നില്ല എന്നത് നമുക്കെല്ലാവര്‍ക്കും ബോധ്യമുള്ളതാണ്.

മലപ്പുറം ജില്ല കഴിഞ്ഞ് പോയ കാലങ്ങളില്‍ നേടിയെടുത്ത പൈതൃകങ്ങളെയും പ്രൗഢിയേയും മലീമസമാക്കുന്ന ആസൂത്രിതമായ ഒരു ശ്രമത്തിനു ഈ പൊലീസ് സൂപ്രണ്ട് നേതൃത്വം കൊടുക്കുമ്പോള്‍ ഒരുമിച്ച് ഒരു മുന്നേറ്റം മലപ്പുറത്ത് സാധ്യമാകേണ്ടതുണ്ട്.ഇത് ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ മാത്രം ഉത്തരവാദിത്തമല്ല, മലപ്പുറത്തെ ജനങ്ങള്‍ ഒരുമിച്ച് ഏറ്റെടുക്കേണ്ട ഒരു ദൗത്യമാണ്.

സെന്‍ട്രല്‍ ഗവണ്‍മെന്റിന്റെ ഗുഡ് ലിസ്റ്റില്‍പ്പെട്ട ഐപിഎസ് ഉദ്യോഗസ്ഥനാവുകയും കേരളത്തില്‍ പിണറായി ഗവണ്‍മെന്റിന് പ്രിയപ്പെട്ടവനാവുകയും ചെയ്താല്‍ ആര്‍ക്കും മാറ്റാന്‍ കഴിയില്ലെന്ന മൗഢ്യത്തില്‍ നിന്ന് ജനങ്ങളാണ് വലുതെന്ന് ബോധ്യപെടുത്തലുകളിലേക്ക് ഈ അനീതിക്കെതിരെയുള്ള ശബ്ദമുയരണം – നവാസ് ആവശ്യപ്പെട്ടു.

webdesk11: