മേയര്‍ ആര്യ രാജേന്ദ്രന്‍ നടത്തിയത് തികഞ്ഞ ജന വഞ്ചനയും സത്യപ്രതിജ്ഞ ലംഘനവുമാണെന്ന് മുസ്‌ലിം യൂത്തലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്.കോര്‍പറേഷനിലെ ഒഴിവുകളില്‍ നിയമിക്കേണ്ട ആളുകളുടെ ലിസ്റ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം ജില്ലാ സെക്രട്ടറിക്ക് കത്തെഴുതിയ മേയര്‍ ആര്യാ രാജേന്ദ്രന് നടത്തിയ കാര്യത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒന്നു രണ്ടു പ്രാവശ്യമൊന്നുമല്ല തിരുവനന്തപുരം മേയര്‍ അഴിമതി ഉള്‍പ്പെടെയുള്ള വിവാദങ്ങളില്‍ ഉള്‍പ്പെടുന്നത്.
ഒടുവിലത്തേത് പക്ഷേ, തികഞ്ഞ ജന വഞ്ചനയും സത്യപ്രതിജ്ഞ ലംഘനവും സ്വജന പക്ഷപാതവുമാണ്. ഉളുപ്പുണ്ടെങ്കില്‍ മേയര്‍ ഇനി ആ സ്ഥാനത്ത് തുടരാന്‍ പാടില്ല അദ്ദേഹം പറഞ്ഞു.
ഒട്ടേറെപേര്‍ ജോലി ലഭിക്കാതെ വഴിയാധാരമായി നടക്കുമ്പോള്‍ പിന്‍വാതില്‍ വഴി ഇഷ്ടക്കാരെ നിയമിക്കുക മാത്രമല്ല, അതിലേക്ക് പാര്‍ട്ടിക്കാരെ ആവശ്യപ്പെട്ട് സി.പി.ഐ.എം ജില്ലാ സെക്രട്ടറിക്ക് കത്തയക്കുകയും ചെയ്തിരിക്കുന്നു. എ.കെ.ജി സെന്ററിലേക്കോ കൈരളി ടി.വിയിലേക്കോ അല്ല ആളുകളെ ക്ഷണിച്ചത്. മറിച്ച് സര്‍ക്കാര്‍ ശമ്പളം നല്‍കുന്ന കോര്‍പ്പറേഷനിലേക്കാണ്.ഒരുവശത്ത് ഡല്‍ഹിയില്‍ പോയി ജോലിയെവിടെ എന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ സമരം ചെയ്യുക. ഇവിടെ കേരളത്തില്‍ ഉള്ള ജോലി ഗുണ്ടായിസം കൊണ്ട് പാര്‍ട്ടിക്ക് ശാരീരിക സംഭാവന നല്‍കിയ ക്രിമിനലുകള്‍ക്ക് നല്‍കുക. ഇവരേക്കാള്‍ വലിയ കപടന്മാര്‍ മറ്റാരുണ്ട്.?! അദ്ദേഹം കുറ്റപ്പെടുത്തി.