X

റമസാന്‍ കാര്യണ്യ പ്രവര്‍ത്തനങ്ങളാല്‍ നിറയട്ടെ: സാദിഖലി തങ്ങള്‍

മലപ്പുറം: ശരീരവും മനസും നവീകരിക്കാനുള്ള അവസരമാണ് റമസാനിലൂടെ കൈവന്നിരിക്കുന്നതെന്ന് റമസാന്‍ സന്ദേശത്തില്‍ പാണക്കാട് യ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. ഇസ്‌ലാം പരിചയപ്പെടുത്തിയ നന്മകള്‍ അധികരിപ്പിച്ചും, വിലക്കിയ തിന്മകളില്‍ നിന്നും വഴിമാറി നടന്നും ഈ മാസത്തെ സജീവമാക്കുകയാണ് ലോക മുസ്‌ലിംകള്‍. റജബ് മാസം മുതല്‍ ഓരോ വിശ്വാസിയും ഈ മാസത്തിന്റെ പവിത്രതയിലേക്ക് അലിയാന്‍ പ്രാര്‍ത്ഥനകളോടെ കാത്തിരിക്കുകയായിരുന്നു.

അല്ലാഹുവേ, റജബിലും ശഅബാനിലും നീ ഞങ്ങള്‍ക്ക് ബറകത്ത് ചെയ്യണേ, റമസാന്‍ മാസത്തെ നീ ഞങ്ങള്‍ക്ക് എത്തിച്ചുതരണേ എന്ന് നിരന്തരം പ്രാര്‍ത്ഥിച്ചും റമസാനെ വലവേല്‍ക്കാനുള്ള ഒരുക്കങ്ങള്‍ നടത്തിയും റജബും ശഅബാനും വിശ്വാസികള്‍ സജീവമാക്കി. ഇസ്‌ലാം മതവിശ്വാസിയെ സംബന്ധിച്ചിടത്തോളം റമസാനില്‍ ജീവിക്കുക എന്നത് തന്നെ വലിയൊരു നേട്ടമാണ്. പുണ്യ മാസത്തില്‍ സര്‍വതും അല്ലാഹുവിലേക്ക് സമര്‍പ്പിക്കാനുള്ള ഒരു വേള. സര്‍വ തെറ്റുകുറ്റങ്ങളില്‍ നിന്നും പൊറുക്കലിനെ തേടി അല്ലാഹുവിനോട് യാചിക്കാനുള്ള വിശേഷാവസരം. കൂടുതല്‍ ആത്മീയ ചിന്തകളില്‍ മുഴുകിയും ആരാധനാ നിഷ്ഠകള്‍ കര്‍ക്കശമാക്കിയും അല്ലാഹുവിന്റെ അനുഗ്രഹം നേടിയെടുക്കുന്നതിനുള്ള പരിശ്രമത്തില്‍ വ്യാപൃതമാവേണ്ട ദിനങ്ങള്‍. ആരാധനാ കര്‍മങ്ങളില്‍ നിമഗ്‌നനായിരിക്കാനാണ് വിശ്വാസിയെ റമസാന്‍ നിരന്തരം പ്രേരിപ്പിക്കുന്നത്.

കാരുണ്യം, പാപമോചനം എന്നിവയെല്ലാം റമസാന്റെ പ്രത്യേകതയാണ്. റമസാന്‍ എന്ന വാക്കിന്റെ അര്‍ത്ഥം തന്നെ കരിച്ചു കളയുകയെന്നതാണ്. പാപങ്ങളെ കരിച്ചു കളയുകയെന്നോ, അനിയന്ത്രിത ജീവിത ശൈലിയെ തിരുത്തുക എന്നോ ആണ് വാക്കിന്റെ അര്‍ത്ഥത്തില്‍ നിന്നും മനസിലാക്കേണ്ടത്. പാപമോചനത്തിലേക്ക് ആനയിക്കുന്നതിനുള്ള ഏറ്റവും സുഗമമായ പാതയാണ് റമസാന്‍ മാസം. പിശാചിനെ ബന്ധിയാക്കി അല്ലാഹു നമ്മുടെ വഴി എളുപ്പമാക്കുകയും ചെയ്തിരിക്കുന്നു. ലോകരക്ഷിതാവ് നിര്‍ബന്ധമായും നിറവേറ്റാന്‍ ആവശ്യപ്പെട്ട കര്‍മങ്ങള്‍ക്കൊപ്പം തന്നെ മറ്റു പുണ്യ പ്രവര്‍ത്തനങ്ങളും കാരുണ്യ പ്രവര്‍ത്തനങ്ങളും അധികരിപ്പിക്കാനും ഈ നാളുകളില്‍ നാം ശ്രദ്ധിക്കേണ്ടതുണ്ട്. രോഗികളോടും പ്രയാസപ്പെടുന്നവരോടും കരുണയോടെ ഇടപെടുകയും അവര്‍ക്കായി ആശ്വാസത്തിന്റെ കരങ്ങള്‍ നീട്ടുകയും വേണം. ഭൂമിയിലുള്ളവരോട് നിങ്ങള്‍ കരുണ കാണിക്കുവിന്‍, ആകാശത്തുള്ളവന്‍ നിങ്ങളോടും കരുണ കാണിക്കുമെന്നാണ് ഖുര്‍ആന്‍ വചനം. സമൂഹത്തെ മനസിലാക്കാനുള്ള ഉത്തമ സമയമാണ് റമസാന്‍. പ്രയാസമനുഭവിക്കുന്നവന്റെ നോവ് കാണുന്നതിനുള്ള ഉള്‍ക്കാഴ്ചകള്‍ വ്രതാനുഷ്ഠാനം നമുക്ക് നല്‍കും. ബോധപൂര്‍വ്വം നന്മകള്‍ അധികരിപ്പിച്ചും തിന്മകളില്‍ നിന്നും വിട്ടൊഴിഞ്ഞുനിന്നും അല്ലാഹുവിന്റെ പാതയില്‍ നാം അണിനിരക്കണം. റമസാനില്‍ ആര്‍ജ്ജിച്ചെടുക്കുന്ന നന്മനിറഞ്ഞ, ആരോഗ്യകരമായ ജീവിത ശൈലി തുടര്‍ന്നും മുന്നോട്ട് കൊണ്ടുപോകാന്‍ നമുക്ക് സാധിക്കണം. റമസാന്‍ കാലം അല്ലാഹുവിന്റെ തൃപ്തിക്കായി ചെലവഴിക്കാന്‍ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

webdesk11: