മലബാറില്‍ ആദ്യമായി ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ മുസ്‌ലിം വനിത മാളിയേക്കല്‍ മറിയുമ്മ അന്തരിച്ചു. 97 വയസായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു മറിയുമ്മ.
തലശ്ശേരി മാളിയേക്കല്‍ തറവാട്ടില്‍ ജനിച്ച മറിയുമ്മയുടെ ജീവിതം എതിര്‍പ്പുകളോട് പോരടിച്ചായിരുന്നു. മതപണ്ഡിതന്‍ കൂടിയായ ഓവി അബ്ദുള്ളയുള്ള മകളാണ് മറിയുമ്മ. മകളെ കോണ്‍വെന്റ് സ്‌കൂളിലയച്ചായിരുന്നു ഓവി അബ്ദുള്ള പഠിപ്പിച്ചത്. പെണ്‍കുട്ടികളെ സ്‌കൂളില്‍ അയക്കുന്നത് തെറ്റായിക്കണ്ട യാഥാസ്ഥിതികര്‍ വഴിയില്‍ വച്ച് മറിയുമ്മയെ തടഞ്ഞു, മുഖത്ത് കാര്‍ക്കിച്ച് തുപ്പി. മറിയുമ്മ എല്ലാ എതിര്‍പ്പും മറികടന്ന് പഠിച്ചു. വിമന്‍സ് സൊസൈറ്റിയുണ്ടാക്കി സ്ത്രീധനത്തിനെതിരായി പോരാടി. തലശ്ശേരി കലാപകാലത്ത് സമാധാനത്തിനായി മുന്നിട്ടിറങ്ങി. മറിയുമ്മ മടങ്ങുമ്പോള്‍ ബാക്കിയാകുന്നത് ഒരുകാലത്തിന്റെ പോരാട്ട ഓര്‍മ്മകളാണ്.