X

ലാവ്‌ലിന്‍ കേസ് മാറ്റിവച്ചത് മറ്റൊരു നാടകത്തിലൂടെ: കെ സുധാകരന്‍

ലാവ്ലിന്‍ കേസ് 33-ാം തവണ മാറ്റിവച്ചത് മറ്റൊരു നാടകത്തിലൂടെയാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ഇത്രയേറെ തവണ മാറ്റിവയ്ക്കപ്പെട്ട മറ്റൊരു സുപ്രധാന കേസ് സുപ്രീംകോടതിയുടെ ചരിത്രത്തില്‍ കാണില്ല. പരമോന്നതനീതിപീഠത്തിലും നീതിന്യായവ്യവസ്ഥയിലും ജനങ്ങള്‍ക്ക് പാടേ വിശ്വാസം നഷ്ടപ്പെടുന്ന ഈ നടപടിയുടെ പിന്നിലുള്ള നാടകങ്ങള്‍ എന്നെങ്കിലും പുറത്തുവരും. പരമോന്നത കോടതിയില്‍ ഇതാണു സംഭവിക്കുന്നതെങ്കില്‍ ജനങ്ങള്‍ നീതിതേടി എവിടെപ്പോകും എന്ന ചോദ്യമാണ് ഉയരുന്നത്.

ഹൈക്കോടതിയില്‍ കേസ് കേട്ട മലയാളി ജഡ്ജി സി.ടി രവികുമാര്‍ അക്കാരണം പറഞ്ഞ് പിന്‍മാറിയതുമൂലമാണ് സുപ്രീംകോടതി കേസ് പരിഗണിക്കുന്നതില്‍നിന്ന് പിന്‍മാറിയത്. സി.ടി രവികുമാര്‍ ലാവ്ലിന്‍ കേസ് ഹൈക്കോടതിയില്‍ കേട്ട ജഡ്ജിയാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നിരിക്കെ എങ്ങനെയാണ് അദ്ദേഹവും ജസ്റ്റിസ് എംആര്‍ ഷായും ഉള്‍പ്പെടുന്ന രണ്ടംഗ ബെഞ്ച് സുപ്രീംകോടതി രൂപീകരിച്ചതെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കണം. ഈ കേസ് കേട്ട ജഡ്ജി എന്ന നിലയ്ക്ക് അദ്ദേഹത്തിനു ബെഞ്ചില്‍നിന്ന് നേരത്തെ പിന്‍മാറാമായിരുന്നു. എന്തുകൊണ്ടാണ് അതു ചെയ്യാതിരുന്നതെന്നത് ദുരൂഹം. വലിയ വിമര്‍ശനങ്ങളും ആരോപണങ്ങളും കേസ് മാറ്റിവയ്ക്കല്‍ സംബന്ധിച്ച് ഉയരുന്നുണ്ട്.

നേരത്തെ 32 തവണയും ഇതേ രീതിയിലാണ് ലാവ്ലിന്‍ കേസ് മാറ്റിവച്ചത്. ഓരോ തവണത്തെയും കാരണങ്ങള്‍ ചികഞ്ഞാല്‍ ഞെട്ടിക്കുന്ന പിന്നാമ്പുറക്കഥകള്‍ പുറത്തുവരും. ഇപ്പോള്‍ 5 മാസത്തിനുശേഷമാണ് സുപ്രീംകോടതി കേസ് പരിഗണിച്ചത്. കേരളത്തിന് ഡല്‍ഹിയിലുള്ള പിടിപാട് എത്ര ശക്തമാണെന്ന് വ്യക്തം. കേരള സന്ദര്‍ശനത്തിനെത്തുന്ന പ്രധാനമന്ത്രിക്ക് ഏറ്റവും സന്തോഷകരമായ ഒരു വാര്‍ത്തയാണ് മുഖ്യമന്ത്രിക്ക് നല്കാനുള്ളതെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.

webdesk11: