X

ആദ്യ സെമിയില്‍ മെസിയുടെ അര്‍ജന്റീനയും ലുക്കാ മോഡ്രിച്ചിന്റെ ക്രൊയേഷ്യയും നേര്‍ക്കുനേര്‍

ഖത്തര്‍ ലോകകപ്പിലെ ആദ്യ ഫൈനല്‍ ബെര്‍ത്ത് തേടി ഇന്ന് ലുസൈല്‍ സ്‌റ്റേഡിയത്തില്‍  മെസിയുടെ അര്‍ജന്റീനയും ലുക്കാ മോഡ്രിച്ചിന്റെ ക്രൊയേഷ്യയും. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 12.30 ന് നടക്കുന്ന ലാറ്റിനമേരിക്കന്‍-യൂറോപ്യന്‍ അങ്കത്തില്‍ മുഖാമുഖം വരുന്നത് ലോക ഫുട്‌ബോളിലെ രണ്ട് അതികായര്‍. ഇതിഹാസ തുല്യനായി മാറുന്ന ലിയോ മെസിയും ഫുട്‌ബോളിലെ മധ്യനിര മാന്ത്രികരില്‍ ഒന്നാമനായ ലുക്കാ മോഡ്രിച്ചും. ഇരുവര്‍ക്കുമിത് അവസാന ലോകകപ്പാണെന്നിരിക്കെ വലിയ കിരീടത്തില്‍ മുത്തമിടണമെങ്കില്‍ രണ്ട് കളികള്‍ കൂടി ജയിച്ചാല്‍ മതി.

ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെ പരിശീലകര്‍ ആത്മവിശ്വാസത്തിലാണ്. സഊദി അറേബ്യക്കെതിരായ ആദ്യ മല്‍സരത്തിലെ തിരിച്ചടി മാറ്റി നിര്‍ത്തിയാല്‍ അര്‍ജന്റീന ശക്തരാവുകയാണെന്ന് കോച്ച് ലയണല്‍ സ്‌കലോനി പറഞ്ഞു. ആ തോല്‍വി ഞങ്ങള്‍ മറന്നിട്ടില്ല. അത് നല്‍കിയ പാഠങ്ങളാണ് പിന്നെ ഉപകാരമായത്. നെതര്‍ലന്‍ഡ്‌സിനെതിരായ ക്വാര്‍ട്ടറില്‍ ചില താരങ്ങള്‍ ബുക്ക് ചെയ്യപ്പെട്ടതിലെ നിരാശയിലും ഏറ്റവും നല്ല ടീമായിരിക്കും സെമിയിലിറങ്ങുകയെന്ന് അദ്ദേഹം വ്യക്തമാക്കിയപ്പോള്‍ സ്ഥിരതയാര്‍ന്ന പ്രതിരോധ ഫുട്‌ബോള്‍ തന്നെയാണ് ക്രൊയേഷ്യന്‍ കോച്ച് സാലിച്ച് വാഗ്ദാനം ചെയ്യുന്നത്. ഖത്തറില്‍ അര്‍ജന്റീനക്ക് ലഭിക്കുന്ന പിന്തുണയില്‍ അദ്ദേഹം പ്രയാസം രേഖപ്പെടുത്തിയില്ല. അവര്‍ പോപ്പുലര്‍ ടീമാണ്. ഞങ്ങള്‍ക്ക് അത് അറിയാം. മെസിയെ മാത്രം തളക്കുക എന്നതല്ല ടീമിന്റെ ജോലി. ജയിച്ച് ഫൈനലിലെത്തണം നാല് വര്‍ഷം മുമ്പ് റഷ്യയില്‍ ടീമിനെ ഫൈനലിലെത്തിച്ച സ്ലാറ്റ്‌കോ ഡാലിച്ച് പറഞ്ഞു.

Test User: