കോഴിക്കോട്: എണ്‍പതോളം അംഗങ്ങള്‍ ഒരുമിച്ചു ജീവിച്ച കുറ്റിച്ചിറയിലെ കൂട്ടുകുടുംബ തറവാട് കണ്ട ജപ്പാന്‍കാരി അരിമ കൊസുവെ അത്ഭുത്തതോടെ പറഞ്ഞു, ‘കോ യു സേയ്കാത്സു ഒ ഷിതായി’ (എന്തുരസമായിരിക്കും ഇവിടത്തെ ജീവിതം). ഒപ്പമെത്തിയ യെമനക ടെസായിയും തലകുലുക്കി പിന്തുണച്ചു.
കേരളത്തിലെ ഏറ്റവും വലിയ കൂട്ടുകുടുംബ തറവാടുകളിലൊന്നായ കുറ്റിച്ചിറ പഴയതോപ്പ് വീട്ടിലെത്തിയതായിരുന്നു ഇരുവരും. അതിഥികളെ സുലൈമാനി നല്‍കി സ്വീകരിച്ച കുടുംബാംഗങ്ങള്‍ വീടു മുഴുവനും ചുറ്റിക്കാണിച്ചശേഷം കുടുംബചരിത്രം വിവരിച്ചു. 140 വര്‍ഷത്തിന്റെ പാരമ്പര്യമുള്ള കുടുംബവിശേഷങ്ങള്‍ അരിമയും യെമനകയും കൗതുകത്തോടെ കേട്ടു.ജാപ്പനീസ് ലാംഗ്വേജ് അക്കാദമിയും എഫേര്‍ട്ട് കോഴിക്കോടും ചേര്‍ന്നു സംഘടിപ്പിച്ച സാംസ്‌കാരിക സംഗമത്തിന്റെ ഭാഗമായാണ് ജപ്പാന്‍ സ്വദേശികള്‍ പഴയതോപ്പിലെത്തിയത്.
ജാപ്പനീസ് വിഭവങ്ങളായ ഡാംഗോയും സൊമെനും അരിമ പാചകം ചെയ്തു കാണിച്ചു. പകരം കുറ്റിച്ചിറയുടെ പ്രിയ വിഭവങ്ങളായ മുട്ടമാല, ചട്ടിപ്പത്തിരി, കല്ലുമക്കായ നിറച്ചത് തുടങ്ങിയവയുടെ പാചകരീതി വീട്ടുകാരും പങ്കുവച്ചു. പലഹാരങ്ങള്‍ ഓരോന്നായി രുചിച്ചു നോക്കിയശേഷം അരിമയും യെമനകയും അഭിനന്ദനമറിയിച്ചു. ജാപ്പനീസ് കാഞ്ചി ലിപി പരിചയപ്പെടുത്തല്‍, ജാപ്പനീസ് ചിത്രരചന രീതികള്‍, ചോപ്പ്സ്റ്റിക്ക് പരിശീലനം, ഒറിഗാമി, ജാപ്പനീസ് കരോക്കെ തുടങ്ങിയവയും അരങ്ങേറി. കാലിക്കറ്റ് കലാലയയുടെ നേതൃത്വത്തില്‍ ഒപ്പനയും മൈലാഞ്ചിയിടലും നടന്നു.