തിരുവനന്തപുരം: വരുംദിവസങ്ങളില്‍ സംസ്ഥാനത്ത് അതിതീവ്ര മഴ ഉണ്ടാകുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ മുന്നൊരുക്കവുമായി കേരളം. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിതീവ്ര മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി 11 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.
നാളെവരെ സംസ്ഥാനത്ത് അതിശക്തമായ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ചീഫ് സെക്രട്ടറി മുഴുവന്‍ വകുപ്പുകളുടെയും അടിയന്തിര യോഗം വിളിച്ചു ചേര്‍ത്തു. മണ്ണിടിച്ചില്‍, വെള്ളപ്പൊക്ക സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ യോഗത്തില്‍ തീരുമാനമായി. വേണ്ടിവന്നാല്‍ ക്യാമ്പ് ആരംഭിക്കും. ഇവിടങ്ങളില്‍ ഭക്ഷണം, കുടിവെള്ളം ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുവാനും തീരുമാനിച്ചു. വെള്ളം കയറുന്ന സ്ഥലത്ത് നിന്ന് പമ്പ് ചെയ്തു വെള്ളം കളയാനുള്ള സംവിധാനം സജ്ജമാക്കും. പ്രശ്‌ന സാധ്യതാ സ്ഥലങ്ങളില്‍ പ്രത്യേക അലര്‍ട്ട് സംവിധാനം ഉണ്ടാക്കാനും തീരുമാനിച്ചു.മലയോര മേഖലകളിലേക്കുള്ള അത്യാവശ്യമല്ലാത്ത എല്ലാ യാത്രകളും മഴ മുന്നറിയിപ്പ് ഒഴിവാകുന്നത് വരെ ഒഴിവാക്കുവാനും നിര്‍ദേശിച്ചിട്ടുണ്ട്. എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും ഡി.ജി.പി ജാഗ്രതാനിര്‍ദ്ദേശം നല്‍കി.
തീരദേശത്ത് ജാഗ്രത പാലിക്കണം
തിരുവനന്തപുരം: കടല്‍ പ്രക്ഷുബ്ധമാവാന്‍ സാധ്യതയുള്ളതിനാല്‍ തീരദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. വരും ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ ഉച്ചക്ക് 2 വരെയും, രാത്രി 10.30 മുതല്‍ അര്‍ധരാത്രി വരെയും വേലിയേറ്റത്തിന്റെ നിരക്ക് സാധാരണയില്‍ കൂടുതലാവാന്‍ സാധ്യത ഉള്ളതിനാല്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. വേലിയേറ്റ സമയങ്ങളില്‍ കൂടുതല്‍ ശക്തമായ മഴ ലഭിക്കുന്ന സാഹചര്യങ്ങളില്‍ കടലിലേക്കുള്ള മഴവെള്ളത്തിന്റെ, ഒഴുക്കിനെ ബാധിക്കുകയും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറാനും സാധ്യതയുണ്ട്. മല്‍സ്യബന്ധനോപാധികള്‍ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റണം.
1077 ടോള്‍ ഫ്രീ നമ്പര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. 1077 എന്നതാണ് ടോള്‍ ഫ്രീ നമ്പര്‍. മുഴുവന്‍ ജില്ലകളിലും ജില്ലാ, താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍ 24 മണിക്കൂറും ഉന്നത ഉദ്യോസ്ഥരുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കും. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിലും പ്രത്യേക കണ്‍ട്രോള്‍ റൂം സജ്ജമാക്കും.