X

കാസര്‍കോട് ഭക്ഷ്യവിഷബാധയേറ്റ് യുവതിയുടെ മരണം; ആന്തരിക അവയവങ്ങള്‍ക്കേറ്റ ഗുരുതര അണുബാധയെന്ന്

കാസര്‍കോട് കുഴിമന്തി കഴിച്ചതിന് പിന്നാലെ യുവതി മരിച്ചത് ആന്തരിക അവയവങ്ങള്‍ക്കേറ്റ ഗുരുതര അണുബാധ മൂലമെന്ന് ആരോഗ്യവകുപ്പിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. സംഭവത്തില്‍ കസ്റ്റഡിയിലെടുത്ത ഹോട്ടല്‍ ഉടമ ഉള്‍പ്പെടെ മൂന്ന് പേരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും.

കൂടാതെ മരിച്ച അഞ്ജുശ്രീയുടെ ആന്തരിക അവയവങ്ങളുടെ രാസപരിശോധന നടത്തും. വിദഗ്ധ പരിശോധനയ്ക്ക് ഫോറന്‍സിക് ലാബിലേക്ക് ആന്തരിക അവയവങ്ങള്‍ അയക്കും. മരണകാരണത്തില്‍ വ്യക്തത വരുത്താനാണ് രാസപരിശോധന. അഞ്ജുശ്രീയുടെ മരണത്തില്‍ ഭക്ഷ്യസുരക്ഷ കമ്മീഷണര്‍ ഇന്നോ നാളെയോ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും. കൂടാതെ മരണത്തിന് ഇടയാക്കിയ ഹോട്ടലില്‍ ഇന്നും പരിശോധ നടത്തും.

കഴിഞ്ഞ ദിവസമാണ് കാസര്‍ക്കോട് ഹോട്ടലില്‍ നിന്ന് ഓണ്‍ലൈനായി വരുത്തിച്ച കുഴിമന്തി കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട് ചികിത്സ തേടിയ വിദ്യാര്‍ഥിനി മരിച്ചത്. ആറു ദിവസത്തിനിടെ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രണ്ടാമത്തെ ഭക്ഷ്യ വിഷബാധാ മരണമാണിത്. നേരത്തെ കോട്ടയത്ത് കുഴിമന്തി കഴിച്ച് നഴ്‌സ് മരിച്ച സംഭവം വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന തുടരുന്നതായി സംസ്ഥാന സര്‍ക്കാര്‍ അവകാശപ്പെടുന്നതിനിടെയാണ് വീണ്ടും സമാന സംഭവം അരങ്ങേറിയിരിക്കുന്നത്. ഭക്ഷണ വിഭവങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ നിരന്തരം പരാജയപ്പെടുന്നതിന് തെളിവാണിതെന്ന വിമര്‍ശനം ശക്തമായി.

കാസര്‍കോട് ചെമ്മനാട് തലക്ലായിയിലെ പരേതനായ കുമാരന്റെയും അംബികയുടെയും മകളും മഞ്ചേശ്വരം ഗോവിന്ദപൈ കോളജിലെ ബികോം വിദ്യാര്‍ഥിനിയുമായ അഞ്ജുശ്രീ (19)യാണ് ഇന്നലെ മരിച്ചത്. കാസര്‍കോട് അടുക്കത്ത്ബയലിലെ അല്‍ റൊമാന്‍സിയ ഹോട്ടലില്‍ നിന്ന് ഓണ്‍ലൈനായി വരുത്തിയ കുഴിമന്തി കഴിച്ചതിന് പിന്നാലെയാണ് അഞ്ജുശ്രീക്ക് ദേഹാസ്വാസ്ഥ്യമുണ്ടായത്.

അഞ്ജുശ്രീയും വീട്ടിലുണ്ടായ അമ്മയും അനുജനും ബന്ധുവായ പെണ്‍കുട്ടിയും കൂടി ഡിസംബര്‍ 31ന് കുഴി മന്തി, മയോണൈസ്, ഗ്രീന്‍ ചട്ണി ചിക്കന്‍ 65 എന്നിവ അല്‍ റൊമാന്‍സിയ ഹോട്ടലില്‍ നിന്നു ഓണ്‍ലൈനായി ബുക്ക് ചെയ്ത് വരുത്തിച്ചു കഴിക്കുകയായിരുന്നു. പിറ്റേദിവസം രാവിലെ അഞ്ജുശ്രീക്കും ബന്ധുവായ പെണ്‍കുട്ടിക്കും ഛര്‍ദിയും ക്ഷീണവുമുണ്ടായി.

തുടര്‍ന്ന് കാസര്‍കോട് ദേളിയിലുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കി വീട്ടിലേക്ക് മടങ്ങി. ജനുവരി 5ന് വീണ്ടും ദേഹാസ്വസ്ഥത ഉണ്ടായതിനെതുടര്‍ന്നു ഇതേ ആശുപത്രിയില്‍ കാണിക്കുകയും രക്തം പരിശോധിക്കുകയും ഐവി ഫ്ളൂയിഡ് ആന്റി ബയോട്ടിക് ഉള്‍പ്പെടെയുള്ള ചികിത്സ സ്വീകരിച്ച് വീട്ടിലേക്കു മടങ്ങുകയും ചെയ്തു. ജനുവരി ആറിന് ആരോഗ്യനില കൂടുതല്‍ ഗുരുതരമായതിനെ തുടര്‍ന്ന് മംഗളൂരു സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുകയും ജനുവരി ഏഴിന് മരണപ്പെടുകയുമായിരുന്നു.

സഹോദരന്‍: ശ്രീകുമാര്‍. സംഭവത്തില്‍ കാസര്‍കോട് ജില്ലാ മെഡി ക്കല്‍ ഓഫീസര്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കി. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പരിയാരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റമോര്‍ട്ടം നടത്തി. കുടുംബം മേല്‍പറമ്പ് പോലീസിന് നല്‍കിയ പരാതിയില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തു.സംഭവം സംബന്ധിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് ഉത്തരവിട്ടു. ആരോഗ്യ വിഭാഗം അധികൃതര്‍ രാവിലെ അടുക്കത്ത് ബയലിലെ ഹോട്ടലില്‍ പരിശോധന നടത്തി ഹോട്ടല്‍ അടച്ചുപൂട്ടി. ഹോട്ടല്‍ ഉടമയെ കാസര്‍കോട് ടൗണ്‍ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച് മൊഴിയെടുത്തു.

webdesk11: