വാഷിങ്ടണ്‍: അമേരിക്കയില്‍ ജഡ്ജി ഭാര്യയെ വെടിവെച്ച് കൊലപ്പെടുത്തി. കാലിഫോര്‍ണിയയിലെ ഓറഞ്ച് കൗണ്ടി സൂപ്പീരിയര്‍ കോടതി ജഡ്ജി ജെഫ്രി ഫെര്‍ഗോസണാണ് വാക്കു തര്‍ക്കത്തെത്തുടര്‍ന്ന് ഭാര്യ ഷെറിലിനെ വെടിവെച്ചു കൊലപ്പെടുത്തിയത്.
സംഭവം നടക്കുമ്പോള്‍ ഇയാള്‍ നന്നായി മദ്യപിച്ചിരുന്നതായാണ് വിവരം. ഭാര്യക്കു നേരെ വെടിയുതിര്‍ത്ത ശേഷം നാളെ താനുണ്ടാവില്ലെന്ന സന്ദേശം സഹപ്രവര്‍ത്തകന് അയക്കുകയും ചെയ്തു.
വീടിനു സമീപത്തെ റസ്റ്ററന്റില്‍ വെച്ച് അത്താഴത്തെ ചൊല്ലി ഇരുവരും തമ്മില്‍ വാക്കു തര്‍ക്കമുണ്ടായി. ഇവിടെവെച്ച് ജെഫ്രി തന്റെ വിരലു കൊണ്ട് ഭാര്യയുടെ നേര്‍ക്ക് തോക്കു ചൂണ്ടുന്നതു പോലെ ആംഗ്യം കാണിച്ചു. തുടര്‍ന്ന് വീട്ടിലെത്തിയ ഇരുവരും കലഹം തുടര്‍ന്നപ്പോള്‍ എന്തു കൊണ്ട് യഥാര്‍ത്ഥ തോക്ക് തന്റെ നേര്‍ക്ക് ചൂണ്ടുന്നില്ലെന്ന ഭാര്യ ചോദിച്ചതാണ് കൊലപാതകത്തില്‍ കലാശിച്ചത്. യഥാര്‍ത്ഥ തോക്കെടുത്തു വന്ന ജെഫ്രി ഭാര്യയുടെ നെഞ്ചില്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസിനെ വിളിച്ച് ഭാര്യയെ താന്‍ വെടിവെച്ചതായി അറിയിച്ചു. പിന്നാലെ സഹപ്രവര്‍ത്തകന് സന്ദേശമയക്കുകയും ചെയ്തു. ജഡ്ജിയുടെ വീട്ടില്‍ നിന്ന് 47 തോക്കുകളും 26,000 വെടിയുണ്ടകളും പൊലീസ് കണ്ടെടുത്തു.