അബുദാബി: സന്ദര്‍ശക വിസയില്‍ ഗള്‍ഫ് നാടുകളിലെത്തി തൊഴിലന്വേഷിക്കുന്നവരുടെ എണ്ണം പെരുകിക്കൊണ്ടിരിക്കുന്നു. പലര്‍ക്കും വിവിധയിടങ്ങളില്‍ ജോലിയില്‍ പ്രവേശിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.കോവിഡ് മാനദണ്ഡങ്ങള്‍ക്ക് ഇളവുണ്ടാവുകയും വിമാനയാത്ര സാധാരണ നിലയിലേക്ക് ആയിക്കൊണ്ടിരിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ വരുംനാളുകളില്‍ തൊഴില്‍ തേടിയെത്തുന്നവരുടെ എണ്ണം ഗണ്യമായി വര്‍ധിക്കുമെന്നാണ് കരുതുന്നത്.
കോവിഡ് സമയത്ത് ചില സ്ഥാപനങ്ങള്‍ തൊഴിലാളികളുടെ എണ്ണത്തില്‍ കുറവ് വരുത്തിയിരുന്നു. പലരും നാട്ടില്‍ കുടുങ്ങിപ്പോകുകയും ചെയ്തിരുന്നു. എന്നാല്‍ ഇവര്‍ക്ക് പകരം പുതിയ തൊഴിലാളികളെ നിയോഗിക്കുന്നതില്‍ ഇനിയും പല കമ്പനികളും തീരുമാനം കൈകൊണ്ടിട്ടില്ല.
അതേസമയം സന്ദര്‍ശ വിസയിലെത്തി മാസങ്ങള്‍ പിന്നിട്ടിട്ടും തൊഴില്‍ ലഭിക്കാതെ നിരവധി പേരാണ് നിരാശരായി കഴിയുന്നത്. മൂന്നുമാസത്തെ സന്ദര്‍ശ വിസയിലെത്തിയ പലരും വീണ്ടും വിസ പുതുക്കിയെങ്കിലും ഇനിയും തൊഴില്‍ ലഭിക്കാതെ കടുത്ത മാനസിക പ്രയാസത്തിലകപ്പെട്ടിരിക്കുകയാണ്.
കോവിഡ് പ്രയാസങ്ങള്‍ക്ക് ഒരുപരിധിവരെ പരിഹാരമായെങ്കിലും തൊഴില്‍ മേഖലകളില്‍ പുതിയ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന പ്രവണത വേണ്ടത്ര പുരോഗമിച്ചിട്ടില്ല. അതുകൊണ്ടുതന്നെ പുതുതായി വന്ന നിരവധി പേര്‍ക്ക് ഇതുവരെ ഇടം കണ്ടെത്താന്‍ ഇനിയും കഴിഞ്ഞിട്ടില്ല.
കടം വാങ്ങിയും പണയപ്പെടുത്തിയുമാണ് പലരും സന്ദര്‍ശക വിസയെടുത്ത് നാട്ടില്‍നിന്നും പോന്നിട്ടുള്ളത്. രണ്ടോമൂന്നോ മാസത്തിനകം തിരിച്ചുനല്‍കാമെന്ന ഉറപ്പ് പാലിക്കാനാവാതെ മാനസിക പ്രയാസത്തിലകപ്പെട്ടവര്‍ ഏറെയാണ്.
പലരും താമസിക്കുന്ന മുറിയുടെ വാടകയും മെസ്സിന്റെ തുകയും സുഹൃത്തുക്കളുടെ സഹായത്തോടെയാണ് കൊടുത്തുപോരുന്നത്. അധികനാള്‍ ഇത്തരത്തില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്ന തിരിച്ചറിവ്, തിരിച്ചുയാത്രയെക്കുറിച്ചു പലരെയും ചിന്തിപ്പിക്കുന്നുണ്ട്. അതേസമയം തികഞ്ഞ പ്രതീക്ഷ വെച്ചുപുലര്‍ത്തുന്നവരും കുറവല്ല.