മഡ്ഗാവ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ രണ്ടാം സെമി ഫൈനല്‍ രണ്ടാം പാദം ഇന്ന് നടക്കുമ്പോല്‍ ഏ.ടി.കെ മോഹന്‍ ബഗാന് മുന്നില്‍ ഹിമാലയമാണ്. ആദ്യ പാദത്തില്‍ ഹൈദരാബാദ് എഫ്.സിക്ക് മുന്നില്‍ 3-1ന് തകര്‍ന്ന സംഘത്തിന് ഫൈനലിലെത്തണമെങ്കില്‍ സീസണിലെ ഏറ്റവും മികച്ച പ്രകടനം തന്നെ നടത്തേണ്ടി വരും. സീസണില്‍ നല്ല തുടക്കം കിട്ടിയിട്ടും അത് ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞിരുന്നില്ല ബഗാന്.
പിന്നീട് അവര്‍ തിരിച്ചുവന്നെങ്കിലും അവസാന രണ്ട് കളികളിലെ തോല്‍വി ക്ഷീണമായി. ലീഗിലെ അവസാന ഗ്രൂപ്പ് പോരാട്ടത്തില്‍ ജംഷഡ്പ്പൂര്‍ എഫ്.സിയോട് തോറ്റതിനാല്‍ ലീഗ് ഷീല്‍ഡ് നഷ്ടമായി. സെമി ആദ്യ പാദത്തിലാവട്ടെ ഹൈദരാബാദിന് മുന്നില്‍ വലിയ മാര്‍ജിനില്‍ തല താഴ്‌ത്തേണ്ടി വന്നു. എന്നാല്‍ കോച്ച് ഫെറാന്‍ഡോ പറയുന്നത് ഫുട്‌ബോളില്‍ എന്തും സാധ്യമാവുമെന്നാണ്. ജയിച്ചു കയറുക എന്നത് എളുപ്പമല്ല. പക്ഷേ അസാധ്യമായി ഒന്നുമില്ലെന്ന് കോച്ച് പറയുന്നത് തന്റെ മുന്‍നിരക്കാരായ റോയ് കൃഷ്ണ, ഡേവിഡ് വില്ല്യംസ്, മന്‍വീര്‍ സിംഗ് തുടങ്ങിയവരെ മുന്നില്‍ കണ്ടാണ്. സീസണില്‍ ഹൈദരാബാദ് നന്നായി കളിക്കുന്ന സംഘമാണ്. അവര്‍ക്കെതിരെ മാനസികമായി തകരാതിരിക്കുക എന്നതാണ് പ്രധാനമെന്ന് സ്പാനിഷുകാരന്‍ പറഞ്ഞു.
3-1 ന്റെ ലീഡിലും ആലസ്യം പ്രകടിപ്പിക്കില്ലെന്നാണ് ഹൈദരാബാദ് കോച്ച് മനോലോ മാര്‍ക്കസ് പറയുന്നത്. ബര്‍ത്തലോമിയോ ഓഗ്ബജേ എന്ന നൈജീരിയക്കാരനാണ് കോച്ചിന്റെ തുരുപ്പ് ചീട്ട്. പതിനെട്ട് ഗോളുകളാണ് സീസണില്‍ അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത്. ആദ്യ പാദത്തിലെ ആദ്യ അര മണിക്കൂര്‍ ബഗാനാണ് നന്നായി കളിച്ചതെന്നും എന്നാല്‍ നിലയുറപ്പിച്ച ശേഷം ഹൈദാരബാദിന് നന്നായി കളിക്കാനായതായും കോച്ച് പറഞ്ഞു. ചരിത്രത്തിലാദ്യമായാണ് ടീം സെമി കളിക്കുന്നത്. അനുഭവ സമ്പന്നരായ താരങ്ങള്‍ക്കൊപ്പം യുവ താരങ്ങള്‍ക്കും തുല്യ പ്രാധാന്യം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഫൈനല്‍ മാത്രമാണ് ലക്ഷ്യം. മല്‍സരം 7-30ന്.