X

IPL: പഞ്ചാബിന് ഇന്ന് ജയിക്കണം, എതിരാളികള്‍ ഡല്‍ഹി

ധര്‍മശാല: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ ഇന്ന് ധര്‍മശാലാ അങ്കം. നേര്‍ക്കുനേര്‍ വരുന്നത് പഞ്ചാബ് കിംഗ്‌സും ഡല്‍ഹി ക്യാപിറ്റല്‍സും. ഡേവിഡ് വാര്‍ണര്‍ നയിക്കുന്ന ഡല്‍ഹിക്കാര്‍ക്ക് പ്രതീക്ഷകള്‍ അവസാനിച്ച് കഴിഞ്ഞു. അവര്‍ പുറത്തായെങ്കിലും പഞ്ചാബിന് സാധ്യതകള്‍ ശേഷിക്കുന്നു. രണ്ട് മല്‍സരങ്ങള്‍ ബാക്കി നില്‍ക്കെ അതില്‍ രണ്ടിലും വിജയം വരിച്ചാല്‍ പഞ്ചാബിന് പ്ലേ ഓഫ് സാധ്യതയുണ്ട്.

2014 ലാണ് അവസാനമായി പഞ്ചാബുകാര്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പ്ലേ ഓഫ് കളിച്ചത്. അതിന് ശേഷം കൈവരുന്ന അവസരം ഉപയോഗപ്പെടുത്താന്‍ ശിഖര്‍ ധവാനും സംഘത്തിനുമാവുമോ എന്നാണ് ഇന്ന് അറിയേണ്ടത്. നിലവില്‍ എട്ടാം സ്ഥാനത്താണ് ടീം. പക്ഷേ അവസാന രണ്ട് മല്‍സരങ്ങള്‍ ജയിക്കാനായാല്‍ മുന്നോട്ട് വരാനാവും. റണ്‍റേറ്റിലും ടീമിന് പ്രശ്‌നങ്ങളുണ്ട്. ബാറ്റിംഗില്‍ ടീമിനിപ്പോള്‍ രണ്ട് നല്ല യുവതാരങ്ങളുണ്ട്. അവസാന മല്‍സരത്തില്‍ സെഞ്ച്്വറി സ്വന്തമാക്കിയ പ്രഭ്‌സിംറാന്‍ സിംഗും ജിതേഷ് ശര്‍മയും. അനുഭവ സമ്പന്നനായ ഇംഗ്ലീഷ് താരം ലിയാം ലിവിങ്സ്റ്റണും ഫോമിലെത്തിയാല്‍ പേടിക്കാനില്ല. പുറത്തായെങ്കിലും ഡല്‍ഹിക്ക് മാനം കാക്കേണ്ടതുണ്ട്. തോല്‍വികളുടെ പടുക്കുഴിയില്‍ നിരാശപ്പെടുത്തിയപ്പോഴും വിജയത്തോടെ മടങ്ങാനാണ് വാര്‍ണറും സംഘവും ആഗ്രഹിക്കുന്നത്.

webdesk11: