X

ഉള്ളുലയ്ക്കുന്ന കാഴ്ചകൾ;ജഹാംഗിർപുരിയിലെ ഇരകളെ ചേർത്തുപിടിച്ച് മുസ്ലിംലീഗ് നേതൃസംഘം

മുഹമ്മദ് ആദില്‍.ടി

ഭരണകൂട ഭീകരതയുടെ ബുൾഡോസർ മുരൾച്ച ഭയം വിതച്ച ജഹാംഗിർപുരിയുടെ തെരുവുകളിലൂടെ ഐക്യദാർഢ്യ സന്ദേശവുമായി മുസ്ലിംലീഗ് നേതൃസംഘമെത്തിയത് ഇരകൾക്ക് ആശ്വാസമായി. ഉള്ളുലയ്ക്കുന്ന കാഴ്ച്ചകൾക്കാണ് നേതാക്കൾ സാക്ഷിയായത്. റാണി കന്യാ വിദ്യാലയത്തിനു മുന്നിൽ നേതാക്കളെ ഡൽഹി പോലീസ് തടഞ്ഞു. സംഭവത്തിന്റെ നിജസ്ഥിതി നേരിൽ കാണാനുളള അവകാശം തങ്ങൾക്കുണ്ടെന്ന് കർശനമായി അറിയിച്ചതിനെ തുടർന്ന് ആറ് പേർക്ക് പ്രദേശം സന്ദർശിക്കാൻ അനുമതി ലഭിക്കുകയായിരുന്നു.

ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എം പി, സീനിയർ വൈസ് പ്രസിഡണ്ട് ഡോ.എം. പി അബ്ദുസമദ് സമദാനി എം പി, നവാസ് ഗനി എം പി, മുസ്ലിം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഖുർറം അനീസ് ഉമർ, യൂത്ത് ലീഗ് ദേശീയ പ്രസിഡണ്ട് ആസിഫ് അൻസാരി, ജനറൽ സെക്രട്ടറി അഡ്വ വി.കെ ഫൈസൽ ബാബു, എക്‌സിക്യൂട്ടീവ് അംഗം ഷിബു മീരാൻ എന്നിവരുടങ്ങുന്ന മുസ്‌ലിംലീഗ് സംഘമാണ് ജഹാംഗീർപുരിയിലെത്തിയത്.

മുസ്‌ലിംലീഗ് പ്രതിനിധി സംഘത്തിന് മാത്രമാണ് അകത്ത് കടക്കാൻ അനുമതി കിട്ടിയത്. സംഭവങ്ങൾക്ക് തുടക്കം കുറിച്ച ജാമിഅ മസ്ജിദ് മുറ്റത്തെത്തിയ നേതാക്കൾ ബുൾഡോസറുകൾ തകർത്തെറിഞ്ഞ കെട്ടിടങ്ങളും കച്ചവട സ്ഥാപനങ്ങളും നേരിൽ കണ്ടു. പ്രദേശവാസികളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു. വർഷങ്ങളായി താമസിക്കുന്ന വീടുകൾക്കും ഉപജീവനോപാധികൾക്കും നേരെ യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് വൻ പോലീസ് സന്നാഹങ്ങളോടെ ഭരണകൂട അക്രമം തുടങ്ങിയത്. സുപ്രിം കോടതിയുടെ സ്റ്റേ ഉത്തരവിനെ പോലും കാറ്റിൽ പറത്തി കൊണ്ട് ഡൽഹി പോലീസും കോർപ്പറേഷൻ അധികൃതരും ചേർന്ന് കുടിയൊഴിപ്പക്കലിന്റെ പേരിലുള്ള ബുൾഡോസർ അതിക്രമം തുടരുകയായിരുന്നു. സംഭവം നടന്ന അന്ന് തന്നെ മുസ്‌ലിം യൂത്ത് ലീഗ് പ്രതിനിധി സംഘത്തെ മുസ്‌ലിം ലീഗ് ഇവിടേക്ക് അയച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് മുസ്‌ലിംലീഗ് എം.പിമാർ സംഭവ സ്ഥലത്തെത്തിയത്. മുസ്ലിംലീഗ് ഡൽഹി പ്രസിഡണ്ട് മൗലാന നിസാർ അഹമ്മദ്, ജനറൽ സെക്രട്ടറി ഫൈസൽ ഷെയ്ഖ്, എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡണ്ട് സിറാജുദീൻ നദ് വി, സെക്രട്ടറി അതീബ് ഖാൻ, മുസ്ലിം യൂത്ത് ലീഗ് ഡൽഹി സംസ്ഥാന ജനറൽ സെക്രട്ടറി ഷഹസാദ് അബ്ബാസി എന്നിവരും മുസ്ലിം ലീഗ് പ്രതിനിധി സംഘത്തിൽ ഉണ്ടായിരുന്നു.

Test User: