X

നബി മനസ്സിന്റെ ചിത്രങ്ങള്‍

ടി.എച്ച് ദാരിമി

ഏതെങ്കിലുമൊരു സാഹചര്യത്തോട് കരുണയോടെ പ്രതികരിക്കുന്നതിനെ മഹാമനസ്‌കതയായും മനുഷ്യത്വമായുമെല്ലാം വിശേഷിപ്പിക്കാറുണ്ട് പലരും. ഒരാളെ ആഘോഷിക്കാനുള്ള ത്വര എന്നതിലപ്പുറം ഒരര്‍ഥവും അതിനൊന്നുമില്ല എന്നതാണ് വാസ്തവം. കാരണം ആ നന്മയെ കെടുത്തിക്കളയുന്ന ഒരായിരം തിന്മകള്‍ ആ വ്യക്തിയില്‍തന്നെ മറുവശത്ത് ഉണ്ടായിരിക്കും. മൂല്യനിര്‍ണയത്തിലെ പിഴവാണ് ഇതിന് കാരണം. മനുഷ്യന്റെ ഏതെങ്കിലും ചെയ്തിയെയല്ല, അതിന് പ്രേരിപ്പിക്കുന്ന മനസ്സിനെയാണ് ശരിയായ മൂല്യനിര്‍ണയത്തിന് പരിഗണിക്കേണ്ടത്. അനുകൂലവും പ്രതികൂലവുമായ ചുറ്റുപാടുകളെ മുഴുവന്‍ ഉള്‍ക്കൊള്ളാനും ഏതു സാഹചര്യത്തെയും സമചിത്തതയോടെ സമീപിക്കാനും കഴിയുന്ന വിശാലതയുള്ള മനസ്സുണ്ടെങ്കില്‍ അത്തരമൊരാള്‍ക്കേ ഉന്നതമായ മാനുഷിക മൂല്യങ്ങള്‍ പുലര്‍ത്താന്‍ കഴിയൂ. മഹാനായ നബി തിരുമേനി(സ)ക്ക് അല്ലാഹു നല്‍കിയത് അത്തരമൊരു വിശാല മനസ്സായിരുന്നു. അത് അവര്‍ക്ക് ലഭിച്ച പ്രത്യേക പരിഗണന തന്നെയായിരുന്നു. അതുകൊണ്ടാണ് വിശുദ്ധ ഖുര്‍ആനില്‍ എടുത്തുപറഞ്ഞത്. അല്ലാഹു ഓര്‍മപ്പെടുത്തുന്നു: നബിയേ, അങ്ങയുടെ ഹൃദയം നാം വിശാലമാക്കിത്തന്നില്ലേ (94:01). നബിമനസ്സിന്റെ ഈ വിശാലതയാണ് ജീവിതത്തിലുടനീളം മനുഷ്യത്വം പുലര്‍ത്താന്‍ നബിയെ സഹായിച്ചത്.

ഹിജ്‌റ 8ല്‍ ഹുനൈന്‍ യുദ്ധം കഴിഞ്ഞു. ത്വാഇഫിലെ ഹവാസിന്‍, തഖീഫ് തുടങ്ങിയ ഗോത്രങ്ങളായിരുന്നു മറുപക്ഷത്ത്. കിട്ടാവുന്നവരെയൊക്കെകൂട്ടി വന്‍ സൈന്യത്തെ സമാഹരിച്ച അവര്‍ സ്വയം പിന്തിരിഞ്ഞോടാതിരിക്കാനെന്നോണം തങ്ങളുടെ കുടുംബാംഗങ്ങളെയും സമ്പാദ്യങ്ങളെയും എല്ലാമെടുത്താണ് പടക്കിറങ്ങിയിരുന്നത്. തുടക്കത്തില്‍ അപ്പുറത്തെ ആവേശവും ഇപ്പുറത്തെ ആലസ്യവും പിന്നിട്ടപ്പോള്‍ മുസ്‌ലിം സേന വന്‍ വിജയം നേടി. കൊണ്ടുവന്നതൊക്കെ ഇട്ടേച്ച് ജീവന്‍ മാറിലടക്കിപ്പിടിച്ച് ഓടേണ്ടി വരികയായിരുന്നു അവര്‍ക്ക്. അതിനാല്‍ വലിയ ഗനീമത്ത് തന്നെ മുസ്‌ലിംകള്‍ക്ക് തരപ്പെട്ടു. നബി യുഗത്തില്‍ ലഭിച്ച ഏറ്റവും വലിയ യുദ്ധാര്‍ജ്ജിത മുതല്‍. അവയെല്ലാം ജിഇര്‍റാനയിലെത്തിച്ചു. മക്കയുടെ അതിര്‍ത്തി പ്രദേശമായ അവിടെവെച്ച് അവയെല്ലാം സൈനിക സ്വഹാബിമാര്‍ക്ക് വീതിച്ചുനല്‍കുകയാണ് നബി തിരുമേനി (സ). ഒപ്പം പന്ത്രണ്ടായിരം പേരോളം വരുന്ന വലിയ സേനയുണ്ട്. അവരില്‍ പതിനായിരത്തോളം പേര്‍ മദീനയില്‍നിന്ന് തന്നോടൊപ്പം മക്ക വിമോചന ദൗത്യത്തിന്‌വന്ന അന്‍സ്വാരികളും മുഹാജിറുകളുമാണ്. ബാക്കി മക്കയില്‍നിന്ന് ഒപ്പംകൂടിയ പുതുവിശ്വാസികളും. അവരില്‍ അബൂസുഫ്‌യാന്‍ തുടങ്ങി പ്രധാനികളും പ്രമാണികളുമുണ്ട്. നബി (സ) തിരുമേനി ഓഹരി ചെയ്യാന്‍ തുടങ്ങി. മക്കയില്‍നിന്ന് കൂടിയ പുതുവിശ്വാസികള്‍ക്കാണ് കൊടുത്തുതുടങ്ങിയത്. അവരുടെ കണ്ണുകള്‍ ധനം കണ്ട് മഞ്ഞളിച്ചിരുന്നു. അവര്‍ക്ക് നബി (സ) കയ്യും കണക്കും നോക്കാതെ വാരിക്കൊടുത്തു. ചോദിച്ചവര്‍ക്കെല്ലാം കൊടുത്തു. ആ രംഗം കണ്ടതും അന്‍സ്വാരികള്‍ (മദീനക്കാര്‍) അടക്കം പറഞ്ഞു: നബിക്ക് ഇപ്പോള്‍ സ്വന്തം ആള്‍ക്കാരെ കിട്ടി. ഇപ്പോള്‍ നമ്മെ ഒന്നും കാണുന്നില്ല, പരിഗണിക്കുന്നില്ല. അവര്‍ അത് തങ്ങളുടെ നേതാവ് സഅ്ദ് ബിന്‍ ഉബാദ (റ) യോട് പറഞ്ഞു. അദ്ദേഹം അത് നേരെ പോയി നബിയോട് പറഞ്ഞു. അദ്ദേഹത്തോട് നബി (സ) ചോദിച്ചു, താങ്കള്‍ക്കും അങ്ങനെ ഒരു അഭിപ്രായമുണ്ടോ എന്ന്. അദ്ദേഹത്തിനും അതുണ്ടായിരുന്നു. അദ്ദേഹം അതേയെന്ന് പറഞ്ഞു. ധനം മനസ്സുകളെ പകുത്തുമാറ്റുന്ന സ്ഥിതിവിശേഷം അവിടെ സംജാതമായി. തന്നെ സഹായിക്കുകയും വെല്ലുവിളികളില്‍ പിന്തുണക്കുകയും ചെയ്തവര്‍ മുഷിപ്പിലാണ്. അവര്‍ തന്നില്‍നിന്ന് അല്‍പ്പം വിട്ടുനില്‍ക്കുകയാണ്. അതു കണ്ട പ്രവാചക ദൂതന്‍ അന്‍സ്വാറുകളെ വിളിച്ചുകൂട്ടി.

അവരോട് പറഞ്ഞു: നിങ്ങള്‍ക്ക് എന്നോട് ഒരല്‍പ്പം വിഷമമുണ്ട് എന്ന് ഞാന്‍ അറിഞ്ഞു. പക്ഷേ, നിങ്ങള്‍ ഒന്നറിയുക. അബൂസുഫ്‌യാനും കൂട്ടരും ആടുമാടുകളെയും കൊണ്ടാണ് തിരിച്ചുപോകുന്നത്. പക്ഷേ, നിങ്ങള്‍ അല്ലാഹുവിന്റെ റസൂലിനെയും കൊണ്ടാണ് പോകുന്നത്. എന്താ, നിങ്ങള്‍ക്കത് പേരെ? അതോടെ അവര്‍ ആര്‍ത്തട്ടഹസിച്ച് പറഞ്ഞു: ഞങ്ങള്‍ക്കതു മതി, ഞങ്ങള്‍ക്കതു മതി സ്വന്തം പാളയത്തില്‍ രൂപപ്പെട്ട അപകടകരമായ പിളര്‍പ്പടക്കുന്നതും പ്രശ്‌നത്തെ അതിജയിക്കുന്നതും മനസ്സുകൊണ്ടാണ് എന്നു കാണുമ്പോള്‍ ആ മനസ്സിന്റെ മനോഹാരിത കാണുകയാണ് നാം (ഇബ്‌നു ഹിശാം).

മറ്റൊരു രംഗം. ഹിജ്‌റ 6 ല്‍ നബി(സ) ഒരു സ്വപ്‌നം കണ്ടു. താനും അനുയായികളും ഉംറക്കായി മക്കയിലേക്ക് കടക്കുന്നതായി. പ്രവാചകന്‍മാര്‍ക്ക് സ്വപ്‌നം വഹിയ് പോലെയാണ്. അതിനാല്‍ നബിയും ആയിരത്തി നാനൂറ് പേരും പുറപ്പെട്ടു. മക്കയില്‍ ശത്രുക്കള്‍ അതറിഞ്ഞു. അവര്‍ മുഹമ്മദിനെയും അനുയായികളെയും മക്കയില്‍ കാലുകുത്താന്‍ അനുവദിക്കില്ല എന്ന് തീര്‍ത്തു പറഞ്ഞു. അതോടെ നബിയും അനുയായികളും ഹുദൈബിയ്യയില്‍ തമ്പടിച്ചു. തുടര്‍ന്ന് ചര്‍ച്ചകളും അനുരജ്ഞനശ്രമങ്ങളും നടന്നു. നബി(സ)യുടെ പ്രതിനിധിയായി ഉസ്മാന്‍(റ) മക്കയിലേക്ക് പോയി. ഖുറൈശികളുടെ ചില പ്രതിനിധികള്‍ നബി(സ)യുമായി ചര്‍ച്ചക്ക് തയ്യാറാവുകയും ചെയ്തു. എങ്കിലും മുസ്‌ലിംകളുടെ ക്യാമ്പിന് നേരെ ഒരാക്രമണം ഏതു സമയത്തും ഉണ്ടാവാമെന്ന അവസ്ഥയാണുള്ളത്. അതു മനസ്സിലാക്കിയ നബി(സ) ക്യാമ്പിന് ശക്തമായ കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു. മുഹമ്മദ് ബിന്‍ മസ്‌ലമ(റ) ആയിരുന്നു കാവല്‍ഭടന്‍മാരുടെ നേതാവ്. ചര്‍ച്ചകളില്‍ താല്‍പര്യം കാണിക്കാതെ ഇരുട്ടിന്റെ മറവില്‍ തീവ്രപദ്ധതികള്‍ നടത്തിയ ഒരുകൂട്ടം യുവാക്കള്‍ മക്കയിലുണ്ടായിരുന്നു. അവര്‍ക്ക് ചര്‍ച്ചകളോട് തീരെ മതിപ്പില്ലായിരുന്നു. അവര്‍ മുസ്‌ലിംകളുടെ ക്യാമ്പ് ആക്രമിക്കാന്‍ പദ്ധതിയിട്ടു. രാത്രി അവര്‍ മലമുകളില്‍ കയറി ഒളിച്ചിരുന്നു. സുബ്ഹിയുടെ വെട്ടം പരക്കും മുമ്പ് അവര്‍ പൊടുന്നനെ ഹുദൈബിയ്യായിലെ മുസ്‌ലിം ക്യാമ്പ് ആക്രമിക്കാന്‍ ഇറങ്ങി. ശത്രുക്കളുടെ ശ്രമം പക്ഷേ, മുഹമ്മദ് ബിന്‍ മസ്‌ലമ(റ)യുടെ ശക്തമായ കാവലിനുമുമ്പില്‍ വിഫലമായി. എഴുപതോ എണ്‍പതോ പേരുണ്ടായിരുന്ന അവരെ അദ്ദേഹവും സഹപ്രവര്‍ത്തകരും വളഞ്ഞുപിടിച്ചു. അവര്‍ നബി(സ)യുടെ മുമ്പില്‍ ഹാജരാക്കപ്പെട്ടു. ചര്‍ച്ചകള്‍ക്കിടയില്‍ അവര്‍ നടത്തിയ ഈ ഹീനശ്രമം ഒരിക്കലും മാപ്പര്‍ഹിക്കുന്നതല്ലായിരുന്നു. പക്ഷേ, നബി(സ) തിരുമേനിയുടെ മനസ്സലിഞ്ഞു. നബി(സ) പറഞ്ഞു: അവരെ വെറുതെവിടുക. അല്‍ ഫത്ഹ് അധ്യായത്തിലെ 24ാം സൂക്തം ഈ സംഭവമാണ് അനുസ്മരിപ്പിക്കുന്നത്.
മാനുഷ്യകത്തെ മുഴുവനും ഉള്‍ക്കൊള്ളാന്‍ മാത്രം വിശാലമായിരുന്നു ആ മനസ്സ്. അതുകൊണ്ടാണ് അവര്‍ ജന്‍മശ്രുക്കള്‍ക്കുപോലും മാപ്പ് നല്‍കിയത്. എല്ലാ മനുഷ്യരെയും വിമോചനത്തിന്റെ തീരത്തെത്തിക്കാന്‍ ഇത്രമേല്‍ ത്യാഗങ്ങള്‍ സഹിച്ചത്. എല്ലാവരെയും മതക്കാര്‍ എന്ന നിലക്കല്ല, മനുഷ്യര്‍ എന്ന നിലക്ക് സ്‌നേഹിച്ചത്.

Test User: