റാംപൂര്‍: മുന്‍ എം.പി അതീഖ് അഹമ്മദിനെ കൊലപ്പെടുത്തിയതു പോലെ തന്നെയും വെടിവെച്ച് കൊലപ്പെടുത്തുമെന്ന് ഭയപ്പെടുന്നതായി മുതിര്‍ന്ന സമാജ് വാദി പാര്‍ട്ടി നേതാവ് അസം ഖാന്‍. ഉത്തര്‍പ്രദേശിലെ രാംപൂരില്‍ തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് അസം ഖാന്‍ ഇക്കാര്യം പറഞ്ഞത്.
അതീഖ് അഹമ്മദിനു സമാനമായി താനും തന്റെ മക്കളും കൊല്ലപ്പെടണമെന്നാണോ നിങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് പ്രചാരണ യോഗത്തിനിടെ അസം ഖാന്‍ ചോദിച്ചു. ‘ ആരെങ്കിലും വന്ന് ഞങ്ങളുടെ ശിരസ്സിലേക്ക് തോക്കു ചൂണ്ടി വെടിവെക്കുകയാണോ വേണ്ടത്? ഇതൊക്കെയാണ് ഇപ്പോഴത്തെ അവസ്ഥ’ , അസം ഖാന്‍ പറഞ്ഞു. വോട്ടവകാശം വിനിയോഗിക്കണം. അത് നമ്മുടെ ജന്മാവകാശമാണ്. ആ അവകാശം പോലും രണ്ടു തവണ നിഷേധിക്കപ്പെട്ടു. മൂന്നാം തവണയും നിഷേധിക്കപ്പെടുന്ന സാഹചര്യം വന്നാല്‍ നമുക്ക് ശ്വസിക്കാനുള്ള അവകാശം പോലും ഉണ്ടാകില്ല’, അസംഖാന്‍ പറഞ്ഞു. വിദ്വേഷ പ്രസംഗ കേസില്‍ മൂന്നു വര്‍ഷത്തെ തടവിനു ശിക്ഷിക്കപ്പെട്ടതോടെ എംഎല്‍എ സ്ഥാനം നഷ്ടമായതിനെക്കുറിച്ചായിരുന്നു അസം ഖാന്റെ പരാമര്‍ശം. 2019-ലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, രാംപുരിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെ നടത്തിയ പരാമര്‍ശങ്ങളാണ് അസം ഖാന് തിരിച്ചടിയായത്. ദീര്‍ഘകാലമായി അസുഖബാധിതനായിരുന്ന അസം ഏറെ നാളുകള്‍ക്ക് ശേഷം യുപിയില്‍ വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായാണ് പൊതു പരിപാടിയില്‍ പങ്കെടുക്കുന്നത്.