കര്‍ണാടകയിലെ ബീഫ് വിഷയത്തില്‍ ആര്‍.എസ്.എസിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ. ഞാനൊരു ഹിന്ദുവാണ്. ഇതുവരെ ബീഫ് കഴിച്ചിട്ടില്ല. വേണ്ടിവന്നാല്‍ കഴിക്കും. അത് തന്റെ അവകാശമാണെന്നും തന്നോട് കഴിക്കരുതെന്ന് പറയാന്‍ നിങ്ങള്‍ ആരാണെന്നും സിദ്ധരാമയ്യ ചോദിച്ചു. തുംകൂര്‍ ജില്ലയിലെ പൊതുപരിപാടിക്കിടെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.
ബീഫ് കഴിക്കുന്നവര്‍ ഒരു സമുദായത്തില്‍ മാത്രം പെട്ടവരല്ല. ഹൈന്ദവരും ക്രിസ്ത്യാനികളും ബീഫ് കഴിക്കാറുണ്ട്. മുസ്‌ലിങ്ങള്‍ മാത്രമല്ല ബീഫ് കഴിക്കുന്നത്. ഒരുതവണ കര്‍ണാടക നിയമസഭയിലും താന്‍ ഇക്കാര്യം പറഞ്ഞിരുന്നെന്ന് അദ്ദേഹം ഓര്‍മപ്പെടുത്തി. ആര്‍.എസ്.എസ് ആണ് മതങ്ങള്‍ക്കിടയില്‍ വിള്ളലുണ്ടാക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.
കര്‍ണാടകയില്‍ 2021 ജനുവരിയിലാണ് ബി.ജെ.പി സര്‍ക്കാര്‍ ബീഫ് നിരോധന നിയമം നടപ്പിലാക്കിയത്. ഈ നിയമ പ്രകാരം സംസ്ഥാനത്ത് എല്ലാതരം കന്നുകാലികളെയും വാങ്ങുന്നതും വില്‍ക്കുന്നതും കൊണ്ടുപോകുന്നതും കശാപ്പുചെയ്യുന്നതും കച്ചവടം ചെയ്യുന്നതും നിയമവിരുദ്ധമാക്കിയിരുന്നു. 7 വര്‍ഷം വരെ തടവും 50,000 മുതല്‍ 5 ലക്ഷം രൂപ വരെ പിഴയുമാണ് നിയമം ലംഘിക്കുന്നവര്‍ക്ക് ശിക്ഷയായി ലഭിക്കുക.