X
    Categories: Newsworld

യുക്രെയ്‌നില്‍ ഇനിയും എത്രപേര്‍, കണക്കില്ലാതെ കേന്ദ്രം:നൂറുകണക്കിന് പേര്‍ യുക്രെയ്‌നില്‍ കുടുങ്ങിക്കിടക്കുന്നുവെന്ന് വിദേശകാര്യ വക്താവ്

ന്യൂഡല്‍ഹി: യുക്രെയ്‌നില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുടെ എണ്ണം സംബന്ധിച്ച് വ്യക്തമായ കണക്കില്ലാതെ കേന്ദ്ര സര്‍ക്കാര്‍. ഇതുവരെ 18,000 ഇന്ത്യക്കാര്‍ യുക്രെയ്‌നില്‍ നിന്നും പുറത്തു കടന്നെന്നു അറിയിച്ച വിദേശകാര്യ വക്താവ് ഇനിയും നൂറു കണക്കിന് പേര്‍ അവിടെ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും പടിഞ്ഞാറന്‍ മേഖലയില്‍ കുടുങ്ങിയവരുടെ എണ്ണം കുറഞ്ഞുവെന്നും അറിയിച്ചു.

ഇവരെ യുക്രെയ്‌നില്‍ നിന്നും സുരക്ഷിതമായി തിരിച്ചു കൊണ്ടു വരുന്നതിനായി യുക്രെയ്ന്‍, റഷ്യന്‍ അധികൃതരുമായി ബന്ധപ്പെടുന്നുണ്ടെന്നും വിദേശകാര്യ വക്താവ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറില്‍ 6400 പേരെ യുക്രെയ്‌നില്‍ നിന്നും ഇന്ത്യയിലേക്ക് മടക്കിക്കൊണ്ടു വന്നു.

അടുത്ത 24 മണിക്കൂറിനുള്ളില്‍ 18 വിമാനങ്ങള്‍ കൂടി ഇന്ത്യക്കാരെ മടക്കിക്കൊണ്ടു വരുന്നതിനായി അയക്കുമെന്നും വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. അതേ സമയം ഇന്ത്യക്കാരെ യുക്രെയ്ന്‍ ബന്ദികളാക്കിയെന്ന റഷ്യന്‍ വാര്‍ത്ത അദ്ദേഹം നിഷേധിച്ചു. ഇന്ത്യക്കാരെ ആരേയും ബന്ദിയാക്കിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുമി, ഹാര്‍കീവ് എന്നിവിടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ റഷ്യയുടെ സഹായത്തോടെ അതിര്‍ത്തി കടത്തുമെന്ന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നെങ്കിലും ഇതുവരെ നടപ്പിലായിട്ടില്ല. സുമിയിലും ഹാര്‍കീവിലും മലയാളികളടക്കമുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഇപ്പോഴും അതിര്‍ത്തിയിലെത്താനാവാതെ കഴിയുന്നുണ്ട്. ഇതിനിടെ ഹാര്‍കീവില്‍ കുടുങ്ങിക്കിടക്കുന്ന മുഴുവന്‍ ഇന്ത്യക്കാരോടും അപേക്ഷ പൂരിപ്പിക്കാനാവാശ്യപ്പെട്ട് ഇന്ത്യന്‍ എംബസി ഗൂഗിള്‍ ഫോം പുറത്തു വിട്ടു. പിസോചിന്‍ ഒഴികെ ഹാര്‍കീവിലുള്ള മുഴുവന്‍ ഇന്ത്യക്കാരും ഗൂഗിള്‍ ഫോം പൂരിപ്പിച്ചു നല്‍കണമെന്നാണ് യുക്രെയ്‌നിലെ ഇന്ത്യന്‍ എംബസി ആവശ്യപ്പെട്ടിരിക്കുന്നത്.

അതേ സമയം യുക്രെയ്‌നില്‍ റഷ്യന്‍ അധിനിവേശത്തിനിടെ കൊല്ലപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ത്ഥി നവീന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുകയാണെന്ന് വിദേശകാര്യ മന്ത്രാലയം. ഹാര്‍കീവിലെ മെഡിക്കല്‍ സര്‍വ്വകലാശാലയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നതെന്ന് കുടുംബത്തിന് അറിയിപ്പ് ലഭിച്ചു.

നവീന്റെ മൃതദേഹം നാട്ടിലെത്തിക്കുന്ന കാര്യത്തില്‍ യുക്രെയ്ന്‍ അധികൃതരുമായി ചര്‍ച്ച നടത്തി വരികയാണെന്നാണ് വിദേശകാര്യമന്ത്രാലയം ഒടുവില്‍ അറിയിച്ചിരിക്കുന്നത്. ഏജന്റും നവീന്റെ സുഹൃത്തുക്കളും മൃതദേഹം തിരിച്ചറിഞ്ഞിരുന്നു. ഹാര്‍കീവിലെ മെഡിക്കല്‍ സര്‍വ്വകലാശാലയില്‍ നിന്നും മൃതദേഹം നാട്ടില്‍ എപ്പോള്‍ എത്തിനാകുമെന്നതില്‍ അവ്യക്തത തുടരുകയാണ്.

കര്‍ണാടകയിലെ ഹവേരിയിലെ കര്‍ഷക കുടുംബമാണ് നവീന്റേത്. .കൃഷിയില്‍ നിന്നുള്ള വരുമാനം സ്വരൂപിച്ചും വായ്പയെടുത്തുമാണ് വിദേശത്ത് പഠനത്തിനയച്ചത്. പ്ലസ് ടുവിന് 97 ശതമാനം മാര്‍ക്ക് ലഭിച്ചിരുന്നെങ്കിലും നീറ്റ് പ്രവേശന പരീക്ഷയില്‍ ആദ്യ പട്ടികയില്‍ ഇടംപിടിക്കാന്‍ കഴിഞ്ഞിരുന്നില്ല. ചാലഗേരി എന്ന ഗ്രാമത്തിലെ കര്‍ഷ കുടുംബത്തില്‍ നിന്നുള്ള നവീന് നീറ്റ് പരീശിലനത്തിന് പോകാന്‍ സാധിച്ചിരുന്നില്ല. ഇന്ത്യയിലെ ഉയര്‍ന്ന ഫീസ് കണക്കിലെടുത്താണ് യുക്രെയ്‌നിലെ ഹാര്‍കീവ് മെഡിക്കല്‍ സര്‍വ്വകലാശാല തെരഞ്ഞെടുത്തത്.

Test User: