X
    Categories: keralaNews

ആവശത്തില്‍ തൃക്കാക്കര; ആദ്യ മണിക്കൂറുകളില്‍ കനത്ത പോളിങ്

കൊച്ചി: ഒരുമാസം നീണ്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം തൃക്കാക്കര ബൂത്തിലേക്ക്. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. പി.ടി തോമസ് എം.എല്‍.എ മരിച്ചതിനെ തുടര്‍ന്ന് ഒഴിവുവന്ന സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പില്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ്. തുടക്കത്തില്‍ തന്നെ ഉമ തോമസിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച മുന്നണി പ്രചാരണത്തിന്റെ എല്ലാ ഘട്ടത്തിലും മുന്നിലെത്തി. ആദ്യം പ്രഖ്യാപിച്ച സ്ഥാനാര്‍ഥിയെ സമ്മര്‍ദങ്ങള്‍ക്കൊടുവില്‍ മാറ്റിയാണ് എല്‍.ഡി.എഫ് തിരഞ്ഞെടുപ്പിനിറങ്ങിയത്. ഇതിനെ തുടര്‍ന്ന് പാര്‍ട്ടിയിലുണ്ടായ തര്‍ക്കങ്ങള്‍ ഇതുവരെ കെട്ടടങ്ങിയിട്ടില്ല. മണ്ഡല ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്. നിയമസഭയില്‍ നൂറംഗ സംഖ്യ തികയ്ക്കാമെന്ന പ്രതീക്ഷയാണ് എല്‍ഡിഎഫിന്.

2011ല്‍ രൂപീകൃതമായ മണ്ഡലത്തില്‍ നടക്കുന്ന നാലാമത്തെ തിരഞ്ഞെടുപ്പാണിത്. ആകെ 8 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്. 1.96 ലക്ഷം വോട്ടര്‍മാരില്‍ 1.01 ലക്ഷം പേരും വനിതകളാണ്. പ്രശ്‌നബാധിത ബൂത്തുകളൊന്നും മണ്ഡലത്തില്‍ ഇല്ലെങ്കിലും പഴുതടച്ച സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൂടുതല്‍ ബൂത്തുകള്‍ വരുന്ന ഇടങ്ങളില്‍ മൈക്രോ ഒബ്‌സര്‍വര്‍മാരെയും പ്രത്യേക പൊലീസ് പട്രോളിങ് സംഘത്തെയും നിയോഗിച്ചു. ആകെ 239 പോളിങ് ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. 239 പ്രിസൈഡിങ്ങ് ഓഫീസര്‍മാരെയും 717 പോളിങ് ഉദ്യോഗസ്ഥരെയുമാണ് നിയോഗിച്ചിരിക്കുന്നത്.

Chandrika Web: