X

വിദ്വേഷ പ്രസംഗം, ഗോരക്ഷാ ഗുണ്ടാ ആക്രമണം; കര്‍ണാടക സര്‍ക്കാര്‍ എഴുതിത്തള്ളിയത് 385 കേസുകള്‍

ബെംഗളൂരു; നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിലില്‍ നില്‍ക്കെ കര്‍ണാടക ബി.ജെ.പിയും ബാസവരാജ് ബൊമ്മെ സര്‍ക്കാറും പുതിയ വിവാദക്കുരുക്കില്‍. വിദ്വേഷ പ്രസംഗങ്ങളുമായും ഗോരക്ഷാ ഗുണ്ടാ ആക്രമണങ്ങളുമായും ബന്ധപ്പെട്ട് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത 385 കേസുകള്‍ ബൊമ്മെ സര്‍ക്കാര്‍ എഴുതിത്തള്ളിയെന്ന വാര്‍ത്തയാണ് വിവാദത്തിന് വഴിവെച്ചത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന 2019 ജൂലൈ മുതല്‍ 2023 ഏപ്രില്‍ വരെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളാണ് എഴുതിത്തള്ളിയത്. ആയിരത്തോളം കുറ്റവാളികളാണ് ഇതിലൂടെ രക്ഷപ്പെടുന്നതെന്ന് വിവരാവകാശ നിയമപ്രകാരം പുറത്തു വന്ന രേഖകള്‍ വ്യക്തമാക്കുന്നു.

2020 ഫെബ്രുവരിക്കും 2023 ഫെബ്രുവരിക്കും ഇടയില്‍ വ്യത്യസ്ത സമയങ്ങളിലായി പുറത്തിറക്കിയ ഏഴ് ഓര്‍ഡറുകള്‍ വഴിയാണ് കേസുകള്‍ എഴുതിത്തള്ളിയത്. ഇതില്‍ 182 കേസുകള്‍ ചെറുതും വലുതുമായ വര്‍ഗീയ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തതാണ്. 2020 ഫെബ്രുവരി 11നാണ് കേസുകള്‍ എഴുതിത്തള്ളുന്നതുമായി ബന്ധപ്പെട്ട ആദ്യ ഉത്തരവ് പുറത്തിറങ്ങിയത്. കര്‍ഷക സമരങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ പ്രോസിക്യൂഷന്‍ നടപടികള്‍ നിര്‍ത്തിവെക്കാന്‍ നിര്‍ദേശിച്ചു കൊണ്ടുള്ളതായിരുന്നു ഈ ഉത്തരവ്. ജനകീയാവശ്യം പരിഗണിച്ചായിരുന്നു ഇത്തരമൊരു നടപടി. എന്നാല്‍ ഇതിനു പിന്നാലെ പുറത്തിറക്കിയ ആറ് ഉത്തരവുകളും ബി.ജെ.പി സര്‍ക്കാര്‍ രാഷ്ട്രീയ താല്‍പര്യം മുന്‍നിര്‍ത്തി പുറത്തിറക്കിയതാണെന്നാണ് ആക്ഷേപം.

സര്‍ക്കാര്‍ നടപടി കേസില്‍ നിന്ന് രക്ഷപ്പെട്ടവരില്‍ ബി.ജെ.പി എം.പിയും എം. എല്‍.എയും ഉള്‍പ്പെടും. 2020 ഫെബ്രുവരിയിലും ഇതേ വര്‍ഷം ഓഗസ്റ്റിലും പുറത്തിറക്കിയ ഉത്തരവ് വഴിയാണ് വര്‍ഗീയ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട മൈസൂരുവില്‍ നിന്നുള്ള ബി.ജെ.പി എം.പി പ്രതാപ് സിംഹയും ബി.ജെ.പി എം.എല്‍.എ രേണുകാചാര്യ എം.പിയും കേസ് നടപടികളില്‍ നിന്ന് തലയൂരിയത്.

റദ്ദാക്കിയതില്‍ 45 കേസുകള്‍ ഗോരക്ഷാ ഗുണ്ടാ ആക്രമണങ്ങളും തീവ്ര ഹിന്ദുത്വ സംഘടനകള്‍ നടത്തിയ ആള്‍കൂട്ട ആക്രമണങ്ങളുമായി ബന്ധപ്പെട്ടതാണ്. ഇവയില്‍ ഏറെയും മംഗളൂരു, ഉഡുപ്പി അടക്കം ഉത്തര കര്‍ണാടക ജില്ലകള്‍ കേന്ദ്രീകരിച്ച് നടന്ന കുറ്റകൃത്യങ്ങളാണ്. നൂറിലധികം പേരാണ് ഇതിലൂടെ രക്ഷപ്പെട്ടത്. ചിക്ക്മംഗളൂരില്‍ നടന്ന ഗോരക്ഷാ ഗുണ്ടകളുടെ ആക്രമണവും ടിപ്പു ജയന്തി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് മൈസുരു, കൊടക് ജില്ലകളില്‍ നടന്ന സംഘര്‍ഷങ്ങളും രാം നവമി, ഹനുമാന്‍ ജയന്തി, ഗണേഷ ഫെസ്റ്റിവല്‍ എന്നിവയുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷങ്ങളില്‍ വിവിധ ജില്ലകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളും ഇത്തരത്തില്‍ റദ്ദാക്കിയവില്‍ ഉള്‍പ്പെടും. 2022 ഒക്ടോബറില്‍ മാത്രം 34 കേസുകള്‍ പിന്‍വലിച്ചിട്ടുണ്ട്. പ്രോസിക്യൂഷന്‍ നടപടികള്‍ റദ്ദാക്കാവുന്ന കേസുകളല്ല ഇവയെന്ന പ്രോസിക്യൂഷന്‍ നിയമ വകുപ്പിന്റെ ശിപാര്‍ശ മറികടന്നായിരുന്നു ആഭ്യന്തര വകുപ്പിന്റെ നടപടി.

webdesk11: