X
    Categories: indiaNews

ഗ്യാന്‍ വാപി വിധി: പഴയ പോരാട്ടം, പുതിയ പോര്‍മുഖം; കാശി, മഥുര ഇനി വരുന്നത് നിയമ യുദ്ധങ്ങള്‍

ലക്‌നൗ: വരാണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തിനു സമീപം സ്ഥിതി ചെയ്യുന്ന ഗ്യാന്‍വാപി മസ്ജിദില്‍ ആരാധന നടത്താനാവശ്യപ്പെട്ട് ഹിന്ദു സ്ത്രീകള്‍ നല്‍കിയ ഹര്‍ജി നിലനില്‍ക്കുമെന്ന് കോടതി വിധി പ്രസ്താവം വന്നതോടെ മതവും രാഷ്ട്രീയവും നിയമവും കൂടിക്കുഴഞ്ഞ സങ്കീര്‍ണ പോരാട്ടത്തിലേക്ക് മറ്റൊരു മസ്ജിദ് കൂടി വഴി മാറുന്നു. ഗ്യാന്‍വാപി മസ്ജിദില്‍ കോടതി നിര്‍ദേശത്തെ തുടര്‍ന്ന് അഭിഭാഷക കമ്മീഷന്‍ സര്‍വേയില്‍ ശിവലിംഗം കണ്ടെത്തി എന്ന് അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇത് പള്ളി കോമ്പൗണ്ടില്‍ വിശ്വാസികള്‍ക്ക് അംഗ ശുദ്ധി വരുത്താനായുള്ള വുദു ഖാനയുടെ സ്ഥാപക ശിലയാണെന്നാണ് പള്ളിക്കമ്മിറ്റി പറയുന്നത്. എന്തായാലും ഹര്‍ജി നിലനില്‍ക്കുമെന്ന് കോടതി വ്യക്തമാക്കിയതോടെ ഈ മാസം 22 മുതല്‍ ഹര്‍ജിയില്‍ വിചാരണ ആരംഭിക്കും. കാശി വിശ്വനാഥ ക്ഷേത്രത്തിനു സമീപമുള്ള ഗ്യാന്‍വാപി മസ്ജിദ് 1980 കള്‍ മുതല്‍ ബി.ജെ.പിയുടേയും തീവ്ര ഹിന്ദുത്വ സംഘടനകളുടേയും പട്ടികയിലുള്ളതാണ്. 80കളില്‍ സംഘ്പരിവാര്‍ വിളിച്ച അയോധ്യ തോ ജാന്‍കി ഹൈ, കാശി മഥുര ബാക്കി ഹൈ എന്ന മുദ്രാവാക്യം ഇതോടൊപ്പം ചേര്‍ത്ത് വായിക്കാവുന്നതാണ്. അയോധ്യ വെറുമൊരു ചെറുഭാഗം മാത്രമാണെന്നും കാശിയും മഥുരയുമാണ് പിന്നാലെ വരുന്നതെന്നായിരുന്നു സംഘ്പരിവാര്‍ മുദ്രാവാക്യം. പല പള്ളികളും ക്ഷേത്രങ്ങള്‍ തകര്‍ത്ത് നിര്‍മിച്ചതാണെന്നാണ് സംഘ്പരിവാര്‍ 80കള്‍ മുതല്‍ ആരോപിക്കുന്നത്. 1992ല്‍ ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട അയോധ്യ ഭൂമി ഹിന്ദുക്കല്‍ക്കായി സുപ്രീം കോടതി അനുവദിച്ചപ്പോള്‍ മറ്റൊരു പള്ളിയായ മഥുരക്കെതിരെ നിലവില്‍ കോടതിയില്‍ ഹര്‍ജി നിലവിലുണ്ട്. ഹിന്ദുത്വ സംഘടനകളുടെ മുദ്രാവാക്യത്തില്‍ ഉള്‍പ്പെട്ട മൂന്നു പള്ളികളും ബി.ജെ.പി ഭരണം കൈയ്യാളുന്ന യു.പിയിലാണ്.

വരാണാസിയാവട്ടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലത്തിലും. കേവലം പള്ളികളില്‍ മാത്രമൊതുങ്ങുന്നതല്ല സംഘ്പരിവാര്‍ അവകാശ വാദങ്ങള്‍. ഡല്‍ഹിയിലെ ഖുതുബ് മിനാറിനും ആഗ്രയിലെ താജ്മഹലും ഉള്‍പ്പെടെ ചരിത്ര സ്മാരകങ്ങള്‍ക്കുമേലും അവകാശവാദങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു. ഗ്യാന്‍വാപി പള്ളി വിഷയം ഹിന്ദുക്കള്‍ക്ക് നിത്യ പ്രാര്‍ത്ഥനക്ക് അനുമതി നല്‍കുമോ ഇല്ലയോ എന്നതില്‍ ഒതുങ്ങും. മസ്ജിദ് കോംപ്ലക്‌സിനകത്ത് ദൃശ്യവും അദൃശ്യവുമായ ദേവിമാരെ പ്രാര്‍ത്ഥിക്കാന്‍ അനുമതി വേണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം. നിലവില്‍ വര്‍ഷത്തില്‍ ഒരു തവണ ഇവിടെ ഹിന്ദുക്കള്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ അനുമതി ഉണ്ട്. ഹര്‍ജിയില്‍ വാദം കേള്‍ക്കരുതെന്നാവശ്യപ്പെട്ട് മസ്ജിദ് കമ്മിറ്റി ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. 1991ലെ ആരാധനാലയ നിയമത്തില്‍ ഉള്‍പ്പെടുത്തി ഹര്‍ജി തള്ളണമെന്നാണ് മസ്ജിദ് കമ്മിറ്റി വാദിക്കുന്നത്.

എന്നാല്‍ കഴിഞ്ഞ ദിവസത്തെ വരാണാസി കോടതി വിധിയില്‍ മസ്ജിദ് ക്ഷേത്രമാക്കണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും ആരാധനക്ക് മാത്രമേ അനുമതി തേടിയിട്ടുള്ളൂവെന്നുമാണ് ചൂണ്ടിക്കാട്ടിയിരിക്കുന്നത്. വിധിയില്‍ മസ്ജിദ് കമ്മിറ്റിയുടെ മൂന്ന് വാദങ്ങളും ജഡ്ജി തള്ളിക്കളയുകയും ചെയ്തു. പള്ളിയുടെ അവകാശം സംബന്ധിച്ച് തര്‍ക്കമുന്നയിക്കാത്തതിനാല്‍ 1991ലെ ആരാധനാലയ നിയമം ബാധകമാവില്ല. 1995ലെ വഖഫ് നിയമം, 1983ലെ കാശി വിശ്വനാഥ ക്ഷേത്രം നിയമം എന്നിവ ഹര്‍ജിക്ക് ബാധകമല്ലെന്നും 26 പേജ് വരുന്ന വിധിന്യായത്തില്‍ ജഡ്ജി പറയുന്നു. പള്ളി തര്‍ക്കസ്ഥലമാണെന്ന് ഉത്തരവില്‍ പറയുന്നു. എന്നാല്‍ ഇത് ശരിയല്ലെന്നാണ് മസ്ജിദ് കമ്മിറ്റി പറയുന്നത്. മസ്ജിദ് ഉത്തരവ് ഹിന്ദുത്വര്‍ ആഘോഷമാക്കിക്കഴിഞ്ഞു. ഹര്‍ജിക്കാരിയായ മഞ്ജു വ്യാസ് നൃത്തം ചെയ്താണ് വിധിയെ സ്വാഗതം ചെയ്തത്. ബി.ജെ.പിയും വിധിയെ സ്വാഗതം ചെയ്തു കഴിഞ്ഞു. ഉത്തര്‍ പ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേശ് പഥക് സന്തോഷത്തിര എന്നാണ് വിധിയെ വിശേഷിപ്പിച്ചത്. വിധിക്കെതിരെ അപ്പീല്‍ പോവുക എന്നത് അവരുടെ (മുസ്്‌ലിംകളുടെ) അവകാശമാണെന്നും സംസ്ഥാന സര്‍ക്കാര്‍ ക്രമസമാധാന നിലശക്തിപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്വാഗതാര്‍ഗഹമായ തീരുമാനമെന്നാണ് കേന്ദ്ര മന്ത്രി അനുരാഗ് താക്കൂര്‍ പറഞ്ഞത്. എല്ലാവരും ശാന്തരാകണമെന്നും കോടതി തീരുമാനിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു. അതേ സമയം സാമൂഹിക അവിശ്വാസത്തിനും നിയമത്തിന്റെ അന്തസത്തക്കും എതിരാണ് വിധിയെന്ന് പല പ്രതിപക്ഷ നേതാക്കളും ആരോപിക്കുന്നു. മസ്ജിദ് കമ്മിറ്റി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് അവരുടെ അഭിഭാഷകനായ അഖ്‌ലാഖ് അഹമ്മദ് പറഞ്ഞു. അതേ സമയം വരാണാസിയില്‍ ഒതുങ്ങില്ല സംഘ്പരിവാര്‍ വാദങ്ങളെന്ന് ഉറപ്പിക്കുന്നതായിരുന്നു വിധി പ്രസ്താവന വന്ന ദിവസത്തെ മറ്റൊരു ഹര്‍ജി. മഥുരയിലെ മീണ മസ്ജിദ് മാറ്റണമെന്നാവശ്യപ്പെട്ട് പുതിയൊരു ഹര്‍ജി കൂടി ഇതേ ദിവസം സമര്‍പ്പിച്ചിട്ടുണ്ട്. ഷാഹി മസ്ജിദ് ഈദ്ഗാഹ് ശ്രീകൃഷ്ണന്റെ ജന്മസ്ഥലം ഉള്‍പ്പെടുന്ന കത്ര കേശവ് ദിയോ ക്ഷേത്ര കോംപ്ലക്‌സിനകത്താണെന്നാണ് ഹര്‍ജിക്കാരുടെ വാദം. കര്‍വത് ലേതി മഥുര കാശി എന്നായിരുന്നു വിധി പ്രസ്താവം വന്ന ദിവസം യു.പിയിലെ മറ്റൊരു ഉപമുഖ്യമന്ത്രിയായ കേശവ് പ്രസാദ് മൗര്യയുടെ ട്വീറ്റ്. അതായത് വരാണാസിയും മഥുരയും ചലിച്ചു തുടങ്ങിയെന്നര്‍ത്ഥം.

Test User: