മുംബൈ: അഴുക്കു ചാലിനു മുകളില്‍ സ്ഥാപിച്ച 6000 കിലോഗ്രാം ഭാരമുള്ള ഇരുമ്പു പാലം മോഷ്ടിച്ചതിന് നാലു പേരെ പൊലീസ് അറസ്റ്റു ചെയ്തു. മുംബൈയിലെ മലാഡ് വെസ്റ്റിലാണ് സംഭവം.
പ്രദേശത്ത് കോണ്‍ക്രീറ്റ് പാലം നിര്‍മിക്കുന്നതിനാവശ്യമായ സാമഗ്രികള്‍ കൊണ്ടുപോകുന്നതിന് നിര്‍മിച്ച താല്‍ക്കാലിക പാലമാണ് നാലംഗ സംഘം മോഷ്ടിച്ചത്. 90 അടി നീളമായിരുന്നു പാലത്തിന്. നിര്‍മാണശേഷം മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിച്ച പാലം കഴിഞ്ഞ മാസം 26നാണ് കാണാനില്ലെന്ന് അധികൃതര്‍ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് പാലം നിര്‍മാണത്തിന് കരാറെടുത്ത കമ്പനി പൊലീസില്‍ പരാതി നല്‍കി. ജൂണ്‍ ആറിനാണ് അവസാനമായി പാലം കണ്ടതെന്ന് പൊലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായി. തുടര്‍ന്ന് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളെ അടിസ്ഥാനമാക്കി നടത്തിയ പരിശോധനയില്‍ പാലം നിര്‍മിക്കാന്‍ കരാറെടുത്ത സ്ഥാപനത്തിലെ ജീവനക്കാരനെയും മൂന്നു കൂട്ടാളികളെയും പിടികൂടുകയായിരുന്നു.
പാലമുണ്ടായിരുന്ന ദിശയിലേക്ക് കൂറ്റന്‍ വാഹനം കടന്നുപോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചതാണ് അന്വേഷണത്തിന് വഴിത്തിരിവായത്. 6000 കിലോഗ്രാം ഭാരമുള്ള ഇരുമ്പ് മോഷ്ടിക്കാന്‍ സഹായിക്കുന്ന ഗ്യാസ് കട്ടിങ് മെഷീനുകളാണ് ഈ വാഹനത്തിലുണ്ടായിരുന്നത്. ഇതില്‍ നിന്ന് പാലത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തതായും പൊലീസ് വ്യക്തമാക്കി.