കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും വര്‍ധിക്കുന്ന സാഹചര്യത്തില്‍ മാസ്‌ക് ധരിക്കാത്തവര്‍ക്കു പിഴ ഏര്‍പ്പെടുത്തി ഡല്‍ഹി സര്‍ക്കാര്‍.പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാത്തവര്‍ക്ക് 500 രൂപ ഈടക്കനാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.എന്നാല്‍ സ്വകാര്യ വാഹനങ്ങളില്‍ പോകുന്നവര്‍ക്ക് പിഴ ഈടാക്കില്ല.ദില്ലിയില്‍ കോവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തിലാണ് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്.
അതേസമയം കഴിഞ്ഞ ദിവസമാണ് ഡല്‍ഹിയില്‍ അതിവ്യാപനശേഷിയുള്ള ഒമിക്രോണ്‍ കണ്ടെത്തിയത്.വാക്‌സിനിലൂടെയും രോഗം വന്നതിനു ശേഷവും ലഭിക്കുന്ന ആന്റിബോഡിയെ പ്രതിരോധിക്കാന്‍ ശേഷിയുള്ളതാണ് പുതിയ വകഭേദം. ജനിതക ശ്രേണി തരംതിരിക്കാനായി ഡല്‍ഹിയിലെ ലോക് നായക് ജയ് പ്രകാശ് നാരായണന്‍ ആശുപത്രിയിലേക്കയച്ച സാമ്പിളിലാണ് വകഭേദം തിരിച്ചറിഞ്ഞത്. പരിശോധനക്കയച്ച നൂറു സാമ്പിളുകളില്‍ 90 എണ്ണത്തിലും ബി.എ2.75 എന്ന വകഭേദം കണ്ടെത്തിയെന്നും ആളുകളിലേക്ക് വളരെ പെട്ടെന്ന് പകരാന്‍ ശേഷിയുള്ളതാണ് പുതിയ വകഭേദമെന്നും എല്‍.എന്‍.ജെ.പി ആശുപത്രി മെഡിക്കല്‍ ഡയറക്ടര്‍ ഡോ. സുരേഷ് കുമാര്‍ പറഞ്ഞു.
എന്നാല്‍, വൈറസ് ശരീരത്തിലുണ്ടാക്കുന്ന തീവ്രത താരതമ്യേന കുറവാണെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, ഡല്‍ഹിയില്‍ കോവിഡ് ബാധിച്ച് ആശുപത്രിയിലാകുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. 24 മണിക്കൂറിനിടെ 2,455പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.