റസാഖ് ഒരുമനയൂര്‍
അബുദാബി: പുണ്യറമദാന്‍ വിടവാങ്ങുന്നു. ഇന്ന് വ്യാഴം അല്ലെങ്കില്‍ നാളെ ഈ വര്‍ഷത്തെ പുണ്യമാസത്തിന് വിരാമമാകും. ഇന്ന് മാസപ്പിറവി ദൃശ്യമാകുന്നതിനെ ആശ്രയിച്ചാണ് പ്രഖ്യാപനം ഉണ്ടാകുക. അവസാന പത്തില്‍ പതിനായിരങ്ങളാണ് പ്രാര്‍ത്ഥനയില്‍ മുഴുകി പള്ളികളില്‍ നിറഞ്ഞൊഴുകിയത്.
ഗള്‍ഫ് നാടുകളിലെ പ്രധാന പള്ളികളെല്ലാം അവനസാന പത്തില്‍ ആയിരങ്ങളാല്‍ നിറഞ്ഞൊഴുകി. ഭക്തിസാന്ദ്രമായ ദിനരാത്രങ്ങളില്‍ ആത്മസംസ്‌കരണം തേടിയെത്തിയ വിശ്വാസികള്‍ പാപമോചനത്തിനായി സൃഷ്ടാവിനോട് ഉള്ളുരുകി പ്രാര്‍ത്ഥിച്ചു.അര്‍ധരാത്രിയിലെ നമസ്‌കാരത്തിന് എത്തിയ വിശ്വാസികളില്‍ പലരും പ്രഭാത നമസ്‌കാരം കഴിഞ്ഞാണ് പള്ളികളില്‍നിന്നും ഇറങ്ങിയത്. ഖുര്‍ആന്‍ പാരായണവും പ്രാര്‍ത്ഥനകളുമായി പള്ളികള്‍ ജനനിബിഢമായിരുന്നു.കുഞ്ഞുമക്കളും പ്രായം ചെന്നവരും ഒരുപോലെ ഉറക്കമിളച്ചു പ്രാര്‍ത്ഥനയില്‍ മുഴുകി. ആഗോളതലത്തില്‍ ശ്രദ്ധയാകര്‍ഷിക്കുന്ന അബുദാബിയിലെ ശൈഖ് സായിദ് മസ്ജിദില്‍ പുണ്യമാസത്തില്‍ പതിനായിരങ്ങളാണ് പ്രാര്‍ത്ഥനക്കായി എത്തിയത്. ലൈലത്തുല്‍ഖദര്‍ പ്രതീക്ഷിച്ച ഇരുപത്തിയേഴാം രാവില്‍ പള്ളികളില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.
ഇത്തവണ ചരിത്രം കുറിച്ചുകൊണ്ടാണ് പല പള്ളികളും നിറഞ്ഞുകവിഞ്ഞത്. 60,310 പേരാണ് ഇരുപത്തിയേഴാം രാവില്‍ ശൈഖ് സായിദ് പള്ളിയില്‍ പ്രാര്‍ത്ഥനക്കെത്തിയത്. ഇതേ രാത്രിയില്‍ അല്‍ഐന്‍ ശൈഖ് ഖലീഫ ഗ്രാന്റ് മോസ്‌കില്‍ 2,402 പേര്‍ തറാവീഹ് നമസ്‌കാരത്തിനും 21,150 പേര്‍ തഹജ്ജുസ് നമസ്‌കാരത്തിനുമായി മൊത്തം 23,552 പേര്‍ പ്രാര്‍ത്ഥനയില്‍ മുഴുകിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു.