X

ആര്‍ഭാടങ്ങള്‍ കടക്കെണിയിലേക്ക്

ടി.എച്ച് ദാരിമി

മുല്ലാ നസ്‌റുദ്ദീന്‍ പുതിയ താമസ സ്ഥലത്തെത്തി. അധികം വൈകാതെ തൊട്ടടുത്ത ധനികന്റെ കടയില്‍ എത്തി കടക്കാരനുമായി ഊഷ്മളമായി പരിചയപ്പെട്ടു. കച്ചവടം മുതല്‍ വൈയക്തിക കാര്യങ്ങള്‍ വരെ വര്‍ത്തമാനം നീണ്ടതോടെ രണ്ടാളും ഏറെ അടുത്തതായി തോന്നിപ്പിക്കപ്പെട്ടു. തന്റെ വര്‍ത്തമാനത്തില്‍ കടക്കാരന്‍ അനുരക്തനായി എന്ന് മുല്ലക്ക് തോന്നിയതും മുല്ല പതിവുപോലെ തന്റെ ആവശ്യം പുറത്തെടുത്തിട്ടു. തനിക്ക് ഇയാളുടെ അടുത്ത്‌നിന്നും കുറച്ച് പണം കടം വേണം. ഇതുവരെയും സംസാരിച്ചതും ഇടപെട്ടതും വളരെ ഹൃദയപൂര്‍വമായിരുന്നു എങ്കിലും ആവശ്യം കേട്ടപ്പോള്‍ കടക്കാരന്‍ നിഷ്‌കളങ്കമായി തിരിച്ചു ചോദിച്ചു: അതിന് താങ്കളെ എനിക്ക് പരിചയമില്ലല്ലോ, നമ്മള്‍ പരസ്പരം ഇന്നു മാത്രമാണല്ലോ കണ്ടുമുട്ടുന്നത്?. പിന്നെ മുല്ല അവിടെ അധികനേരം നിന്നില്ല. ഒരു തരം ചിരി നല്‍കി മെല്ലെ പിന്നോട്ട് പോരുമ്പോള്‍ മുല്ല ചിന്തിച്ചു: അതിശയം തന്നെ! ഇതുവരെ താമസിച്ചിരുന്നിടത്ത് എല്ലാവരും തന്നെ മുമ്പേ ശരിക്കും അറിയുന്നതിനാല്‍ കടം കിട്ടുന്നില്ല. ഇവിടെയാണെങ്കിലോ, തന്നെ മുമ്പേ അറിയാത്തതിനാലും കടം കിട്ടുന്നില്ല! മുല്ലാ നസ്‌റുദ്ദീന്‍ എന്ന ഒരാള്‍ ജീവിച്ചിരുന്നുവോ എന്നും ഇക്കണ്ട കഥകളെല്ലാം അദ്ദേഹത്തിന്റേത് തന്നെയാണോ എന്നോ ആരാഞ്ഞ ആര്‍ക്കും തിട്ടമില്ല. അവര്‍ ആരാഞ്ഞവര്‍ക്കും അതില്ല. അതിനാല്‍ പതിവുപോലെ ഇവിടെയും കഥ വിട്ട് കാര്യമെടുക്കാം.

മനുഷ്യരില്‍ ചിലര്‍ വലിയ ആര്‍ഭാടത്തില്‍ ജീവിക്കുന്നതില്‍ ഏതോ ആനന്ദം കണ്ടെത്തുന്നു. അവന്റെ ആ മോഹവും പോക്കറ്റും ഒത്തുപോകാതിരിക്കുന്നു. അപ്പോഴും തന്റെ മോഹത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ അവന്‍ തയ്യാറല്ല. മറിച്ച്, അവന്‍ ഏതു വിധേനയും തന്റെ മോഹം നിവൃത്തി ചെയ്യാനുള്ള വഴിയെ കുറിച്ച് ചിന്തിക്കുന്നു. ആര്‍ഭാടത്തില്‍ അനുരക്തനാകുന്ന സ്വഭാവക്കാരനാണ് എന്നതില്‍ നിന്നും കക്ഷി ചിന്തക്കും വിവേകത്തിനുമല്ല, വികാരത്തിന് മാത്രം വില കല്‍പിക്കുന്ന ആളാണ് എന്ന് മനസ്സിലാക്കാം. അതിനാല്‍ അവന്‍ കച്ചവടം ചെയ്‌തോ അധ്വാനിച്ചോ തന്റെ മോഹം സാക്ഷാത്കരിക്കാനുള്ള വഴിയൊന്നും ചിന്തിക്കില്ല. മറിച്ച് തല്‍ക്കാലം കാര്യം കടന്നുകിട്ടാനുള്ള വഴിയിലേക്കേ അവന്‍ പോകൂ. അത് കടം വാങ്ങലാണ്. അതിന് ഏത് വലിയ ഉപാധിയും അംഗീകരിച്ചേക്കും. എത്ര പലിശ കൊടുക്കേണ്ടിവന്നാലും കൊടുക്കാന്‍ തയ്യാറായിരിക്കും. കൊടുത്തില്ലെങ്കില്‍ വീടും പറമ്പും ആസ്തികളും പോകുമെന്നു പറഞ്ഞാലും അത്തരം ഭീഷണിയൊന്നും കാര്യമാക്കില്ല. ഈ പ്രകൃതത്തില്‍ കടം വാങ്ങുന്ന ഒരാളും രക്ഷപ്പെട്ട അനുഭവം സമൂഹത്തിനില്ല. അതേസമയം ഒന്നുമില്ലാത്ത ദരിദ്രന്‍മാരുടെ മുമ്പില്‍ കടം അവശ്യ സംഗതിയല്ലേ എന്ന് ചോദിക്കുന്നവരും ഉണ്ടാകും. ഇവിടെ കടത്തെ കുറിച്ച് പറയും മുമ്പ് ആര്‍ഭാടത്തെയും ദരിദ്രനെയും വിലയിരുത്തണം. സമൂഹത്തില്‍ ജീവിക്കുന്ന വ്യക്തിക്ക് തന്റെ സാമൂഹ്യപരിസരവുമായി ഇണങ്ങുന്ന ജീവിതാവശ്യങ്ങള്‍ ഒരിക്കലും ആര്‍ഭാടമാവുന്നില്ല. ജീവിതാവശ്യങ്ങള്‍ക്കുവേണ്ടി കടം വാങ്ങുന്നത് കുറ്റപ്പെടുത്തപ്പെടാവുന്നതുമല്ല.

എന്നാല്‍ ദരിദ്രന്റെ കാര്യത്തില്‍ തീരുമാനമെടുക്കണമെങ്കില്‍ ആദ്യം അവനെ നിശ്ചയിക്കണം. ദരിദ്രന്‍ രണ്ടു തരത്തിലുണ്ട്. ഒന്ന്, തന്റെ ദാരിദ്രത്തെ കുറിച്ചുളള ബോധവും ബോധ്യവും ഉള്ളവന്‍. അവന്‍ കടം വാങ്ങുകയാണെങ്കില്‍തന്നെ അതിനൊരു നിയന്ത്രണം ഉണ്ടാകും. കണ്ടതുപോലെയും കിട്ടിയതുപോലെയുമെല്ലാം കടം വാങ്ങില്ല. അതിനാല്‍ ഇത്തരം ദരിദ്രരും നിരൂപിക്കപ്പെടുന്നില്ല. മറ്റൊരു തരം ദരിദ്രരുണ്ട്. അഹങ്കാരിയും ഗര്‍വുള്ളവനുമായ ദരിദ്രന്‍. തന്റെ നിലയും അവസ്ഥയും ഒന്നും ഒരിക്കലും അവന്‍ അംഗീകരിക്കില്ല. വലിയ പണക്കാരെ പോലെ അറ്റമില്ലാതെ ആഗ്രഹിക്കുകയും അതിനുവേണ്ടി എത്ര വേണമെങ്കിലും കടം വാങ്ങിക്കൂട്ടുകയും ചെയ്യും. ഇത്തരം ദരിദ്രന്‍മാര്‍ ആദ്യം പറഞ്ഞ പക്വതയും വിവേകതയുമില്ലാത്ത മോഹക്കാരുടെ പട്ടികയില്‍ പെടുന്നവരാണ്. അവരുടെ കാര്യത്തില്‍ ഒരു അനുതാപവും കാണിക്കേണ്ടതില്ല. അത്തരക്കാരെ തങ്ങളുടെ ചെയ്തികളുടെ ദുരന്തഫലങ്ങള്‍ അനുഭവിക്കാന്‍ വിടുകയേ മാര്‍ഗമുള്ളൂ. അഹങ്കാരിയായ ദരിദ്രനെ കുറിച്ച് നബി (സ) നിശിതമായ ഭാഷയില്‍ അനിഷ്ടം രേഖപ്പെടുത്തിയതു കാണാം. അതിനാല്‍ അഹങ്കാരിയായ ദരിദ്രനെ അപകട രേഖക്കു മുകളിലെത്തിക്കാന്‍ കഴിയില്ല.

ആര്‍ഭാടം എങ്ങനെയാണ് കടക്കെണിയില്‍ വീഴ്ത്തുന്നത് എന്ന് നോക്കാം. ആര്‍ഭാട ഭ്രമം തലക്കു പിടിക്കുമ്പോള്‍ അത് ഉന്മാദമായിത്തീരുന്നു. ഇത് ശാസ്ത്രീയമായി പറഞ്ഞാല്‍ രോഗമാണ്. ചികിത്സ ആവശ്യമുള്ള മാനസിക രോഗം. പെട്ടെന്ന് തിരിച്ചറിയാന്‍ ബുദ്ധിമുട്ടുള്ള രോഗാവസ്ഥയാണ് ഉന്മാദം അഥവാ മാനിയ. മാനിയ എന്നാല്‍ അസാധാരണമായി ഉയര്‍ന്നതോ പ്രകോപിപ്പിക്കുന്നതോ ആയ മാനസികാവസ്ഥ, തീവ്രമായ ഊര്‍ജം, അമിതമായ ചിന്തകള്‍, മറ്റ് തീവ്രവും അതിശയോക്തിപരവുമായ പെരുമാറ്റങ്ങള്‍, സാഹചര്യങ്ങളെ പരിഗണിക്കാത്ത മോഹങ്ങള്‍ എന്നിവ കാരണം ഉണ്ടാകുന്ന മാനസിക അവസ്ഥയാണ്. അതുണ്ടായിക്കഴി ഞ്ഞാല്‍ പിന്നെ അതിന്റെ അളവിനനുസരിച്ച് ഒരാളുടെ ബുദ്ധിയുടെ പ്രവര്‍ത്തനം മന്ദീഭവിക്കുന്നു. അതിനാലാണ് ഉന്‍മാദ ഹേതുകമായ വിഷയത്തിന്റെ വരുംവരായ്കകളെ കുറിച്ച് ചിന്തിക്കാന്‍ അതുള്ളവര്‍ക്ക് കഴിയാതെ പോകുന്നത്. അപ്പോള്‍ ആര്‍ഭാട ചിന്ത ഉന്മാദം എന്ന രോഗമായി വളരുന്നതോടെ മൂന്നാമത്തെ ഘട്ടത്തിലേക്ക് കടക്കുന്നു. അതാണ് കടം വാങ്ങല്‍. കടം എന്നത് എത്ര ന്യായമായിരുന്നു എന്ന് നാം സമര്‍ഥിച്ചാലും അത് ഏത് ഉന്മാദത്തിനോ ആര്‍ഭാടത്തിനോ വേണ്ടി വാങ്ങിയോ അതുവഴി വന്നുചേരുന്ന ലക്ഷ്വറിക്കുള്ള ആനന്ദത്തിനുള്ള വിലയായി മാറും എന്നത് ഉറപ്പാണ്. ഇല്ലാത്തവര്‍ ഉള്ളവരില്‍ നിന്ന് കടം വാങ്ങുന്നത് സ്വാഭാവികമാണ്. വ്യക്തികളും രാജ്യങ്ങളും കടം വാങ്ങും. കടം വാങ്ങുന്നത് ബഹുഭൂരിപക്ഷവും ജീവിതത്തിന്റെ പ്രാഥമികാവശ്യങ്ങള്‍ക്കാണു താനും. കുട്ടികളുടെ വിദ്യാഭ്യാസം, വീട്, കുട്ടികളുടെ വിവാഹം, കൃഷി, വ്യാപാരം, വ്യവസായം, ചികിത്സ എന്നിങ്ങനെയുള്ള സംഗതികള്‍ക്കാണ് കടം വാങ്ങുന്നത്. സാമൂഹ്യജീവിതത്തില്‍ ഇതൊന്നും അനാവശ്യങ്ങളല്ല; ആര്‍ഭാടങ്ങളല്ല. പക്ഷേ, എങ്കില്‍ തന്നെയും അത് അതിവേഗം ഒരു തലവേദനയായി പരിണമിക്കും. കടം വാങ്ങി ഒരു വര്‍ഷം കഴിയുമ്പോഴേക്കും കാര്യങ്ങള്‍ മാറിമറിയുന്നു. ഒന്നുകില്‍ കടം തന്നവന്‍ കടത്തിന്റെ ഉപാധികള്‍ കടുപ്പിക്കും. നേരെചൊവ്വെ തിരിച്ചടവ് മന്ദീഭവിക്കുന്നത് അനുഭവപ്പെടുമ്പോള്‍ പ്രത്യേകിച്ചും തന്റെ പണം നഷ്ടമില്ലാതെ തിരിച്ചുപിടിക്കാന്‍ കൊടുത്തവന്‍ വ്യഗ്രത കാണിച്ചേക്കും. അല്ലെങ്കില്‍ രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ മാറിയേക്കും. അല്ലെങ്കില്‍ സാമ്പത്തിക നയങ്ങള്‍ മാറും. വ്യക്തിയുടെയോ കുടുംബത്തിന്റെയോ സാമ്പത്തിക അവസ്ഥകള്‍ മാറിയെന്നും വരാം. പുതിയ ആവശ്യങ്ങള്‍ ഉണ്ടാകുന്നു, വിലക്കയറ്റവും വിലക്കുറവും ഉണ്ടാവുന്നു തുടങ്ങിയവയും പ്രതീക്ഷിതമാണ്. ഇങ്ങനെയൊക്കെ ഉണ്ടാവുന്നതില്‍ കടംവാങ്ങിയ വ്യക്തിയുടെ സ്വാധീനം വളരെ ചെറുതുമാണ്. വ്യക്തിക്ക് നിയന്ത്രിക്കാനാവാത്തവയാണ് ഇവയെല്ലാം എന്നു കാണാം. എന്നാല്‍ കടക്കാരന്‍ വ്യക്തിയായി നില്‍ക്കുകയും കടാവസ്ഥ സാമൂഹികമായി സ്ഥലകാലങ്ങള്‍ക്കൊത്ത് മാറുകയും ചെയ്യുന്നു. ഇതൊരു വല്ലാത്ത പ്രതിസന്ധി ഉണ്ടാക്കുന്നു. വ്യക്തിയും സമൂഹവും തമ്മിലുള്ള പാരസ്പര്യം അറ്റുപോകുന്നു. ഇതെല്ലാം നേരിട്ട് അസ്വസ്ഥമാക്കുന്നത് ആര്‍ഭാട മോഹം ഒരുക്കിപ്പിടിക്കാന്‍ കഴിയാതെ കടം വാങ്ങിയവനെയാണ്. അതുകൊണ്ടാണ് അമിതമായ ആര്‍ഭാട ഭ്രമം, അനാവശ്യമായ കടം തുടങ്ങിയവയൊക്കെ വളരെ കരുതലോടെ മാത്രം ചെയ്യേണ്ട കാര്യങ്ങളാണ് എന്നത്.

നാം പറഞ്ഞ ധാര്‍മികമായ കാര്യകാരണങ്ങള്‍ ഒന്നും ഇല്ലെന്നുവന്നാല്‍ തന്നെ വളരെ കരുതല്‍ വേണ്ട കാര്യമാണ് കടം എന്നത്. അത് വ്യക്തിയെ അസ്വസ്ഥനാക്കുന്നതുപോലെ രാഷ്ട്രങ്ങളെ പോലും പിടിച്ചുലച്ചേക്കാം. 2005-2015 കാലത്തുണ്ടായ രണ്ടാം വലിയ സാമ്പത്തിക മാന്ദ്യത്തിന്റെ കാരണങ്ങള്‍ ഉദാഹരണമായി എടുക്കാം. അന്ന് അമേരിക്കന്‍ ഐക്യനാടുകളില്‍ മാന്ദ്യത്തിന് ആക്കം കൂട്ടിയത് കടമായിരുന്നു. ചെറിയ വരുമാനക്കാര്‍ക്ക് ബോണ്ടുകളോ ഈടുകളോ ഇല്ലാതെയും തിരിച്ചടവിന്റെ സാധ്യത പരിശോധിക്കാതെയും കേന്ദ്ര ബാങ്ക് കടം അനുവദിച്ചു. പ്രതീക്ഷിച്ചതുപോലെ അത് തിരിച്ചടവിന് ഭംഗം നേരിട്ടു. ഇതോടെ വെപ്രാളത്തിലായ ബാങ്ക് ദുസ്സൂചനകള്‍ ലഭിച്ചതും കടങ്ങള്‍ വലിയ തുകക്ക് ഇന്‍ഷ്വര്‍ ചെയ്തു. ഇതോടെ രാജ്യത്തിന്റെ ബാധ്യത ഇരട്ടിക്കുകയും സാമ്പത്തിക അടിയന്തിരാവസ്ഥ സംജാതമാവുകയും ചെയ്യുകയായിരുന്നു. ഇത്രയും ഗുരുതരമായ ഒന്നായതിനാല്‍ തന്നെയാണ് ഇസ്‌ലാം കടത്തിന്റെ കാര്യം വലിയ വിഷയമായെടുത്തിരിക്കുന്നത്.

ഒരു സത്യവിശ്വാസി കടം വാങ്ങുമ്പോഴും കൊടുക്കുമ്പോഴും ചില നിയമങ്ങളും നിര്‍ദ്ദേശങ്ങളും പാലിക്കേണ്ടതുണ്ട് എന്ന് ഇസ്‌ലാം പറയുന്നു. കടമിടപാട് നടത്തുന്നവര്‍ക്ക് ദുന്‍യാവിലെ കലഹങ്ങളില്‍ നിന്നും പരലോകത്തെ ശിക്ഷകളില്‍ നിന്നും രക്ഷപ്പെടാനുതകുന്ന മാര്‍ഗനിര്‍ദ്ദേശങ്ങളാണ് ഇസ്‌ലാം അനുശാസിക്കുന്നത്. കടം രണ്ടു പേര്‍ തമ്മില്‍ തല്ലാനും അകലാനും കാരണമാവാതിരിക്കാന്‍ ഖുര്‍ആന്‍ പറയുന്നു: സത്യവിശ്വാസികളേ, ഒരു നിശ്ചിത അവധിവെച്ച് കൊണ്ട് നിങ്ങളന്യോന്യം വല്ല കടമിടപാടും നടത്തിയാല്‍ നിങ്ങള്‍ അത് എഴുതി വെക്കേണ്ടതാണ് (അല്‍ ബഖറ: 282). എഴുതി വെച്ചാല്‍ പിന്നെ തര്‍ക്കമുണ്ടാവില്ല.

അത്യാവശ്യമുള്ളവര്‍ക്ക് കടം വാങ്ങുന്നത് അനുവദനീയമാണെങ്കിലും തിരിച്ച് നല്‍കാന്‍ കഴിയാത്തവര്‍ക്ക് അത് അനഭിലഷണീയമാ (കറാഹത്താ)ണ്. ആഡംബരത്തിനും പൊങ്ങച്ചത്തിനും വേണ്ടി കടം വാങ്ങുന്നത് ഒരിക്കലും നീതീകരിക്കാനാവില്ല. കടമായി പണം ലഭിക്കാനിടയുണ്ട് എന്നത്‌കൊണ്ട് മാത്രം ഒരാള്‍ പണം കടമായി വാങ്ങിക്കൊള്ളണമെന്നില്ല. തന്നെയുമല്ല മറ്റു വല്ല മാര്‍ഗവുമുണ്ടെങ്കില്‍ കടം വാങ്ങാതിരിക്കുന്നതാണ് ഉത്തമം. ഒരാള്‍ തന്റെ അത്യാവശ്യത്തിന്‌വേണ്ടി തിരികെ കൊടുക്കാം എന്ന ഉദ്ദേശ്യത്തോടുകൂടി വല്ലതും വായ്പ വാങ്ങിയാല്‍ അത് വീട്ടാന്‍ അല്ലാഹു അവനെ സഹായിക്കും, ഇനി അവന് അത് വീട്ടാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും അവന്‍ കുറ്റക്കാരനാകുകയില്ല എന്ന് നബി (സ) പറഞ്ഞു (ബുഖാരി). ആത്മാര്‍ഥതയുള്ള വിശ്വാസിയെ സംബന്ധിച്ചിടത്തോളം കടം വാങ്ങുക എന്നത് അവന്റെ മനസ്സിന്റെ സ്വസ്ഥത നഷ്ടപ്പെടുത്തുന്ന കാര്യമാണ്. മാത്രമല്ല അവന്റെ സാംസ്‌കാരിക വിശുദ്ധിയെ അത് ഹനിക്കുകയും ചെയ്യും. നബി(സ) പറഞ്ഞു: നിങ്ങള്‍ നിര്‍ഭയമായ അവസ്ഥക്ക് ശേഷം സ്വമേധയാ ഭയത്തിലകപ്പെടരുത്. അതു കേട്ട സ്വഹാബികള്‍ ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, എന്താണത്? നബി(സ) പറഞ്ഞു: കടം (അഹ്മദ്). കടബാധ്യത തീര്‍ക്കാന്‍ കഴിയാത്തവന്‍ കളവ് പറയാന്‍ നിര്‍ബന്ധിതനാകും. നബി (സ) നമസ്‌കാരത്തില്‍ പാപങ്ങളില്‍ നിന്നും കടബാധ്യതകളില്‍ നിന്നും അല്ലാഹുവിനോട് രക്ഷ ചോദിച്ചിരുന്നു. ഇത് കേട്ട ഒരാള്‍ ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, എന്തിനാണ് താങ്കള്‍ കടബാധ്യതയില്‍ നിന്ന് ഇത്രയധികം രക്ഷതേടുന്നത്? അപ്പോള്‍ നബി(സ) പറഞ്ഞു: ഒരാള്‍ കടത്തിലകപ്പെട്ടാല്‍ അവന്‍ സംസാരിക്കുമ്പോള്‍ കളവ് പറയുകയും വാഗ്ദത്തം ചെയ്താല്‍ ലംഘിക്കുകയും ചെയ്യും (ബുഖാരി). അല്ലാഹുവിന്റെ മാര്‍ഗത്തില്‍ രക്തസാക്ഷിയായ ഒരാള്‍ സ്വര്‍ഗത്തിലാണെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ കടബാധ്യത അദ്ദേഹത്തിന് പോലും പൊറുക്കപ്പെടാത്തതാണ്. നബി(സ) പറഞ്ഞു: രക്തസാക്ഷിയുടെ എല്ലാ പാപവും പൊറുക്കപ്പെടും, കടം ഒഴികെ. (മുസ്‌ലിം) കടം തിരിച്ചുകൊടുക്കുന്നതില്‍ അമാന്തം കാണിക്കുന്നതിനെ അക്രമമായിട്ടാണ് ഇസ്‌ലാം കാണുന്നത്. നബി(സ) പറഞ്ഞു: പണക്കാരന്റെ അവധി നീട്ടിപ്പറയല്‍ അക്രമമാണ് (ബുഖാരി, മുസ്‌ലിം). മറ്റൊരു ഹദീസില്‍ നബി(സ) പറഞ്ഞു: നിങ്ങളില്‍ ഏറ്റവും ഉത്തമന്‍ എറ്റവും നന്നായി കടം വീട്ടുന്നവനാണ് (ബുഖാരി).കടം വാങ്ങുന്നത് പ്രോത്സാഹജനകമല്ലെങ്കിലും കടം കൊടുക്കുക എന്നത് ഇസ്‌ലാമില്‍ വളരെ പ്രതിഫലാര്‍ഹമായ സല്‍കര്‍മമാണ്്. നബി(സ) പറഞ്ഞു: ഒരു മുസ്‌ലിം മറ്റൊരു മുസ്‌ലിമിന് രണ്ട് പ്രാവശ്യം കടം കൊടുത്താല്‍ അതില്‍ ഒന്ന് സദഖയായി പരിഗണിക്കും (ഇബ്‌നുമാജ). കടം വീട്ടാന്‍ പ്രയാസപ്പെടുന്ന സാഹചര്യത്തില്‍ സമയം നീട്ടിക്കൊടുക്കുക, ഭാഗികമായോ മുഴുവനായോ ഇളവു ചെയ്തു കൊടുക്കുക തുടങ്ങിയതെല്ലാം പുണ്യപ്രവൃത്തികളായി ഇസ്‌ലാം പരിഗണിക്കുന്നു.

Test User: