X

എ.സി മൊയ്തീന്‍ എംഎല്‍എയുടെ വസതിയിലെ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ് അവസാനിച്ചു; പരിശോധന നീണ്ടത് 22 മണിക്കൂര്‍

വടക്കാഞ്ചേരി(തൃശൂര്‍): മുന്‍ മന്ത്രിയും കുന്നംകുളം എംഎല്‍എയുമായ എ.സി മൊയ്തീന്റെ വസതിയില്‍ കഴിഞ്ഞ ദിവസം ആരംഭിച്ച എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ് അവസാനിച്ചു. ഏകദേശം 22 മണിക്കൂര്‍ നീണ്ടുനിന്ന പരിശോധന പുലര്‍ച്ചെ 5.10ഓടെയാണ് അവസാനിച്ചത്. വടക്കാഞ്ചേരി തെക്കുംകരയിലെ വീട്ടില്‍ നിന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ മടങ്ങി.

തെക്കുംകര പനങ്ങാട്ടുകരയിലെ വസതിയിലും കുന്നംകുളത്തെ എം.എല്‍.എ ഓഫീസിലുമാണ് എന്‍ഫോഴ്‌സ് മെന്റ് ഡയരക്ടറേറ്റ് ഒരേ സമയം റെയ്ഡ് നടത്തിയത്. കൊച്ചിയില്‍നിന്നുള്ള 12 അംഗ സംഘം ഇന്നലെ രാവിലെ 7 മണിയോടെ മൂന്നുവാഹനങ്ങളിലായാണ് പനങ്ങാട്ടുകരയിലെ വസതിയില്‍ റെയ്ഡിന് എത്തിയത്. വനിതകളടക്കമുള്ള സായുധ സുരക്ഷാ സംഘത്തെ പുറത്തുനിര്‍ത്തി പരിശോധന ആരംഭിക്കുകയായിരുന്നു. മൊയ്തീനും, കുടുംബവും ഈ സമയം വീടിനുള്ളില്‍ ഉണ്ടായിരുന്നു. മൊയ്തീനുമായിബന്ധമുണ്ടെന്ന് ആരോപണമുള്ള പണമിടപാട് നടത്തുന്ന കോലഴി സ്വദേശി സതീഷിന്റെ വീട്ടിലും ഇ.ഡി ഉദ്യോഗസ്ഥര്‍ ഇതേസമയം പരിശോധന നടത്തി. ലോക്കല്‍ പൊലിസിനെ പോലും അറിയിക്കാതെ അതീവ രഹസ്യമായാണ് ഇ.ഡി പരിശോധനക്കെത്തിയത്.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ പരാതിക്കാരനായ സുരേഷ് അടക്കമുള്ളവരുടെ മൊഴിയില്‍ എ.സി മൊയ്തീനെതിരെ ആരോപണം ഉണ്ടായിരുന്നു. കരുവന്നൂര്‍ സഹകരണബാങ്ക് ബ്രാഞ്ച് മാനേജരായിരുന്ന ബിജു കരീമിന്റെ ഭാര്യയുടെ പേരിലുള്ള കടയുടെ ഉദ്ഘാടനം നടത്തിയതും എ.സി.മൊയ്തീനായിരുന്നുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു. മൊയ്തീനുമായി അടുത്ത ബന്ധമുള്ളവര്‍ ബാങ്കില്‍ വായ്പാ ഇടപാടു നടത്തിയെന്ന് നേരത്തെ പരാതിയുണ്ടായിരുന്നു.

കരുവന്നൂര്‍ സഹകരണ ബാങ്കില്‍ 300 കോടി രൂപയുടെ വെട്ടിപ്പു നടന്നെന്നാണ് കേസ്. ബാങ്കുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ ഇ.ഡി അന്വേഷണം നടക്കുന്നുണ്ട്. സി.പി.എം മുന്‍ ഏരിയ സെക്രട്ടറിയും മുന്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ സി.കെ ചന്ദ്രന്റെയും എ.സി മൊയ്തീന്‍ എംഎല്‍എയുടെയും പങ്ക് അന്വേഷിക്കണമെന്ന് ജയിലില്‍ കഴിയുന്ന ഒന്നാം പ്രതി ബാങ്ക് സെക്രട്ടറി ടി.ആര്‍.സുനില്‍കുമാറിന്റെ പിതാവ് രാമകൃഷ്ണന്‍ ആവശ്യപ്പെട്ടിരുന്നു. ഭരണസമിതി തീരുമാനമെടുത്തു വരുന്ന ഫയലുകളില്‍ ഒപ്പിടുക മാത്രമേ മകന്‍ ചെയ്തിട്ടുള്ളൂവെന്നായിരുന്നു രാമകൃഷ്ണന്റെ നിലപാട്.

പൊറത്തിശ്ശേരി, മാപ്രാണം സി.പി.എം ലോക്കല്‍ കമ്മിറ്റികളുടെയും ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെയും തീരുമാനപ്രകാരം വായ്പകള്‍ കൊടുക്കുക മാത്രമാണ് മകന്‍ ചെയ്തത്. രേഖകളില്ലാതെയും ഈടില്ലാതെയുമുള്ള അപേക്ഷകളില്‍ പാര്‍ട്ടി ബന്ധം മാത്രം നോക്കി വായ്പ കൊടുക്കാന്‍ തീരുമാനമെടുത്തത് ഈ നേതാക്കളുടെ അറിവോടെയാണെന്നും രാമകൃഷ്ണന്‍ ആരോപിച്ചിരുന്നു. ബാങ്ക് സെക്രട്ടറി സുനില്‍കുമാര്‍ അടക്കം എട്ട് പേരാണ് പ്രധാന പ്രതികള്‍. പ്രതികള്‍ തട്ടിച്ച പണം ഉപയോഗിച്ച് ഇടുക്കിയില്‍ റിസോര്‍ട്ട് അടക്കം നിര്‍മിച്ചിരുന്നു. കേസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും സി.പി.എം നേതാക്കള്‍ക്കും ബന്ധമുണ്ടെന്നും ആരോപണമുയര്‍ന്നിരുന്നു.
2021 ആഗസ്റ്റിലാണ് കരുവന്നൂര്‍ സഹകരണ ബാങ്കിലെ തട്ടിപ്പ് പുറത്തുവന്നത്.

webdesk11: